ADVERTISEMENT

മുവാറ്റുപുഴ∙ അരുണാചൽ സ്വദേശി അശോക് ദാസിനെ കെട്ടിയിട്ടു മർദിച്ച പ്രതികളിൽ ചിലരെ പാതിരാത്രി വീടു വളഞ്ഞാണു പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം പേർ ഇയാളെ തടഞ്ഞുവച്ച് മർദിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. പോസ്റ്റ്മോർട്ടത്തിനു ശേഷം അശോക് ദാസിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അശോക് ദാസിന്റെ ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഇവർക്കു കൈമാറുമെന്നു പൊലീസ് പറഞ്ഞു.

റൂറൽ ജില്ല പൊലീസ് ആസ്ഥ‌ാനത്തു നിന്ന് എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയാണു പരിശോധനകൾ നടത്തിയത്. വാളകം കവലയിലുള്ള ഹോട്ടലിൽ ജീവനക്കാരിയായിരുന്ന യുവതിയുടെ വാടക വീട്ടിലാണ് അശോക് എത്തിയത്. ചെറിയ ഊരകം റോഡിനു സമീപമാണു യുവതി താമസിക്കുന്നത്. ഇതേ ഹോട്ടലിൽ ചൈനീസ് കുക്ക് ആയിരുന്നു അശോക് ദാസ്.  ഇവിടെ നിന്നു പിരിഞ്ഞു പോയ ശേഷം വ്യാഴാഴ്ച യുവതിയെ കാണാനാണ് ഇയാൾ വാളകത്ത് വീണ്ടും എത്തിയത്. യുവതിക്കൊപ്പം എൽഎൽബി വിദ്യാർഥിനിയായ മറ്റൊരു യുവതിയും താമസിക്കുന്നുണ്ടായിരുന്നു. രാത്രി ഏഴോടെ യുവതി ജോലിക്കായി ഹോട്ടലിലേക്കു പോയപ്പോൾ വീട്ടിൽ നിന്നിറങ്ങിയ ഇയാൾ വീണ്ടും തിരിച്ചെത്തി.

ഈ സമയം, വീട്ടിൽ എൽഎൽബി വിദ്യാർഥിനിയായ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഭയം തോന്നിയ യുവതി ഹോട്ടലിൽ നിന്നു സുഹൃത്തായ യുവതിയെ വിളിച്ചു വരുത്തി. തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിലെ അലമാരയിലെ ചില്ലുകൾ ഇയാൾ തകർത്തു.  ഇതിനെ തുടർന്നു കയ്യിൽ മുറിവുണ്ടാകുകയും വീട്ടിൽ നിന്നിറങ്ങുകയും ചെയ്തുവെന്നാണു യുവതികൾ മൊഴി നൽകിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

ഇവിടെ നിന്നു മടങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ ഇയാളെ സമീപമുള്ള വീട്ടിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. കൂടുതൽ പേർ എത്തിയതോടെ ഭയന്നോടിയ അശോകിനെ ഇവർ ഓടിച്ചിട്ടു പിടികൂടി കൈകൾ പ‌ിന്നിലാക്കി ഇരുമ്പു തൂണിൽ കെട്ടിയിടുകയായിരുന്നു. പൊലീസ് വിവരം അറിഞ്ഞ് എത്തിയപ്പോഴേക്കും അശോക് ദാസ് മർദനമേറ്റും കയ്യിൽ നിന്നു രക്തം വാർന്നു പോയും അവശനായിരുന്നു. പൊലീസ് അശോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com