കടമക്കുടിയിൽ ശുദ്ധജല ക്ഷാമം
Mail This Article
വരാപ്പുഴ ∙ വേനൽ കടുത്തതോടെ കടമക്കുടി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷമായി.കോതാട് ലക്ഷം വീട് കോളനി, നിഹാര റിസോർട്ടിന്റെ പരിസര പ്രദേശങ്ങൾ, തെക്കേയറ്റം, ചേന്നൂർ, മൂലമ്പിള്ളി, കാരിക്കാട്ട്ത്തുരുത്ത്, കണ്ടനാട് തുടങ്ങിയ ഭാഗങ്ങളിലാണു ശുദ്ധജല ക്ഷാമം അതിരൂക്ഷമായിരിക്കുന്നത്. പലരും പണം നൽകി ടാങ്കറുകളിൽ വെള്ളം എത്തിച്ചാണു പാചകം ഉൾപ്പെടെ കാര്യങ്ങൾ നടത്തുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടു പരാതി നൽകിയിട്ടും ശുദ്ധജല ക്ഷാമത്തിനു പരിഹാരം ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പമ്പിങ് സമയത്തിലും മർദത്തിലും കൃത്യത വരുത്തിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണു നാട്ടുകാർ പറയുന്നത്. എന്നാൽ ഒന്നരാടം ദിവസങ്ങളിൽ പോലും കൃത്യമായ മർദത്തിൽ ഇവിടേക്കു വെള്ളം പമ്പ് ചെയ്യുന്നില്ല. സമീപത്തുള്ള പ്രദേശങ്ങളിൽ കൃത്യമായി വെള്ളം എത്തുന്നുണ്ട്. പരാതിയുമായി ചെല്ലുന്നവരെ സാങ്കേതിക തകരാറുകൾ പറഞ്ഞു തിരികെ അയയ്ക്കുകയാണു ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
കടമക്കുടി പഞ്ചായത്തിൽ ശുദ്ധജല വിതരണത്തിനായി ആരംഭിച്ച മുപ്പത്തടം ശുദ്ധജല വിതരണ പദ്ധതിക്കായി കോടികൾ മുടക്കിയാണു പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇൗ പൈപ്പുകളിലൂടെ കൃത്യമായി വെള്ളം പമ്പ് ചെയ്യാൻ അധികൃതർക്കു ഇതുവരെ കഴിഞ്ഞിട്ടില്ല. ശുദ്ധജല വിതരണത്തിലെ പാളിച്ചകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്കു നേതൃത്വം നൽകാനാണു പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.