ADVERTISEMENT

വൈപ്പിൻ∙ തീരക്കടലിൽ മത്സ്യലഭ്യത തീർത്തും കുറഞ്ഞതോടെ വരുമാനം നിലച്ച്  പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഇവർ കടലിൽ ഇറങ്ങിയിരുന്ന ചെറുവള്ളങ്ങൾ ഇപ്പോൾ കൂട്ടത്തോടെ കരയിൽ വിശ്രമത്തിലാണ്. കറി ആവശ്യത്തിന് ഉള്ള മീൻ  എങ്കിലും സംഘടിപ്പിക്കാൻ പലരും വീശുവലയുമായി പകൽ മുഴുവൻ തീരത്ത് അലയുന്ന സ്ഥിതിയാണ്. കടലിൽ നിന്ന് ആകെ ലഭിക്കുന്നതാവട്ടെ കൂരി മീൻ മാത്രവും. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നു രണ്ടു വള്ളങ്ങൾ ഭാഗ്യ പരീക്ഷണം എന്ന നിലയിൽ മീൻപിടിത്തത്തിന്  ഇറങ്ങിയെങ്കിലും വെറും കയ്യോടെ തിരിച്ചു വന്നുവെന്നു ചാത്തങ്ങാട് തീരത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഇവിടെ ഒട്ടേറെ വള്ളങ്ങൾ ആഴ്ചകളായി തീരത്ത് കയറ്റി വച്ചിരിക്കുകയാണ്. സ്ഥിരമായി കരയിൽ ഇരിപ്പായതോടെ  വെയിൽ ഏൽക്കാതിരിക്കാൻ  പല വള്ളങ്ങൾക്കും  മുകളിൽ  തൊഴിലാളികൾ താൽക്കാലിക തുണി മേൽക്കൂരയും സ്ഥാപിച്ചിട്ടുണ്ട്. കടലിൽ മീൻ വറുതി പുതിയ കാര്യമല്ലെങ്കിലും ഇത്രയും നാൾ തീരെ മത്സ്യം കിട്ടാതെ വരുന്ന അനുഭവം മുൻപ്  ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഈ തീരത്തേക്ക്  മത്സ്യം വാങ്ങാൻ എത്തിയിരുന്നവരും നിരാശരായി മടങ്ങുന്നു.

മത്സ്യബന്ധന ബോട്ടുകളുടെ കാര്യവും വ്യത്യസ്തമല്ല. മുനമ്പം ഹാർബറിൽ  ഭൂരിപക്ഷം ബോട്ടുകളും തീരത്ത് വിശ്രമത്തിലാണ്. കുറച്ചു ബോട്ടുകൾ മീൻ പിടിക്കാൻ ഇറങ്ങിയിരുന്നുവെങ്കിലും നഷ്ടം പതിവായതോടെ തീരത്തേക്ക് മടങ്ങി. ഈസ്റ്റർ പ്രമാണിച്ച് തമിഴ്നാട്ടുകാരായ  തൊഴിലാളികൾ ഏറെയും നാട്ടിലേക്ക് മടങ്ങും എന്നതിനാൽ ബാക്കിയുള്ള ബോട്ടുകളും വൈകാതെ ഇന്നോ നാളെയോ തീരത്തേക്ക് എത്തും. 

ഇതോടെ ഹാർബറുകൾ പൂർണമായും നിശ്ചലമാകും. ആയിരക്കണക്കിന് പേരാണ് ഇതോടെ തൊഴിൽ രഹിതരായി  മാറുക. ഈസ്റ്റർ, വിഷു വേളയിൽ  വേണ്ടത്ര മീൻ വിപണിയിൽ എത്തില്ലെന്നും ഉറപ്പായിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും ഇടയാക്കിയേക്കാം. പ്രാദേശിക തട്ടുകളിലും മറ്റും കടൽമീനുകൾ വിൽപനയ്ക്ക് ഉണ്ടെങ്കിലും കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതാണ്. ഗുണത്തിലും രുചിയിലും  ഇവ ഏറെ പിന്നിലായിരിക്കുമെങ്കിലും വാങ്ങി ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ് നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com