സ്വകാര്യ കമ്പനിയിൽ ഡയറക്ടർ സ്ഥാനം: കബളിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേർ
Mail This Article
പെരുമ്പാവൂർ ∙ പുതുതായി തുടങ്ങുന്ന സ്വകാര്യ കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയതിന് പിടിയിലായവർ കൂടുതൽ പേരെ കബളിപ്പിച്ചു. തൃശൂർ ചെമ്പുകാവ് തെക്കേത്തറ വീട്ടിൽ ജയൻ (49), ചാലക്കുടി കാടുകുറ്റി കൈപ്പറമ്പിൽ വീട്ടിൽ ഫ്രെഡി ഫ്രാൻസിസ് (41) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടിയതറിഞ്ഞു പണം നഷ്ടപ്പെട്ട കൂടുതൽ പേർ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തി. കോട്ടപ്പടി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപയും , വേങ്ങൂർ സ്വദേശിനിയിൽ നിന്ന് 32 ലക്ഷം രൂപയും ആണ് സംഘം തട്ടിയെടുത്തത്. പ്രതികൾ എറണാകുളത്ത് പുതുതായി തുടങ്ങുന്ന ഫൈനസ്റ്റ് സ്റ്റുഡിയോ എന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനവും പങ്കാളിത്തവും നൽകാമെന്നായിരുന്നു വാഗ്ദാനം.
പ്രതികൾ സ്വന്തമായി ഇന്റീരിയർ ഡെക്കറേഷൻ സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുണ്ടെന്നു കബളിപ്പിക്കപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതു സംബന്ധിച്ച് വ്യാജരേഖകളും കാണിച്ചു. പണം മുടക്കിയിട്ടും വാഗ്ദാനം ചെയ്ത കാര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്കു പരാതി നൽകുകയായിരുന്നു. ചൈനയിൽ സ്ഥിര താമസക്കാരനാണ് ജയൻ. ഇയാൾക്കെതിരെ സമാനമായ വേറെ പരാതികളുണ്ട്. ഇൻസ്പെക്ടർ ഹണി കെ.ദാസ്, എസ്ഐമാരായ ടി.ബിജു, ശ്രീകുമാർ, സീനിയർ സിപിഒമാരായ എം.ബി സുബൈർ, അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.