ADVERTISEMENT

അരൂർ ∙ മത്സ്യക്കൃഷികഴിഞ്ഞ പൊക്കാളി പാടങ്ങളിൽ വിരുന്നുകാർ എത്തിത്തുടങ്ങി. എഴുപുന്ന, ചങ്ങരം, ചെമ്പകശേരി പാടശേഖരങ്ങളിലാണ് വിവിധയിനം വർണപ്പക്ഷികൾ എത്തുന്നത്. പാടങ്ങളിൽ വെള്ളം വറ്റിത്തുടങ്ങിയതോടെ മീനുകൾ കൊത്തിയെടുക്കാൻ കിലോമീറ്ററുകൾ താണ്ടി വിവിധ രാജ്യങ്ങളിൽ നിന്നായി പക്ഷികൾ മേഖലയിൽ എത്തുന്നത്. എഴുപുന്ന പുത്തൻകരി പാടശേഖരത്തിൽ ഇന്നലെ സ്പൂൺ ബിൽ, പെലിക്കൻ, വർണകൊക്കുകൾ എന്നിവ കൂട്ടത്തോടെ എത്തി.വിവിധ ഭാഗങ്ങളിൽനിന്ന് പ്രകൃതിയെയും പക്ഷികളെയും സ്നേഹിക്കുന്നവരെത്തുന്ന ഇടമായി എഴുപുന്നയും ചങ്ങരവും മാറുകയാണ്. കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പൊക്കാളിപ്പാടങ്ങൾ ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമായി മാറിയിട്ട് വർഷങ്ങൾ ഏറെയായി. വിദേശങ്ങളിൽനിന്നുപോലും ധാരാളം പക്ഷിപ്രേമികൾ ചങ്ങരം പാടങ്ങളിൽ എത്തുന്നുണ്ട്.

ബേഡ്സ് എഴുപുന്ന
215 ഇനത്തിൽപെട്ട പക്ഷികൾ വിവിധ കാലങ്ങളിൽ ദേശാടനം നടത്തി വിവിധ രാജ്യങ്ങളിൽനിന്ന് ചങ്ങരത്ത് പറന്നിറങ്ങുന്നുണ്ടെന്ന് വർഷങ്ങളിലെ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം 'ബേഡ്സ് എഴുപുന്ന' പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. 2014ലാണ് ജില്ലയിലെ പ്രകൃതി സ്നേഹികളെ മാത്രം ഉൾപ്പെടുത്തി ഈ സംഘടന രൂപീകരിച്ചത്. ഇവരുടെ ഇടപെടലിലൂടെയാണ് തോക്കിനിരയാകുന്ന പക്ഷികളെ സംരക്ഷിക്കാനായത്. വരുന്ന പക്ഷികളുടെ ദേശവും കാലവും മാത്രമല്ല, പക്ഷികളെക്കുറിച്ച് സമസ്ത കാര്യങ്ങളും അറിയാൻ ഇവർ ശ്രമിക്കുന്നു. 

ചങ്ങരം പാടശേഖരം അപൂർവ പക്ഷി സങ്കേതമാക്കി വികസിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി. വിശാലമായ പൊക്കാളിപ്പാടങ്ങളിൽ പറന്നിറങ്ങുന്ന ദേശാടനപക്ഷികളെ ആകർഷിക്കുന്നത് അധികം അകലെയല്ലാതെ അലയടിക്കുന്ന കടലിന്റെ സാന്നിധ്യമാണ്. കടൽപക്ഷികളും ഇവിടെ ചേക്കേറാറുണ്ട്. വരി എരണ്ട,പട്ടവാലൻ സ്നാപ്പ്, പുള്ളിച്ചുണ്ടൻ താറാവ്, പവിഴക്കാലി, തവിട്ടു തലയൻ കടൽക്കാക്ക, ചട്ടുകൊക്കൻ, പച്ചക്കാലി, പുള്ളിച്ചുണ്ടൻ കൊതുമ്പനം എന്നീ പക്ഷിയിനങ്ങളും ഇവി‌ടെ എത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com