സാമ്പത്തിക വർഷം ഒരു ദിവസം മുൻപേ അവസാനിച്ചു; ഉറങ്ങാതെ ട്രഷറി
Mail This Article
കാക്കനാട്∙ ഇത്തവണ സാമ്പത്തിക വർഷം ഒരു ദിവസം മുൻപേ അവസാനിച്ചു. ഇന്നലെയായിരുന്നു ട്രഷറികളിലെ അവസാന സാമ്പത്തിക വർഷ ദിനം. ഇന്നാണ് 31 എങ്കിലും ഈസ്റ്ററും ഞായറും പ്രമാണിച്ചാണ് ഇന്നലെ അവസാന ദിനമായി നിശ്ചയിച്ചത്. ജില്ലാ ട്രഷറിയും സബ് ട്രഷറികളും ഇന്നലെ രാത്രി വൈകിയാണ് അടച്ചത്. ജില്ലയിലെ വിവിധ ട്രഷറികളിലായി ഇന്നലെ മാത്രം 250 കോടി രൂപയോളം മാറി നൽകിയെന്നാണ് ഏകദേശ കണക്ക്. രാത്രി 12 വരെ ട്രഷറി പ്രവർത്തിപ്പിക്കാനാണ് നിർദേശിച്ചിരുന്നതെങ്കിലും ചിലയിടങ്ങളിൽ പ്രവർത്തനം ഇന്നു പുലർച്ചെ വരെ നീണ്ടു.
ബില്ലുകൾ സ്വീകരിക്കാനും മാറി നൽകാനുമുള്ള തിരക്കായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ. ഇന്നലെ മാറിയതിൽ കൂടുതലും തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളാണ്. പല തദ്ദേശ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും നേരത്തെ തന്നെ ബില്ലുകൾ ഓൺലൈനിലൂടെ സമർപ്പിച്ചിരുന്നു. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും സാമ്പത്തികവർഷാവസാനം പ്രമാണിച്ച് ഏതാനും ദിവസമായി വൈകും വരെ ഓഫിസുകളിൽ ക്യാംപ് ചെയ്താണ് ബില്ലുകൾ തയാറാക്കി സമർപ്പിച്ചത്.