ADVERTISEMENT

അങ്കമാലി ∙ യാത്രക്കാരി കയറുന്നതിനു മുൻപേ സ്വകാര്യ ബസ് മുന്നോട്ടെടുത്തു. ബസിന്റെ മുൻവശത്തെ ചവിട്ടുപടിയിൽ നിന്നു താഴെ വീണ യാത്രക്കാരിയുടെ കാലുകളിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. പെരുമ്പാവൂർ തുരുത്തി കുട്ടാടൻ ആനി പീറ്റർക്കാണു (68) ഗുരുതരമായി പരുക്കേറ്റത്.  ഇന്നലെ ഉച്ചയ്ക്കു ശേഷം 2.15ന് ദേശീയപാതയിൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിനു സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം.ഇരുകാലുകളുടെയും മുട്ടിനു താഴെയാണു പരുക്ക്. വലതുകാലിനു ഗുരുതരമായി പരുക്കുണ്ട്. 

അങ്കമാലി– പെരുമ്പാവൂർ റൂട്ടിലോടുന്ന സീസൺ ബസിൽ നിന്നാണു യാത്രക്കാരി താഴെ വീണത്. മുൻഭാഗത്ത് അ‌ടച്ചുതുറക്കുന്ന വാതിൽ ഉണ്ടായിരുന്നില്ല. അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട ബസിൽ പെരുമ്പാവൂരിലേക്കു പോകുന്നതിനാണു ആനി കയറിയത്.  രണ്ട‌ാമത്തെ ചവിട്ടുപടിയിലേക്കു കാലെടുത്ത് വയ്ക്കുമ്പോഴേക്കും ബെല്ലടിക്കുകയും ബസ് മുന്നോട്ട് എടുക്കുകയും ചെയ്തു. ബസിന്റെ അകത്തു പിടിച്ചു നിൽക്കാനുള്ള കമ്പികളിലൊന്നും പിടികിട്ടാതെ ചവിട്ടുപടിയിൽ നിന്നു താഴെ വീണ യാത്രക്കാരിയുടെ ഇരുകാലുകളിലൂടെയും ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. 

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയ്ക്കു കൂട്ടിരിക്കുന്നതിനായി എത്തിയതാണ് ആനി. ആശുപത്രിയിയിൽ നിന്ന് ആനി തുരുത്തിയിലെ വീട്ടിലേക്കു പോകാനായി ബസിൽ കയറുന്നതിനിടെയാണ് അപകടം. ആനിയെ ബസ് കയറ്റി വിടാനെത്തിയ സഹോദരൻ വർഗീസ് നോക്കി നിൽക്കെയായിരുന്നു അപകടം. പരുക്കേറ്റ യാത്രക്കാരിയെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com