ADVERTISEMENT

നെടുമ്പാശേരി ∙ മാലിന്യം നിറഞ്ഞ വേദനയോടെ വേതുചിറ. നെടുമ്പാശേരി പഞ്ചായത്തിലെ വലിയൊരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസ്സ് ആയ വേതുചിറ മാലിന്യങ്ങൾ നിറഞ്ഞ് മലിനമായിരിക്കുകയാണ്. നെടുമ്പാശേരി പഞ്ചായത്ത് നാലാം വാർഡ് മേയ്ക്കാടിനെയും അഞ്ചാം വാർ‍ഡ് ചമ്പന്നൂരിനെയും വേർതിരിക്കുന്ന അതിർത്തിയാണ് വേതുചിറ. അങ്കമാലി–മാഞ്ഞാലി തോടിന്റെ പ്രധാന കൈവഴികളിലൊന്നാണ്. മേയ്ക്കാട്–ചമ്പന്നൂർ ഭാഗത്ത് തോട് ചിറ കെട്ടി നിർത്തിയിരിക്കുകയാണ്. കൂടുതലായി ഒഴുകി വരുന്ന വെള്ളം മാത്രമാണ് കൃഷിയാവശ്യങ്ങൾക്കായി പുറത്തേക്ക് പോവുകയുള്ളൂ. ചിറ കെട്ടി നിർത്തിയിരിക്കുന്നതു മൂലം തോടിന്റെ സമീപത്തെ വീടുകളിലെ കിണറുകളിൽ എന്നും ജലസമൃദ്ധിയാണ്.

ഇപ്പോൾ വേനൽ കനത്തതോടെ തോട്ടിലെ വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. 10 മീറ്ററോളം വീതിയിൽ ശുദ്ധജലം നിറഞ്ഞൊഴുകിയിരുന്ന തോട്ടിലെ വെള്ളം ഇന്നലെ രാവിലെ മുതൽ കരിക്കട്ട നിറമായി. രൂക്ഷമായ ഗന്ധവും. പരിസരത്ത് ഒട്ടേറെ മത്സ്യങ്ങൾ ചത്തു പൊങ്ങിയിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. തോട്ടിലെ വെള്ളം മലിനമായതോടെ സമീപത്തെ കിണറുകളിലേക്കും ഈ മാലിന്യം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. സമീപ കാലത്തായി വേതുചിറയിലേക്ക് സമീപത്തെ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് രാസമാലിന്യങ്ങൾ ഒഴുക്കി വിടുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.

വിമാനത്താവള ഭാഗത്തു നിന്നുള്ള ഹോട്ടൽ, ശുചിമുറി മാലിന്യങ്ങളടക്കം തോട്ടിലൂടെ ഒഴുക്കി വിടുകയാണെന്ന് പറയുന്നു. വിമാനത്താവള പരിസരത്തു നിന്ന് കരിയാട്ടിലൂടെ ദേശീയപാത കടന്നാണ് തോട് മേയ്ക്കാട് എത്തുന്നത്. സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾക്കു പുറമേ രാത്രി കാലങ്ങളിൽ കരിയാട് ഭാഗത്ത് ദേശീയപാതയോരത്ത് തോട്ടിലേക്ക് വാഹനങ്ങളിൽ എത്തിക്കുന്ന ശുചിമുറി മാലിന്യങ്ങളും വ്യാപകമായി ഒഴുക്കുന്നുണ്ട്. ഇത് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ.

ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രതിഷേധ പരിപാടികൾ നടത്തി. ഒപ്പു ശേഖരണം നടത്തി എംഎൽഎ, കലക്ടർ, പഞ്ചായത്ത് അധികാരികൾക്കും നൽകിയെങ്കിലും നടപടി ഉണ്ടായില്ലത്രെ. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.എ.ബ്രഹ്മരാജ്, മണ്ഡലം ജനറൽ സെക്രട്ടറി വി.വി.ഷൺമുഖൻ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് പി.ഐ.ജോൺസൺ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com