ADVERTISEMENT

കളമശേരി ∙ ഏലൂർ പാതാളം റഗുലേറ്റർ പാലത്തിനു താഴെ പുഴയുടെ മേൽത്തട്ടിൽ പെരിയാർ വൻതോതിൽ മാലിന്യം നിറഞ്ഞ നിലയിൽ. ശുദ്ധജലം വഹിക്കുന്ന മേൽത്തട്ട് ഭാഗത്തു പലയിടത്തും പുഴയുടെ നിറം കറുത്തും ചിലഭാഗത്തു മറ്റു നിറങ്ങളിലുമാണ്. പുഴയിൽ നിന്നു ദുർഗന്ധവും പരക്കുന്നു. വേനൽക്കാലമായതിനാൽ റഗുലേറ്റർ പാലത്തിലെ ഷട്ടറുകൾ അടച്ചിട്ടിരിക്കുകയാണ്. രണ്ടും മൂന്നും ആഴ്ച കൂടുമ്പോൾ ഒന്നോ രണ്ടോ ഷട്ടറുകൾ തുറന്നു വെള്ളം താഴോട്ടൊഴുക്കി ജലനിരപ്പ് ക്രമീകരിക്കുകയാണ് ചെയ്യുന്നത്.

കൂടാതെ, പെരിയാറിൽ നിന്നു ശുദ്ധജലം സ്വീകരിക്കുന്ന റിഫൈനറി പോലുള്ള സ്ഥാപനങ്ങൾ മാലിന്യം വർധിക്കുന്നതു ചൂണ്ടിക്കാട്ടുമ്പോഴും ഷട്ടറുകൾ തുറന്നു കെട്ടിക്കിടക്കുന്ന മലിനജലം ഇറിഗേഷൻ വകുപ്പ് ഒഴുക്കിക്കളയും. എപ്പോഴോക്കെ ഷട്ടറുകൾ തുറന്നിട്ടുണ്ടോ അപ്പോഴെല്ലാം പെരിയാറിന്റെ താഴേത്തട്ടിൽ വൻതോതിൽ മത്സ്യക്കുരുതി നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തുറന്നുവിട്ടപ്പോൾ വരാപ്പുഴ ഭാഗത്ത് മത്സ്യക്കുരുതി നടന്നു.

പെരിയാറിലേക്കു മാലിന്യം ഒഴുക്കിവിടുന്നതു തടയാനൊ മത്സ്യക്കുരുതിക്കു പരിഹാരം കാണാനൊ മലിനീകരണ നിയന്ത്രണ ബോർഡ‍ോ ഇറിഗേഷൻ വകുപ്പോ തയാറാവുന്നില്ല. പെരിയാറിൽ നിന്നു പരിശോധനക്ക് ജലത്തിന്റെ സാംപിളുകൾ ശേഖരിക്കുമെങ്കിലും അവയുടെ പരിശോധനാഫലം മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിടുന്നില്ല. ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥരാരും പെരിയാർ സന്ദർശിക്കാറുമില്ല. പെരിയാറിന്റെ സംരക്ഷത്തിനു തയാറാക്കിയ ആക്‌ഷൻ പ്ലാനുകളും നടപ്പിലാക്കുന്നില്ല.

പെരിയാറിന്റെ എടയാർ തീരത്ത്, റഗുലേറ്റർ പാലത്തിന്റെ അടച്ചിട്ടിരിക്കുന്ന ലോക്ക്ഷട്ടറിനടിയിലൂടെ വൻതോതിൽ മാലിന്യം ചോരുന്നതു എപ്പോഴും കാണാം. ഈ ചോർച്ചയുടെ ഉറവിടം കണ്ടെത്തി പരിഹരിക്കുന്നതിനു തുക ആവശ്യപ്പെട്ടു ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും പണം അനുവദിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com