ADVERTISEMENT

തൃപ്പൂണിത്തുറ ∙ ഒരിടവേളയ്ക്കു ശേഷം തൃപ്പൂണിത്തുറയിൽ മോഷ്ടാക്കൾ വീണ്ടും സജീവമാകുന്നതായി സൂചന. ഇസാഫ് ബാങ്ക് കവർച്ചയ്ക്കു പിന്നാലെ നഗരമധ്യത്തിലെ 2 വീടുകൾ കുത്തിത്തുറന്നു കവർന്നു. തൃപ്പൂണിത്തുറ മെയിൻ റോഡ് ശക്തി നഗറിൽ തട്ടിൽ ജോർജിന്റെ വീട്ടിലും കറുകച്ചാൽ സ്വദേശി രാജഗോപാലിന്റെ വീട്ടിലുമായിരുന്നു കവർച്ച. ജോർജിന്റെ വീട്ടിൽ നിന്നു 5 പവൻ ആഭരണം നഷ്ടപ്പെട്ടു. 

ജോർജ് ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിൽ പോയതിനാൽ ഭാര്യ പുതിയകാവിലുള്ള വീട്ടിലായിരുന്നു. ഇന്നലെ രാവിലെ വീട്ടു ജോലിക്കാരി എത്തിയപ്പോഴാണ് മുൻവാതിലും അടുക്കള വാതിലും തുറന്നു കിടക്കുന്നതു കണ്ടത്. അകത്തെ സെറ്റിയിൽ വാതിൽ തകർക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന പിക്കാസ്  ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നുണ്ടായിരുന്നു. 

അലമാരകളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. അടുക്കള വാതിലിലൂടെ നോക്കിയപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ വാതിലും തുറന്നിട്ട നിലയിൽ കണ്ടത്. പത്തനംതിട്ടയിലായിരുന്ന വീട്ടുടമ രാജഗോപാൽ വൈകിട്ടോടെ എത്തി പരിശോധന നടത്തിയെങ്കിലും നഷ്ടപ്പെട്ടതായി ഒന്നും കണ്ടെത്തിയില്ല. ഹിൽപാലസ് പൊലീസ് കേസെടുത്തു. ഫൊറൻസിക് സംഘം പരിശോധന നടത്തി.

‘പൊലീസ് പട്രോളിങ്  ശക്തിപ്പെടുത്തണം’: ട്രുറ
തൃപ്പൂണിത്തുറ ∙ ഇസാഫ് ബാങ്കിനു പിന്നാലെ വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്നതിൽ തൃപ്പൂണിത്തുറ രാജ നഗരി യൂണിയൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) ആശങ്ക രേഖപ്പെടുത്തി. മോഷ്ടാക്കൾ വീണ്ടും സജീവമാകുന്ന സാഹചര്യത്തിൽ നഗരസഭാ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ജനമൈത്രി യോഗം പുനരാരംഭിക്കണമെന്നും ചെയർമാൻ വി.പി. പ്രസാദ്, കൺവീനർ വി.സി. ജയേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com