ADVERTISEMENT

വൈപ്പിൻ∙ കടലിൽ മത്സ്യം മരുപ്പച്ചയായി മാറുന്ന കാലം മുൻകൂട്ടിക്കണ്ട് മുനമ്പത്ത് ‘പച്ചക്കടൽ പ്രസ്ഥാനം’ അലയടിച്ചിട്ട് കാൽനൂറ്റാണ്ട് തികയുന്നു. ഒരു പക്ഷേ രാജ്യത്തിനു തന്നെ മാതൃകയായി മാറുമായിരുന്ന  ഉത്തരവാദിത്ത മത്സ്യബന്ധനം എന്ന പുതുമയാർന്ന  ആശയം  പിൽക്കാലത്ത് വിസ്മരിക്കപ്പെട്ടു  പോയെങ്കിലും ഇപ്പോഴത്തെ മീനൊഴിഞ്ഞ കടൽ തന്നെ അതിന്റെ പ്രസക്തിക്കുളള ഏറ്റവും വലിയ തെളിവാണെന്ന് പിന്നിൽ പ്രവർത്തിച്ചവർ ചൂണ്ടിക്കാട്ടുന്നു. 1950 വരെ കടലുകൾ മത്സ്യസമ്പന്നമായിരുന്നു. എന്നാൽ  ഉപജീവനത്തിനെന്നതിലുപരി പണം സമ്പാദിക്കുന്നതിനു വേണ്ടിയുള്ള വ്യാവസായിക  മത്സ്യബന്ധനം  തുടങ്ങിയതോടെ  സ്ഥിതി മാറി.

എൺപതുകളോടെ  കടലുകൾ നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ രാജ്യങ്ങൾ മത്സ്യബന്ധന ഇടപെടലിൽ നിയന്ത്രണം  വേണമെന്ന നിലപാടെടുത്തു. അതിന്റെ  അലയൊലികളായിരുന്നു  മുനമ്പത്തെ ഗ്രീൻസീസ് പ്രസ്ഥാനവും സാഗരസൗഹൃദ മത്സ്യബന്ധനം എന്ന ആശയവുമെന്ന് അതിനു ചുക്കാൻ പിടിച്ച  പള്ളിപ്പുറം  സ്വദേശി ജോസി പള്ളിപ്പറമ്പിൽ  പറയുന്നു.   തെറ്റായ മത്സ്യബന്ധന രീതികളിൽ  നിന്ന്  മത്സ്യബന്ധന രംഗത്തുള്ളവരെ  ബോധവൽക്കരണത്തിലൂടെ  പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  1999ലായിരുന്നു  തുടക്കം.

മത്സ്യങ്ങൾക്ക് മുട്ടയിടാനും  കുഞ്ഞുങ്ങൾക്ക് വളർന്നു വലുതാകാനുമുളള സാഹചര്യമൊരുക്കി കടലിന്റെ ചൈതന്യം വീണ്ടെടുക്കാൻ  മുനമ്പത്തെ മത്സ്യബന്ധന മേഖല  തീരുമാനിച്ചു. തെറ്റായ മത്സ്യബന്ധന രീതിയായ രാത്രികാല ട്രോളിങ്ങിനെതിരെ  ഗുഡ്‌ബൈ നൈറ്റ്  ട്രോളിങ്  എന്ന പേരിൽ ബോധവൽക്കരണ യജ്ഞം ആരംഭിച്ചു. മാർച്ച് ഏഴിന്  മുനമ്പത്തെ  സിൻസിയർ' എന്ന  ബോട്ടിൽ തൊഴിലാളികളും  ബോട്ടുടമകളും ചേർ‌ന്ന് കടൽ സംരക്ഷണ പ്രതിജ്ഞയെടുത്തു. ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറമാണ് പ്രതിജ്ഞാവാചകം  ചൊല്ലിക്കൊടുത്തത്. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കെ.എ.ഭാസ്കരൻ  മുനമ്പത്തെ  സാഗരസൗഹൃദ മത്സ്യബന്ധന കേന്ദ്രമായി പ്രഖ്യാപിച്ചു. 

തെറ്റായ മത്സ്യബന്ധനം  നിരുത്സാഹപ്പെടുത്തുതിനും നിരീക്ഷണങ്ങൾക്കുമായി  ഒരു നിരീക്ഷണ സമിതിയേയും ചുമതലപ്പെടുത്തി. സ്വയം നിയന്ത്രണത്തിലൂടെ മത്സ്യബന്ധനത്തിന്റെ  സംരക്ഷണം  ഉറപ്പു വരുത്തുന്ന മാതൃകാപരമായ  നിലപാട് കേരള തീരത്തെമ്പാടും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. പക്ഷേ നിർഭാഗ്യവശാൽ  കാര്യങ്ങൾ വേണ്ട രീതിയിൽ മുന്നേറിയില്ല. മുനമ്പം  അഴിമുഖത്ത്  അലതല്ലിയ കടൽപച്ചപ്പിന് അവിടെത്തന്നെ തീരത്തടിയാനായിരുന്നു  വിധി. പക്ഷേ ആ പ്രസ്ഥാനം ഉയർത്തിക്കാട്ടിയ   വിപത്തുകളാണ്  ഇന്ന് കടലിൽ മീൻവറുതി അടക്കമുള്ള  വിവിധ പ്രശ്നങ്ങളായി  ദൃശ്യമായിക്കൊണ്ടിരിക്കുന്നതെന്ന് ജോസി പള്ളിപ്പറമ്പിൽ ചൂണ്ടിക്കാട്ടുന്നു.

എങ്കിലും ഇനിയും  പ്രതീക്ഷയ്ക്ക് വകയുണ്ട്. അതിന് ഫിഷിങ് ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കപ്പെടണം.ബോട്ടുകളുടെ വലുപ്പം  75 അടിയും എൻജിൻ ശക്തി മൂന്നൂറുമായി കുറയണം. വലകളുടെ കാര്യത്തിലും ചെറുമീൻ പിടിത്തത്തിനും  നിയന്ത്രണം വേണം. അറബിക്കടലിലെ മത്സ്യബന്ധനവുമായി  ബന്ധപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക,  കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ  ഫിഷറീസ്‌ വകുപ്പുകൾ  ചേർന്ന് ഒരു കോഓർഡിനേഷൻ  കമ്മിറ്റി രൂപീകരിക്കണമെന്നും  ജോസി പള്ളിപ്പറമ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com