ADVERTISEMENT

വരാപ്പുഴ ∙ ദേശീയപാതയോരത്തെ നിരീക്ഷണ ക്യാമറകൾ ദിശമാറ്റി തിരിച്ചുവച്ച ശേഷം വലിയ ലോറികൾ, ബസുകൾ എന്നിവയിൽ നിന്നു വിലകൂടിയ ബാറ്ററികൾ മോഷ്ടിച്ചു. 3 മാസങ്ങൾക്കിടയിൽ ഇരുപതിലധികം വാഹനങ്ങളിൽ മോഷണം നടന്നു. ചേരാനല്ലൂർ, വരാപ്പുഴ സ്റ്റേഷൻ പരിധിയിൽ ദേശീയപാതയുടെ നിർമാണത്തിനു കൊണ്ടുവന്ന ടോറസ് ലോറികളുടെ പുതിയ ബാറ്ററികൾ അടക്കം മോഷ്ടിച്ചു. 30,000 രൂപ വരെ വില വരുന്ന ബാറ്ററികളും നഷ്ടപ്പെട്ടിട്ടുണ്ട്. സൈക്കിൾ മോഷണക്കേസുകളും പുതുതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ദേശീയപാതയോരത്തു പാർക്ക് ചെയ്യുന്ന വാഹനങ്ങളാണു മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്. കാറുകളിൽ നിന്നടക്കം ഇന്ധനവും മോഷ്ടിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില വാഹനങ്ങളുടെ വിലകൂടിയ ലൈറ്റുകളും നഷ്ടപ്പെട്ടു. ദേശീയപാത നിർമാണത്തിനായി എത്തിച്ച ടോറസ് ലോറികൾ കൂട്ടമായി പാർക്ക് ചെയ്തിരുന്ന കൂനമ്മാവ് മേസ്തിരിപ്പടി ഭാഗത്താണ് ഇന്ധന മോഷണവും ബാറ്ററി മോഷണവും ആദ്യഘട്ടത്തിൽ നടന്നത്. ഇവിടെ പാർക്ക് ചെയ്ത ടോറസുകളിൽ നിന്നു ഒരേ ദിവസം എട്ട് വലിയ ബാറ്ററികളാണ് ആദ്യം മോഷ്ടിച്ചത്. നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കളെ കുറിച്ചു കൃത്യമായ വിവരങ്ങൾ ക്യാമറയിൽ നിന്നു ലഭിച്ചില്ല.

ഇതോടെ വാഹന മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കൂനമ്മാവ് മേഖലയിൽ ബാറ്ററി മോഷണം കുറഞ്ഞു. എന്നാൽ കൂനമ്മാവിൽ പാർക്ക് ചെയ്യുന്ന സൈക്കിൾ മോഷ്ടിച്ചതായി രണ്ടാഴ്ച മുൻപ് പരാതി ലഭിച്ചു. മണ്ണംതുരുത്ത് ഫെറിക്കു സമീപം പാർക്ക് ചെയ്തിരുന്ന ബസിൽ നിന്നാണു ബാറ്ററി മോഷ്ടിച്ചത്. പിന്നീട് വരാപ്പുഴ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിലെ ബാറ്ററിയും മോഷ്ടിച്ചു. ഇവിടെയും മോഷ്ടാക്കൾ നിരീക്ഷണ ക്യാമറയുടെ ദിശ മാറ്റിയിരുന്നു. മുപ്പത്തടം റൂട്ടിലോടുന്ന രണ്ടു ബസുകളുടെ ബാറ്ററികളും നഷ്ടപ്പെട്ടു. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മോഷണം തടയാനും രാത്രി സുരക്ഷ ഉറപ്പാക്കാനും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com