ADVERTISEMENT

വൈപ്പിൻ∙ കടൽക്കാറ്റിന്റെ ഉപ്പുനീറ്റലുള്ള ചൂടുണ്ട് തീരവാസികളുടെ പ്രശ്നങ്ങൾക്ക്. എടവനക്കാട് അണിയിൽ കടപ്പുറത്തെ പുലിമുട്ടിനു സമീപം 7 പേർ വോട്ട് ചർച്ചയ്ക്കു ഒത്തു ചേർന്നപ്പോൾ ഉയർന്നതും ആ ചൂടു കാറ്റുതന്നെ.  സിആർസെഡ് ആക്‌ഷൻ കൗൺസിൽ സെക്രട്ടറി ജോസഫ് ബേസിൽ, എടവനക്കാട് അരയ മഹാജനസഭ സെക്രട്ടറി എ.ആർ.സുധി, വ്യാപാരി വ്യവസായി സമിതി ഭാരവാഹി ടോമി മണ്ടോത്ത്, സാമൂഹിക പ്രവർത്തകനായ സുപ്രി കാട്ടുപറമ്പിൽ, നായരമ്പലം സെന്റ് ജോർജ് കാത്തലിക് ഫ്രണ്ട്സ് ഭാരവാഹി ജോയ് അറക്കൽ, ഇക്ബാൽ സ്മാരക വായനശാല വൈസ് പ്രസിഡന്റ് ദാസ് കോമത്ത്, മത്സ്യത്തൊഴിലാളി എ.ഡി.രാജു എന്നിവരാണു വോട്ടു ചർച്ചയ്ക്കായി വട്ടമിട്ടത്. 

തീരവാസികളുടെ വീട് എന്ന സ്വപ്നത്തിനു തടയിടുന്ന തീര പരിപാലന നിയമത്തെ കുറിച്ചാണു ജോസഫ് ബേസിലിന് പറയാനുണ്ടായിരുന്നത്. നിയമത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവ് അനുവദിക്കാൻ തയാറായാൽ തന്നെ പ്രശ്നങ്ങൾ കുറച്ചൊക്കെ പരിഹരിക്കപ്പെടും. പക്ഷേ, ഉദ്യോഗസ്ഥർ തയാറാകുന്നില്ല. കായലോര റോഡിനെ കുറിച്ചാണു നെടുങ്ങാട് ദ്വീപ് നിവാസി കൂടിയായ ടോമി മണ്ടോത്തിന്റെ പരാതി. ഒഴിപ്പിക്കൽ കാര്യമായി വേണ്ടിവരില്ല. ഇത്തരമൊരു റോഡ് വിനോദസഞ്ചാരികളെയും ആകർഷിക്കും.കായലോര റോഡിന്റെ മറ്റൊരു പ്രയോജനം സുപ്രി കാട്ടുപറമ്പിൽ ചൂണ്ടിക്കാട്ടി. 

വേലിയേറ്റ വെള്ളപ്പൊക്കം പ്രതിരോധിക്കാനും കായലോര റോഡിന് കഴിയും. 25 കിലോമീറ്റർ നീളത്തിൽ കടൽത്തീരത്ത് ഇതുവരെ ഒരു മിനി ഹാർബർ പോലുമില്ലെന്നു എ.ആർ.സുധിയുടെ ചോദ്യം. പലയിടത്തും 50 മീറ്റർ നീളത്തിലാണു പുലിമുട്ട് നിർമാണം. ബസ് റൂട്ട് ഉണ്ടായിരുന്ന തീരദേശ റോഡ് മണൽ മൂടി കിടക്കുകയാണെന്നു ദാസ് കോമത്ത് ചൂണ്ടിക്കാട്ടി. തീര സംരക്ഷണത്തിനു ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് ജോയ് അറക്കൽ പങ്കുവച്ചത്. തീരദേശവാസികളുടെ ദുരിതങ്ങളിലേക്ക് ജനപ്രതിനിധികൾ എത്തി നോക്കാത്തതിലുള്ള പ്രതിഷേധമാണ് എ.ഡി.രാജുവിന് പറയാനുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com