പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചില ബസുകൾക്ക് കയറാൻ മടി

Mail This Article
പെരുമ്പാവൂർ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളും ഏതാനും സ്വകാര്യ ബസുകളും പ്രവേശിക്കാത്തതിനാൽ യാത്രക്കാർക്കു ദുരിതം. എല്ലാ ബസുകളും സ്റ്റാൻഡിൽ പ്രവേശിക്കണമെന്നാണ് നിയമമെങ്കിലും മിക്ക ബസുകളും പ്രവേശിക്കുന്നില്ല. ആലുവ– മൂന്നാർ റോഡരികിൽ നഗരസഭാ വക യാത്രിനിവാസ് ഷോപ്പിങ് കോംപ്ലക്സ് ഭാഗത്തായിരുന്നു മുൻപ് കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ പ്രവർത്തിച്ചിരുന്നത്.1980 കൾക്കു ശേഷം കെഎസ്ആർടിസിക്കും 90 കൾക്കു ശേഷം സ്വകാര്യ ബസുകൾക്കും പ്രത്യേകം സ്റ്റാൻഡുകൾ സ്ഥാപിച്ചു. 2 കെട്ടിട സമുച്ചയങ്ങളിൽ വിപുലമായ സൗകര്യങ്ങളോടു കൂടിയാണ് നഗരസഭാ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഇന്നും പഴയ ബസ് സ്റ്റാൻഡ് ഭാഗമായ യാത്രിനിവാസ് വഴി കടന്നു പോകുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകളുടെ ഓർഡിനറി, ഹൈറേഞ്ച് സർവീസുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കാറില്ല.
എഎം റോഡിലെ യാത്രി നിവാസിൽ നിന്നു 100 മീറ്റർ ദൂരമേ നഗരസഭാ ബസ് സ്റ്റാൻഡിലേക്കുള്ളു. എറണാകുളം ഭാഗത്തു നിന്നു നഗരത്തിലേക്ക് പ്രവേശിക്കുന്ന ബസുകൾ തിരക്കേറിയ സാൻജോ ജംക്‌ഷൻ മുതൽ യാത്രി നിവാസ് വരെയും ഇടുക്കി കോതമംഗലം ഭാഗത്തു നിന്നു വരുന്ന ബസുകൾ യാത്രി നിവാസിന് എതിർവശം പെട്രോൾ പമ്പ് മുതൽ സാൻജോ ആശുപത്രി ജംക്‌ഷൻ വരെയും റോഡരികിൽ പാർക്ക് ചെയ്യുന്നു. ആദ്യമായി നഗരത്തിൽ എത്തുന്ന യാത്രക്കാർ നഗരസഭാ സ്റ്റാൻഡിൽ കെഎസ്ആർടിസി, ഹൈറേഞ്ച് ബസുകൾക്കായി മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് യാത്രി നിവാസ് സ്റ്റാൻഡിലെത്തുന്നത്.
എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കയറി നിൽക്കാൻ പോലും സൗകര്യങ്ങളില്ല. പെട്രോൾ പമ്പിലും പരിസരങ്ങളിലും തിരക്കേറിയ റോഡരികിലും കട വരാന്തകളിലുമാണ് യാത്രക്കാർ അഭയം തേടുന്നത്. കെഎസ്ആർടിസി പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും കോതമംഗലം ഹൈറേഞ്ച് മേഖലകളിൽ നിന്നും വരുന്ന ബസുകൾ സിഗ്നൽ ജംക്‌ഷനു ശേഷം ജ്യോതി ലിങ്ക് റോഡ് വഴിയും എറണാകുളം ഭാഗത്തു നിന്നു വരുന്നവ സാൻജോ ജംക്‌ഷൻ യാത്രി നിവാസ് പി.പി. ജംക്‌ഷൻ വഴിയും സ്റ്റാൻഡിൽ പ്രവേശിക്കണമെന്നാണ് നിയമമെങ്കിലും 40 ശതമാനത്തോളം ബസുകൾ ഇതൊന്നും പാലിക്കാതെ നേരിട്ട് യാത്രിനിവാസ് പരിസരങ്ങളിലെത്തി യാത്ര തുടരുകയാണ്. പരാതികൾ സർക്കാരിനും നഗരസഭയ്ക്കും പൊലീസിനും ഗതാഗത വകുപ്പിനും കൊടുത്തിട്ടുള്ളതാണെങ്കിലും നടപടിയില്ലെന്നു പൊതുപ്രവർത്തകനായ എം.ബി.ഹംസ പറഞ്ഞു.