മാരകമായി മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് മറ്റൊരു ബസിന്റെ അടിയിൽപെട്ടു
Mail This Article
അങ്കമാലി ∙ എംസി റോഡിൽ വേങ്ങൂർ കിടങ്ങൂർ കവലയിൽ സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. ബൈക്ക് മറ്റൊരു ബസിന്റെ അടിയിൽപ്പെട്ടു. ബൈക്കിലിടിച്ച ബസ് കാറിലും ഇടിച്ചാണു നിന്നത്. ഇന്നലെ 11.45നാണ് അപകടം.
പരുക്കേറ്റ കാക്കനാട് പൗർണമി നിവാസ് ഹരിയെ (26) ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 വാഹനങ്ങൾ അങ്കമാലിയിൽ നിന്നു കാലടിയിലേക്കു പോകുകയായിരുന്നു. അങ്കമാലി–പെരുമ്പാവൂർ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്റ്റോപ്പിൽ നിർത്തി.
പിന്നാലെ അതിവേഗത്തിലെത്തിയ അങ്കമാലി– മുളങ്കുഴി ജീസസ് ബസാണ് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ഇടിച്ചത്. ബൈക്കും ബസും നിർത്തിയിട്ടിരുന്ന ബസിനെ ഒരേസമയം മറികടക്കുന്നതിനായി വലത്തേക്കു കയറുന്നതിനിടെയാണു ബസ് ബൈക്കിലും മുന്നിലുണ്ടായിരുന്ന കാറിലും ഇടിച്ചത്.
അങ്കമാലി, കാലടി ടൗണുകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ സ്വകാര്യബസുകൾക്കു കൃത്യസമയത്ത് ഓടിയെത്താൻ കഴിയുന്നില്ലെന്ന് ഏറെ നാളുകളായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പരാതി ഉയർത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ റോഡുകളിൽ സ്വകാര്യബസുകളുടെ മത്സരയോട്ടവും പതിവായിട്ടുണ്ട്. ഇത്തരത്തിൽ കറുകുറ്റി മണിയംകുഴി മാളിയേക്കൽ റോസി (68) മരിച്ച് ഒരാഴ്ചയ്ക്കു ശേഷം കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് ഒരു ബൈക്കു യാത്രക്കാരനും പരുക്കേറ്റിരുന്നു.