ഒരിടത്തു കുന്നിടിക്കൽ; അപ്പുറത്തു നികത്തൽ

Mail This Article
കാക്കനാട്∙ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികളിലേക്ക് തിരിഞ്ഞതോടെ മണ്ണെടുപ്പും പാടം നികത്തലും സജീവമായെന്ന് ആക്ഷേപം. കൊല്ലംകുടിമുകളിൽ കുന്നിടിച്ചു മണ്ണെടുക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു റവന്യു ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്ന് രേഖകൾ ഹാജരാക്കാൻ സ്ഥലമുടമക്കു നിർദേശം നൽകി. ഇൻഫോപാർക്കിനു സമീപം താഴ്ന്ന പ്ലോട്ടിൽ മണ്ണിട്ടു നികത്തുന്നതും റവന്യു ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. കൊല്ലംകുടിമുകളിൽ പ്ലോട്ടിനു ചുറ്റും ഉയരത്തിൽ മറ കെട്ടിയ ശേഷം മണ്ണെടുക്കുന്നുവെന്നാണ് പരാതി. ഇന്നലെ റവന്യു ഉദ്യോഗസ്ഥരെത്തുമ്പോൾ സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
പണി നിർത്തി വച്ച ശേഷമാണ് ഇന്നു േരഖകൾ ഹാജരാക്കാൻ നിർദേശം നൽകിയത്. ഇൻഫോപാർക്കിനു സമീപം കോടതി ഉത്തരവു പ്രകാരം സ്ഥലം നികത്തിയവർ കെട്ടിട നിർമാണ പെർമിറ്റ് എടുക്കാതെ മണ്ണടിച്ചപ്പോഴാണ് റവന്യു ഉദ്യോഗസ്ഥർ ഇടപെട്ടത്. അവധി ദിനങ്ങളിലാണ് മണ്ണെടുപ്പും സ്ഥലം നികത്തലും കൂടുതലെന്നാണ് ആക്ഷേപം. റവന്യു ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു ജോലികളിലേക്ക് തിരിഞ്ഞതോടെ പരിശോധന കുറഞ്ഞു. ഇതും മണ്ണെടുപ്പുകാർ മുതലാക്കുന്നുണ്ട്. തിരഞ്ഞെടുപ്പു ജോലിക്കൊപ്പം ഇത്തരം അനധികൃത കാര്യങ്ങൾക്കെതിരെയും നടപടി കൈക്കൊള്ളാൻ ജില്ലാ ഭരണകൂടം തഹസിൽദാർമാർക്കും വില്ലേജ് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.