ആവേശത്തിരയിളക്കി 13 എഡി; എസ്എച്ച് കോളജ് ലേക്ക് വ്യൂ ഗ്രൗണ്ടിൽ 13 എഡിയുടെ പ്രകടനം

Mail This Article
കൊച്ചി ∙ കൊച്ചിയെ ആവേശത്തിലാക്കി ആ പേര് സ്ക്രീനിൽ തെളിഞ്ഞു– 13 എഡി. ആ നിമിഷം എസ്എച്ച് കോളജ് ലേക്ക് വ്യൂ ഗ്രൗണ്ടിൽ മുഴങ്ങിയതാകെ സംഗീതാരവം. പോയ കാലത്തെ റോക്ക് സംഗീതപ്പെരുമയുടെ ആവേശം വീണ്ടും മുഴങ്ങിയപ്പോൾ എല്ലാ പ്രായത്തിലുമുള്ള ആസ്വാദകരും അതിനൊപ്പമെത്തി. എൺപതുകളിലും തൊണ്ണൂറുകളിലും സംഗീത പ്രേമികളുടെ ആവേശമായിരുന്ന റോക്ക് ബാൻഡ് ‘13 എഡി’യാണ് പതിറ്റാണ്ടുകൾക്കു ശേഷം ചരിത്രം കുറിച്ചത്. ഇന്നലെ ആ ആവേശത്തിനു മുഖ്യ ഗായക ശബ്ദമായി ജോർജ് പീറ്റർ മുന്നിൽ നിന്നു. 1992–96 കാലഘട്ടത്തിൽ നിന്ന് 2024ലേക്കു വന്നപ്പോൾ ആവേശത്തീ പടർത്തിയാണു ബാൻഡ് വേദിയിലെത്തിയത്.
13 എഡിയുടെ മുൻകാല ഹിറ്റ് ആൽബങ്ങളായ ഗ്രൗണ്ട് സീറോയിലെയും ടഫ് ഓൺദ് സ്ട്രീറ്റ്സിലെയും 10 പാട്ടുകൾ വീണ്ടും കേട്ടപ്പോൾ സദസ്സ് കാലം മറന്നു. ബാൻഡിന്റെ ആരാധകൻ കൂടിയായ സംഗീത സംവിധായകൻ ദീപക് ദേവ് ചിട്ടപ്പെടുത്തിയ ‘നത്തിങ് ഹാസ് ചേഞ്ച്ഡ്’ ആദ്യമായാണ് ബാൻഡ് പൊതുവേദിയിൽ അവതരിപ്പിച്ചത്. എലോയ് ഐസക്, പോളി, ജാക്സൺ അരൂജ, പിൻസൻ കൊറിയ എന്നിവർ വാദ്യങ്ങളുമായി വീണ്ടും തരംഗമായപ്പോൾ അതിഥി ഡ്രമ്മറായി പിൻസന്റെ അനന്തരവൻ ഫ്ലോയിഡ് ലിബേറയുമെത്തി. പിൻസൻ ഡ്രമ്മറായി വന്നപ്പോൾ മുൻ ആരാധകർക്ക് അതു നൊസ്റ്റാൾജിയ ആയി. 1977ൽ ആയിരുന്നു 13 എഡി ആദ്യ കൺസേർട്ട് നടത്തിയത്. പിന്നെയതു പല കാലങ്ങളിൽ പലരിലൂടെ ആളിപ്പടർന്ന് റോക്ക് സംഗീതത്തിന്റെ ഇന്ത്യൻ മുഖമായിമാറി.