ചൂട് നേരത്തേയായത് മത്സ്യക്ഷാമത്തിനു കാരണമായി; വറുതിയിൽ വലഞ്ഞ് മത്സ്യത്തൊഴിലാളികൾ
Mail This Article
പള്ളുരുത്തി ∙ ഒരു മാസത്തിലേറെയായി തുടരുന്ന വറുതിയിൽ വലയുകയാണ് കൊച്ചിയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ചെല്ലാനം മിനി ഫിഷിങ് ഹാർബർ, ഫോർട്ട്കൊച്ചി കാളമുക്ക്, പുത്തൻതോട് ഫിഷിങ് ഗ്യാപ്, ബീച്ച് റോഡ് ഫിഷിങ് ഗ്യാപ് എന്നിവിടങ്ങളിലെ ഭൂരിഭാഗം വള്ളങ്ങളും കടലിൽ പോകുന്നില്ല. ഇക്കുറി ചൂട് നേരത്തേയായതു മത്സ്യക്ഷാമത്തിനു കാരണമായതായി തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് പകുതി വരെ കടലിൽ മത്സ്യമുണ്ടായിരുന്നു.ഇക്കുറി ഫെബ്രുവരി മുതൽ തന്നെ കടലിൽ നിന്ന് മീൻ അപ്രത്യക്ഷമായി. നിവർത്തികേട് കൊണ്ട് കടലിൽ പോകുന്ന വിരലിലെണ്ണാവുന്ന വള്ളങ്ങൾക്ക് ചെറിയ രീതിയിൽ മത്സ്യം ലഭിച്ചിരുന്നു.
ഇപ്പോഴതും ഇല്ലാതായി. അയലയും ചാളയും കടലിൽ തീരെയില്ല. എൽനിനോ പ്രതിഭാസമാണ് കടലിൽ മത്സ്യം കുറയുന്നതിനുള്ള അടിസ്ഥാന കാരണമെന്നു സമുദ്ര ശാസ്‌ത്രജ്‌ഞർ പറയുന്നു. ഇതിനിടെ, ചെറുമീനുകളെ പിടികൂടുന്ന മിനി ഫിഷിങ് വലിയ വള്ളങ്ങൾ ഉണ്ടാക്കുന്ന പ്രശ്നം വേറെ. രാത്രികാലങ്ങളിലാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്. ഇവരെ തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചെല്ലാനം മിനി ഹാർബർ ശൂന്യം
ഉപരിതല മീനുകളുടെ പ്രധാന കച്ചവട കേന്ദ്രമായി മാറുന്ന ചെല്ലാനം ഹാർബർ ശൂന്യമായിട്ട് ഒരു മാസം. ആലപ്പുഴ മുതൽ കൊച്ചി വരെയുള്ള നൂറുകണക്കിന് തൊഴിലാളികൾ ജോലിയെടുക്കുന്ന പ്രധാന ഹാർബറാണിത്. നിലവിൽ, വള്ളങ്ങളെല്ലാം തന്നെ ഹാർബറിൽ കെട്ടിയിട്ടിരിക്കുകയാണ്. വരുമാനമാർഗം അടഞ്ഞതോടെ പലരും മറ്റു ജോലികൾക്ക് പോയ് തുടങ്ങി. കച്ചവടക്കാരും ഇപ്പോഴിവിടേക്ക് എത്തുന്നില്ല. പശ്ചിമ കൊച്ചിയിലെ നാട്ടുചന്തകളും മീൻ തട്ടുകളും കാലിയായി.
താങ്ങാനാവാത്ത ഇന്ധന വില
ഭാരിച്ച ഇന്ധന വില മത്സ്യത്തൊഴിലാളികൾക്ക് കൂനിന്മേൽ കുരുവായി. ഒരു തവണ കടലിൽ പോയ് മടങ്ങി എത്തണമെങ്കിൽ നല്ല ചെലവ് വരും. വറുതിയായതിനാൽ തന്നെ തൊഴിലാളികൾക്ക് മത്സ്യം ലഭിക്കില്ലെന്ന് ഉറപ്പുണ്ട്. പകൽ ചൂടായാൽ അവർ രാത്രിയിലാണ് പോകുന്നത്. പക്ഷേ, പലർക്കും നിരാശയാണ് ഫലം