ADVERTISEMENT

കൊച്ചി∙ ബിഹാറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ കാറോടിച്ച് എറണാകുളത്തെത്തി സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന് അതേ കാറിൽ കടന്ന പ്രതി 15 മണിക്കൂറിനുള്ളിൽ അറസ്റ്റിൽ. ‘ബിഹാറിന്റെ റോബിൻഹുഡ്’ എന്ന പേരിൽ കുപ്രസിദ്ധനായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെയാണു (37) കർണാടക ഉഡുപ്പിയിലെ കോട്ടയിൽ നിന്ന് ഉഡുപ്പി പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ പൂർണമായും പ്രതിയിൽ നിന്നു വീണ്ടെടുത്തതായാണു വിവരം.

മോഷണം നടന്നതിനു ശേഷമുള്ള സുവർണ മണിക്കൂറുകൾ (കുറ്റാന്വേഷണത്തിൽ ഗോൾഡൻ അവേഴ്സ് എന്നറിയപ്പെടുന്ന ആദ്യ മണിക്കൂറുകൾ) പാഴാക്കാതെ കൊച്ചി സിറ്റി പൊലീസിന്റെ മുഴുവൻ സംവിധാനവും ഉപയോഗപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ രംഗത്തിറങ്ങി നടത്തിയ ഊർജിത അന്വേഷണത്തിലാണു ഹൈടെക് കള്ളൻ കുടുങ്ങിയത്. ആളുകളുള്ള വീടുകളിൽ കയറി ആരുമറിയാതെ മോഷണം നടത്തുന്നതിൽ അതിവിദഗ്ധനാണു മുഹമ്മദ് ഇർഫാൻ.

ശനിയാഴ്ച പുലർച്ചെ 1.30നും രണ്ടിനും ഇടയിലാണ് എറണാകുളം പനമ്പിള്ളിനഗർ 10 ബി ക്രോസ് റോഡ് 10 ബിയിലുള്ള ജോഷിയുടെ വസതിയിൽ മോഷണം നടന്നത്. ശനിയാഴ്ച വൈകിട്ട് 5ന് തന്നെ പ്രതി പൊലീസിന്റെ വലയിലായി. ജോഷിയുടെ വീട്ടിലും സമീപത്തുമുള്ള സിസിടിവികളിൽ നിന്നു പ്രതിയുടെയും ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സംഭവസമയത്തു സംഭവസ്ഥലത്തുണ്ടായിരുന്നതും പിന്നീടു ജില്ലയ്ക്കു പുറത്തേക്കു പോയതുമായ മൊബൈൽ ഫോണുകളുടെ വിവരങ്ങൾ കൂടി ലഭിച്ചതോടെ പ്രതിയിലേക്കെത്തിയ പൊലീസ് ഇയാൾ ഉഡുപ്പിക്കു സമീപമുണ്ടെന്നും കണ്ടെത്തി.

1.പ്രതി മുഹമ്മദ് ഇർഫാനിൽ നിന്ന് പിടിച്ചെടുത്ത കാറും തൊണ്ടിമുതലുകളുമായി ഉഡുപ്പി കോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.  
2.മുഹമ്മദ്
ഇർഫാൻ.
1.പ്രതി മുഹമ്മദ് ഇർഫാനിൽ നിന്ന് പിടിച്ചെടുത്ത കാറും തൊണ്ടിമുതലുകളുമായി ഉഡുപ്പി കോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. 2.മുഹമ്മദ് ഇർഫാൻ.

വഴിയിലെ പൊലീസ് പരിശോധന ഒഴിവാക്കാൻ കാറിന്റെ മുന്നിൽ ‘അധ്യക്ഷ്, ജില്ലാ പരിഷത്’ എന്നെഴുതിയ ചുവന്ന ബോർഡ് പ്രതി സ്ഥാപിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. ഈ വിവരങ്ങളെല്ലാം ഉടനടി ഉഡുപ്പി പൊലീസിനു കൈമാറുകയും ചെയ്തു. പ്രതി ഉഡുപ്പിയിൽ നിന്ന് കുന്ദാപുര ഭാഗത്തേക്കു ഓടിച്ചു വന്ന കാർ കോട്ട പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോയി. തുടർന്ന് 4 കിലോമീറ്ററോളം സാഹസികമായി പിൻതുടർന്നാണു പ്രതിയെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലെടുത്തത്.

വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കർണാടക പൊലീസ് ആക്ട് 98 പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. ഇന്നലെ രാവിലെ തൊണ്ടിമുതലുകൾ ഉൾപ്പെടെ പ്രതിയെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്കു കൈമാറി. മൊബൈൽ ഫോണുകൾ, വാച്ചുകൾ, മോഷണ ഉപകരണങ്ങൾ തുടങ്ങി 74 സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുമായി സൗത്ത് പൊലീസ് ഇന്നലെ വൈകിട്ട് ഏഴോടെ കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ട്.

അന്വേഷണസംഘത്തലവനായ എറണാകുളം എസിപി പി.രാജ്കുമാറിനു മുൻപാകെ ഇന്നു രാവിലെ 10ന് പ്രതിയെ ഹാജരാക്കും. വെള്ളിയാഴ്ച വിമാനമാർഗം കൊച്ചിയിലെത്തി ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ നിന്ന് ആഭരണം കവർന്ന ഇതരസംസ്ഥാനക്കാരായ 4 പേരെ ഇന്നലെ തൃശൂരിൽ നിന്നു പിടികൂടാനായതും സിറ്റി പൊലീസിന് അഭിമാന നേട്ടമായി.

കേരള പൊലീസിന‌്  അഭിമാന നിമിഷം കുതിച്ചു പാഞ്ഞ പ്രതിക്ക് ഒരു മുഴം മുൻപേ പൊലീസ്
കൊച്ചി∙ സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം പൊലീസ് അറിയുന്നതു രാവിലെ ആറോടെയാണ്. അര മണിക്കൂറിനുള്ളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി. പൊലീസ് നിരീക്ഷണം ഏറ്റവും ശക്തമായ പാർപ്പിട മേഖലയിൽ പ്രമുഖ സംവിധായകന്റെ വീട്ടിൽ മോഷണം നടന്നതു ക്ഷീണമായെങ്കിലും മിനിറ്റുകൾക്കുള്ളിൽ പൊലീസ് സംവിധാനം ഒന്നടങ്കം സടകുടഞ്ഞുണർന്നു. കുറ്റകൃത്യത്തിനു ശേഷവുമുള്ള ആദ്യ മണിക്കൂറുകളിലെ പ്രവർത്തനങ്ങൾ നിർണായകമായതിനാൽ ഒരു മിനിറ്റു പോലും പാഴാക്കാതെയായിരുന്നു നീക്കങ്ങൾ.

എറണാകുളം എസിപി പി.രാജ്കുമാറിനായിരുന്നു അന്വേഷണത്തിന്റെ ഏകോപനം. കമ്മിഷണറും ഡിസിപിയുമുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഓരോ മണിക്കൂറിലും പുതിയ വിവരങ്ങൾ തേടിയും വേണ്ട മാർഗനിർദേശങ്ങൾ നൽകിയും ഒപ്പം നിന്നു. എറണാകുളം എസിപിയുടെ സ്ക്വാഡും സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെയും ഇൻസ്പെക്ടർമാരും എസ്ഐമാരും പൊലീസുകാരും ഉൾപ്പെടെ ഊർജിതമായി രംഗത്തിറങ്ങി. പ്രതിയുടെ ദൃശ്യങ്ങൾ ജോഷിയുടെ വീട്ടിലെ സിസിടിവികളിൽ നിന്നു തന്നെ ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ ഭൂരിഭാഗത്തിനും വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തിൽ പൊലീസിനു തിരിച്ചടിയായി.

എന്നാൽ, സംഭവസമയം മേഖലയിലുണ്ടായിരുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും സിഡിആർ വിവരങ്ങൾ ശേഖരിച്ച പൊലീസ് വൈകാതെ ഇർഫാന്റെ സഞ്ചാര പഥം കണ്ടെത്തി. പ്രതി കാറിലാണു സഞ്ചരിക്കുന്നതെന്നും ഈ കാറിന്റെ പ്രത്യേകതകളും വഴിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയും ചെയ്തു. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറിൽ ബിഹാർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എന്ന ചുവന്ന ബോർഡ് വച്ചായിരുന്നു പ്രതിയുടെ യാത്ര. സിറ്റി പൊലീസിൽ നിന്നു വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയിൽ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണു കോട്ടയ്ക്കു സമീപം വാഹനം കണ്ടെത്തിയത്.

തടയാൻ ശ്രമിച്ച പൊലീസിനെ വെട്ടിച്ച് ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കാതെ ‘കത്തിച്ചുവിട്ട’ ഇർഫാനെ സാഹസികമായാണ് ഉഡുപ്പി പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ സഹിതമാണു പ്രതി കുടുങ്ങിയതെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർക്കു സമാധാനമായി. മോഷണമുതലുകൾ വീണ്ടെടുത്തില്ലെങ്കിൽ കേസിനു ബലം ലഭിക്കില്ലെന്ന ആശങ്ക ഒഴിവായതാണു കാരണം. സമീപകാലത്ത് അന്വേഷണ മികവിന്റെ കരുത്തിൽ കേരള പൊലീസിനുണ്ടായ ഏറ്റവും വലിയ നേട്ടമാണു ‘ബിഹാറിന്റെ റോബിൻഹുഡി’ന്റെ അറസ്റ്റ്.

മോഷണമുതലിൽ ഒരു ഭാഗം നാട്ടുകാർക്ക് നൽകുന്ന കള്ളൻ
കൊച്ചി∙ ‘ബിഹാറിന്റെ റോബിൻഹുഡ്’. ലോക ക്ലാസിക്കായ റോബിൻ ഹുഡ് എന്ന നോവലിലെ നായകനെപ്പോലെ മോഷണമുതലിന്റെ ഒരു ഭാഗം സ്വന്തം നാട്ടുകാർക്കായി ദാനം ചെയ്യുന്ന കള്ളൻ. ഇതാണു മുഹമ്മദ് ഇർഫാന് ഇത്തരമൊരു പേരു ലഭിക്കാൻ കാരണം. എടിഎമ്മുകളിൽ മോഷണം നടത്തുന്ന ഹൈടെക് കള്ളന്റെ കഥയുമായി 2009ൽ പുറത്തിറങ്ങിയ ‘റോബിൻഹുഡ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷിയുടെ വീട്ടിൽത്തന്നെ മോഷണം നടത്തിയാണ് അഭിനവ റോബിൻഹുഡ് ഇത്തവണ കുടുങ്ങിയത് എന്നതാണു കഥയുടെ മറുവശം.

ഉജാല എന്നും ഇർഫാനു പേരുണ്ട്. മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ 20% വരെ നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു പ്രതിയുടെ രീതി. ബിഹാറിലെ 7 ഗ്രാമങ്ങൾക്കു കോൺക്രീറ്റ് റോഡുകൾ നിർമിച്ചു നൽകിയ ചരിത്രം ഇർഫാനുണ്ട്. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം മോഷണക്കേസുകളാണു പ്രതിക്കെതിരെ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുള്ളത്.

2023 ഫെബ്രുവരിയിൽ പുണെയിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ പഞ്ചാബിൽ നിന്നാണു പിടികൂടിയത്. അന്ന് 4 പേർക്കൊപ്പം ആഡംബര കാറിൽ എത്തിയായിരുന്നു മോഷണം. മോഷണത്തിനുള്ള വീടു തിരഞ്ഞെടുക്കുന്നതു മുതൽ തികഞ്ഞ പ്രഫഷനലിസം കാഴ്ച വയ്ക്കുന്ന ഹൈടെക് കള്ളനാണ് ഇർഫാനെന്നു പൊലീസ് പറയുന്നു. മറ്റു പല കള്ളന്മാരിൽ നിന്നു വ്യത്യസ്തമായി ആളുള്ള വീടുകളിൽ മോഷണം നടത്തുന്നതിലാണ് ഇർഫാന്റെ ത്രിൽ. മാത്രമല്ല, അതീവ സുരക്ഷയുള്ള പാർപ്പിട മേഖലകൾ കണ്ടെത്തി മോഷണം നടത്തുന്ന പതിവും പ്രതിക്കുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള എംപി ആൻഡ് എംഎൽഎ കോളനിയിലെ വീട്ടിൽ നിന്നു സ്വർണമാല കവർന്നു കടന്നത് ഇതിന് ഉദാഹരണം. വീട്ടിനുള്ളിൽ മോഷണം നടത്തി പുറത്തിറങ്ങിയ ഇർഫാനെ അയൽപക്കക്കാരൻ കണ്ട് ആളെക്കൂട്ടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ പ്രതി മുങ്ങി. പിന്നീടു രണ്ടാഴ്ചയ്ക്കു ശേഷമാണു പ്രതിയെ പിട‌ികൂടാൻ ജൂബിലി ഹിൽസ് പൊലീസിനായത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വെറും 4 മാസത്തിനുള്ളിലാണു പനമ്പിള്ളിനഗറിലെത്തി മോഷണം നടത്തിയത്. 2012ലും 2017ലും പ്രതി ഡൽഹിയിൽ മോഷണം നടത്തി പിടിയിലായിട്ടുണ്ട്.

മോഷണത്തിനുള്ള വീടു കണ്ടെത്തിയാൽ ദിവസങ്ങളോളം കർശന നിരീക്ഷണത്തിലൂടെ വീട്ടിലുള്ളവരുടെ ദിനചര്യകൾ മനസ്സിലാക്കും. പിന്നെ സാഹചര്യങ്ങൾ അനുകൂലമാകുന്ന ദിവസം മതിൽ ചാടി ഉള്ളിലെത്തി മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് അടുക്കള ജനലിന്റെയോ വാതിലിന്റെയോ പൂട്ടു പൊളിച്ച് ഉള്ളിലെത്തി മോഷണം നടത്തും. മോഷ്ടിക്കുന്നതു കൂടുതലും ആഭരണങ്ങൾ. അരമണിക്കൂറിൽ താഴെ സമയം കൊണ്ട് എത്ര സുരക്ഷയുള്ള സേഫും തുറന്നു കവർച്ച നടത്തി പ്രതി കടക്കും.

ബിഗ് സല്യൂട്ട്

കേരള പൊലീസിന് ബിഗ് സല്യൂട്ട്. ശനി രാവിലെ മോഷണ വിവരമറിഞ്ഞപ്പോൾ ആദ്യം 100ലാണു വിളിച്ചത്. സംവിധായകൻ ജോഷിയാണെന്നു പരിചയപ്പെടുത്തിയില്ല. ‘പനമ്പിള്ളിനഗറിൽ ഒരു വീട്ടിൽ മോഷണം നടന്നു എന്നു മാത്രം പറഞ്ഞു. എന്നാൽ, ‘പനമ്പിള്ളിനഗർ എവിടെയാണു പുത്തൻകുരിശിലാണോ?’ എന്നായിരുന്നു മറുചോദ്യം. അതെന്നെ തികച്ചും നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു വിളിക്കാൻ ആവശ്യപ്പെട്ട് അവർ സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പർ നൽകി. എന്നാൽ, ഞാൻ വിളിച്ചില്ല. പകരം നിർമാതാവ് ആന്റോ ജോസഫിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പിന്നീടു ഞാൻ കണ്ടതു സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു.

കമ്മിഷണർ, ഡിസിപി, എസിപിമാർ എന്നിവരുൾപ്പെടെ മുഴുവൻ സംഘവും ഉടൻ സ്ഥലത്തെത്തി. എസിപി പി.രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയിലൊന്നും കാണുന്ന അന്വേഷണം ഒന്നുമല്ലെന്നു സിറ്റി പൊലീസിന്റെ ലൈവ് ആക്‌ഷൻ നേരിട്ടുകണ്ട എനിക്കു ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണു പ്രതി കുടുങ്ങിയത്. എന്റെ വീട്ടിൽ മോഷണം നടന്നു, പൊലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം. മറിച്ചു സമൂഹത്തിനും മൊത്തം പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു സിറ്റി പൊലീസിന്റെ അന്വേഷണവും പ്രവർത്തനങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com