ഉറക്കം കെടുത്തി വെളിച്ചം കെടുന്നു; കടമക്കുടിയിൽ രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടക്കം
Mail This Article
വരാപ്പുഴ ∙ കടമക്കുടിയിൽ രാത്രി നാട്ടുകാരുടെ ഉറക്കം കെടുത്തി അപ്രതീക്ഷിത കറന്റ് കട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രി സമയങ്ങളിൽ മുന്നറിയിപ്പില്ലാതെ കടമക്കുടി ഭാഗത്തു വൈദ്യുതി തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണെന്നാണു പരാതി. കാരണമറിയാൻ വൈദ്യുതി ഓഫിസിൽ വിളിച്ചാൽ കൃത്യമായ മറുപടി ലഭിക്കാറില്ലെന്നു നാട്ടുകാരനായ റെബിൻസൻ മണവാളൻ പറഞ്ഞു. രാത്രിയിൽ ചൂടു കൂടുതലായതിനാൽ ഫാൻ ഇല്ലാതെ കിടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഇതിനിടെ വൈദ്യുതി അടിക്കടി മുടങ്ങുന്നത് ചെറിയ കുട്ടികൾക്കും രോഗികൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. മഴക്കാലത്ത് ഇവിടെ വൈദ്യുതി തടസ്സം പതിവാണ്. എന്നാൽ കാറ്റും മഴയും ഇല്ലാത്തപ്പോഴും ഇത്തരത്തിൽ വൈദ്യുതി മുടക്കുന്നതിനാൽ പ്രതിഷേധം വ്യാപകമാണ്. വരാപ്പുഴ കെഎസ്ഇബിയുടെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലൊന്നും ഇത്തരത്തിൽ അപ്രതീക്ഷിത വൈദ്യുതി തടസ്സം ഇല്ലെന്നും കടമക്കുടി നിവാസികൾ പറഞ്ഞു.