ചെരിപ്പുകൾ വഴികാണിച്ചു; ഹനയെ മുങ്ങിയെടുത്തു
Mail This Article
മൂവാറ്റുപുഴ∙ ആശുപത്രിയിലേക്കു കൊണ്ടുപോയ 2 പേർക്കു പുറമേ പുഴയുടെ ആഴങ്ങളിൽ ഒരു കുട്ടി കൂടിയുണ്ടെന്ന സൂചന ലഭിച്ചതു കരയിൽ അനാഥമായി കിടന്ന കുഞ്ഞു ചെരിപ്പുകളിൽ നിന്ന്. ദുരന്തം അറിഞ്ഞെത്തിയവർ ആമിനയെയും ഫർഹ ഫാത്തിമയെയും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും ഹന കയത്തിൽ മുങ്ങിപ്പോയ വിവരം ആർക്കും അറിയില്ലായിരുന്നു.
ഇവർക്കു മുൻപു കുളി കഴിഞ്ഞു മടങ്ങിയ യുവതിയോടും ബന്ധുക്കളോടും ചോദിച്ചപ്പോഴാണു ഹന ഒപ്പമുണ്ടായിരുന്നെന്നു വ്യക്തമായത്. ഇതിനൊപ്പം തന്നെ കടവിലെ ചെരിപ്പുകളും രക്ഷാപ്രവർത്തകരുടെ കണ്ണിൽത്തടഞ്ഞു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഉടൻ പുഴയിൽച്ചാടി കയത്തിൽ ചലനമില്ലാതെ കിടക്കുകയായിരുന്ന ഹനയെ വീണ്ടെടുത്ത് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടിയുടെ പൾസ് കുറവായിരുന്നതിനാൽ മൂവാറ്റുപുഴയിൽ നിന്നു കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.
വർഷങ്ങളായി പുഴയിൽ കുളിക്കുകയും അലക്കുകയും ചെയ്തിരുന്ന ആമിന പുഴയിൽ മുങ്ങി മരിച്ചുവെന്ന വാർത്ത ആർക്കും ആദ്യം വിശ്വസിക്കാനായില്ല. ഇവരെ പ്രവേശിപ്പിച്ച മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ കോളജിലും ദുരന്ത വാർത്ത അറിഞ്ഞെത്തിയ നാട്ടുകാർ തടിച്ചുകൂടി.