ADVERTISEMENT

മുളന്തുരുത്തി ∙ ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും മുളന്തുരുത്തി പഞ്ചായത്തിൽ മണ്ണെടുപ്പിനു നിയന്ത്രണം ഏർപ്പെടുത്താത്തതിൽ പ്രതിഷേധം. കെട്ടിട നിർമാണ പെർമിറ്റിന്റെ മറവിൽ വ്യാപകമായി നടക്കുന്ന മണ്ണെടുപ്പ് ഭൂഗർഭ ജലലഭ്യതയെ തന്നെ ബാധിക്കുന്ന തരത്തിലേക്കു മാറിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സമീപ പഞ്ചായത്തുകൾ മണ്ണെടുപ്പിന് നിരോധനം ഏർപ്പെടുത്തിയിട്ടും മുളന്തുരുത്തി പഞ്ചായത്ത് വിഷയം ഗൗരവത്തിലെടുക്കുന്നില്ലെന്നു മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി ആരോപിച്ചു. നാടു കടുത്ത വരൾച്ചയിലേക്കു നീങ്ങുമ്പോഴും അവശേഷിക്കുന്ന മലകൾ പോലും സംരക്ഷിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

പരിശോധിക്കണം
മുളന്തുരുത്തി പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ 1 വർഷത്തിനിടെ പഞ്ചായത്ത് സെക്രട്ടറിയുടെ കെട്ടിട നിർമാണ അനുമതിയുടെ പേരിൽ 13 ഇടങ്ങളിൽ മണ്ണെടുപ്പ് നടന്നിട്ടുണ്ട്. മുൻ വർഷങ്ങളിലും വ്യാപകമായി ഇതേ രീതിയിൽ മലകൾ നിരത്തിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലൊന്നും ഇതുവരെ നിർമാണങ്ങൾ ആരംഭിച്ചിട്ടില്ല. കെട്ടിട നിർമാണത്തിന്റെ പേരിൽ അനുമതി നേടി 2 വർഷം മുൻപ് വ്യാപകമായി മണ്ണെടുപ്പ് നടത്തിയ പുളിക്കമാലി പുല്ലമ്പാൽ മലയിലും പേരിനു പോലും നിർമാണം നടന്നിട്ടില്ല. 1.87 ഏക്കറോളം വ്യാപിച്ചു കിടന്ന മലയാണ് ഇവിടെ ഇടിച്ചു നിരത്തിയത്.

കുറഞ്ഞ നാളുകൾക്കുള്ളിൽ ഒട്ടേറെ മലകൾ പഞ്ചായത്തിൽ അപ്രത്യക്ഷമായെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതുവരെ മണ്ണെടുത്ത സ്ഥലങ്ങളിൽ നിർമാണം നടന്നിട്ടുണ്ടോയെന്നു പരിശോധന നടത്താതെയാണു രാഷ്ട്രീയ ഒത്താശയോടെ പഞ്ചായത്ത് അധികൃതർ യഥേഷ്ടം പിന്നെയും മണ്ണെടുക്കാൻ അനുമതി നൽകുന്നത്.  കെട്ടിട നിർമാണത്തിന്റെ പേരിൽ ഇതുവരെ മണ്ണെടുപ്പ് നടന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com