ദേശീയപാതയിൽ അപകട ഭീഷണി ഉയർത്തി ‘യൂട്ടിലിറ്റി ഡക്ട്’ നിർമാണം; വണ്ടികൾ കാനയിൽ വീഴുന്നു

Mail This Article
കോലഞ്ചേരി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ‘യൂട്ടിലിറ്റി ഡക്ട്’ നിർമാണം അപകട ഭീഷണി ഉയർത്തുന്നു. വീതി കുറഞ്ഞ ദേശീയപാതയിൽ സുരക്ഷാ മുൻകരുതൽ എടുക്കാതെ കാന നിർമിക്കുന്നതിനാൽ പലപ്പോഴും വണ്ടികൾ കാനയിൽ വീഴുന്നു. ഇന്നലെ കടമറ്റം വായനശാലക്കു സമീപം ലോറിയുമായി ഉരസിയ കാർ കാനയിൽ വീണു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീക്കു പരുക്കേറ്റു. വരിക്കോലി, മറ്റക്കുഴി ഭാഗങ്ങളിലും മുൻപ് കാനയിൽ വാഹനം വീണിരുന്നു. ദേശീയപാതയിൽ ടാറിങ്ങിനോടു ചേർന്നാണ് കാന നിർമിക്കുന്നത്.
അതിനാൽ 2 വാഹനങ്ങൾ ഒരേ സമയം കടന്നു പോകാൻ കഴിയാത്ത നിലയാണ് ഇപ്പോഴുള്ളത്. വാഹനങ്ങൾ കാനയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പായി റിബൺ വലിച്ചു കെട്ടിയിട്ടുണ്ടെങ്കിലും അപകടത്തെ പ്രതിരോധിക്കാൻ അതു പര്യാപ്തമല്ല. പാതയുടെ നിലവിലുള്ള വീതി പോലും പുനർ നിർമാണത്തിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. പാതയോരത്തെ ചില മരങ്ങൾ വെട്ടി മാറ്റിയെങ്കിലും ചിലത് അപകട ഭീഷണി ഉയർത്തി നിൽക്കുന്നു. ഇവ വെട്ടി മാറ്റിയാൽ റോഡിന് കൂടുതൽ വീതി ലഭിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.