മലയാറ്റൂരിൽ വിശ്വാസികളുടെ പ്രവാഹം

Mail This Article
മലയാറ്റൂർ∙ രക്ഷകന്റെ കുരിശേറ്റത്തിന്റെ വിശുദ്ധ ദിനത്തിലെ തീർഥാടക പ്രവാഹം കുരിശുമുടിയിൽ വലിയ ശനിയും കടന്നു പ്രതീക്ഷയുടെ ഉയിർപ്പ് ഞായറിലേക്കു നീളുന്നു. വിശുദ്ധന്റെ കാൽപാദം പതിഞ്ഞ കുരിശുമുടിയിൽ തീർഥാടകർ 50 നോമ്പിന്റെ ആത്മാർപ്പണവും സമർപ്പണവും നടത്തി. മല കയറി എത്തിയവർ കുരുമുളകും എള്ളും മുതിരയും നേർച്ചയായി അർപ്പിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ട പള്ളിയിൽ പ്രാർഥനകൾ അർപ്പിച്ചു. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി. പാറയിൽ പൊട്ടി മുളച്ച സ്വർണക്കുരിശ് തൊട്ടു വണങ്ങി. വിരിപ്പാറയിലെ വിശുദ്ധന്റെ കാൽപാദം നമിച്ചു. ‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’ വിളിച്ചു മല കയറിയവർ ‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മലയിറക്കം’ വിളിച്ചു മലയിറങ്ങി.
കഴിഞ്ഞ 2 രാത്രികളിൽ കുരിശുമുടി തീർഥാടകരാൽ നിറഞ്ഞു. വാഹനങ്ങൾ കിലോമീറ്ററുകളോളം കുടുങ്ങി കിടന്നു. കുരിശുമുടി പള്ളിയിലും താഴത്തെ പള്ളിയിലും രാവിലെ മാമോദീസ വ്രത നവീകരണം, പുത്തൻ തീ, വെള്ളം വെഞ്ചരിപ്പ്, കുർബാന എന്നിവ നടന്നു. ഉയിർപ്പിന്റെ തിരുക്കർമങ്ങൾ കുരിശുമുടി പള്ളിയിൽ രാത്രി 11.45നും താഴത്തെ പള്ളിയിൽ രാത്രി 10.30നും ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ദുഃഖവെള്ളി രാത്രിയിൽ കാൽനടയായി വന്ന് കുരിശുമുടി കയറി. ജന്മനാടായ പാലയിൽ നിന്നാണ് അദ്ദേഹം നടന്നെത്തിയത്. എല്ലാ വർഷവും അദ്ദേഹം കാൽനടയായി വന്ന് കുരിശുമുടി കയറാറുണ്ട്.