ADVERTISEMENT

കോതമംഗലം ∙ ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് കൊലക്കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 2 പേരുടെ പരസ്പര വിരുദ്ധ മൊഴികൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കസ്റ്റഡിയിലുള്ള ഒരാൾ കുറ്റസമ്മതം നടത്തിയപ്പോൾ രണ്ടാമൻ കുറ്റം സമ്മതിച്ചില്ല.

കസ്റ്റഡിയിലുള്ള 2 പേരിൽ ഒരാളെ കൊല നടന്ന വീടിന്റെ സമീപം കണ്ടതായി സാക്ഷിമൊഴിയുണ്ട്. സാറാമ്മ ഏലിയാസിന്റെ ഔട്ട്ഹൗസിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിയാണ് ഈ മൊഴി നൽകിയത്. കസ്റ്റഡിയിലുള്ള ഒരാളുടെ സ്കൂട്ടറിൽ കണ്ടെത്തിയ കത്തി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

കൊല്ലപ്പെട്ടയാളുടെ രക്തക്കറ കത്തിയിൽ കണ്ടാൽ അതു ശക്തമായ തെളിവാകും. കൊലയ്ക്കു ശേഷം കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സ്വർണം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെപ്പറ്റി പറയുന്നതിലും വൈരുധ്യമുണ്ട്. 

ഇവർ പറഞ്ഞ സ്ഥലങ്ങളിൽ പൊലീസ് പരിശോധിച്ചെങ്കിലും തൊണ്ടി മുതൽ കണ്ടെത്താൻ കഴിഞ്ഞില്ല. കസ്റ്റഡിയിലുള്ള രണ്ടുപേരും നാട്ടുകാരായതിനാൽ അവരുടെ മൊഴികളിൽ മറ്റു ചിലരുടെ പേരുകളും കടന്നുവരുന്നുണ്ട്. ഇവർ ബോധപൂർവം മറ്റുള്ളവരെ കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അന്വേഷണം ശരിയായ ദിശയിലാണു നീങ്ങുന്നതെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളും വിശദമായി രേഖപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com