ADVERTISEMENT

കാക്കനാട്∙ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പരീക്ഷാർഥികൾക്ക് ജൂൺ മാസം വരെ നൽകിയിരുന്ന തീയതികൾ മോട്ടർ വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ആർടി ഓഫിസിൽ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാർഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായി. മറ്റ് ആർടി ഓഫിസുകളിലും സമാന രീതിയിൽ തീയതികൾ റദ്ദാക്കിയിട്ടുണ്ട്. പരീക്ഷാർഥികളോട് സൈറ്റിൽ കയറി പുതിയ തീയതി എടുക്കാനാണ് നിർദേശം. മേയ് 1 മുതൽ നിത്യേന 30 അപേക്ഷകരെ മാത്രം ഡ്രൈവിങ് ടെസ്റ്റിന് ഹാജരാക്കിയാൽ മതിയെന്ന തീരുമാന പ്രകാരമാണിത്.

നേരത്തെ 100–120 പേരാണ് ദിവസം ഡ്രൈവിങ് ടെസ്റ്റിന് ഹാജരായിരുന്നത്. മേയ് 1 മുതൽ ഇത് 50 ആയി നിജപ്പെടുത്തി വെബ്സൈറ്റ് ക്രമീകരിച്ചിരുന്നു. പിന്നീടാണ് ഇത് 30 ആയി ചുരുക്കിയത്. നേരത്തെ വെബ്സൈറ്റ് വഴി ലഭ്യമായ തീയതികളാണ് ഇതോടെ റദ്ദാക്കിയത്. ഇക്കാര്യം എല്ലാ അപേക്ഷകരെയും മൊബൈൽ ഫോൺ സന്ദേശം വഴി അറിയിച്ചതായി മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. കോവിഡ് മൂലം തീയതി റദ്ദാക്കുന്നുവെന്ന സന്ദേശമാണ് പലർക്കും ആദ്യഘത്തിൽ ലഭിച്ചതെങ്കിലും പിന്നീട് കോവിഡ് പിൻവലിച്ചു. 20 പുതിയ അപേക്ഷകർക്കും നേരത്തെ പരാജയപ്പെട്ട 10 പേർക്കുമാണ് മേയ് 1 മുതൽ ഡ്രൈവിങ് ടെസ്റ്റിനു തീയതി ലഭിക്കുക. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശ പ്രകാരമാണ് പരിഷ്ക്കാരം. ഡ്രൈവിങ് സ്കൂളുകാരും പരീക്ഷാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എട്ട് മാസം വരെ കാത്തിരിപ്പ്
പുതിയ നിബന്ധനകൾ മൂലം ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ വിജയിച്ചാലും വാഹനമോടിക്കുന്ന പ്രാക്റ്റിക്കൽ ടെസ്റ്റിന് തീയതി കിട്ടാൻ 4 മുതൽ 8 മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ പറയുന്നു. കേരളത്തിനു പുറത്തേക്ക് പോകാനായി ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇതുമൂലം വലയും. സൈറ്റ് ഓപ്പൺ ആയാൽ സെക്കൻഡുകൾക്കകം 20 പേർക്ക് തീയതി ലഭിക്കും. അതോടെ സൈറ്റ് ക്ലോസാകും. നേരത്തെ പരാജയപ്പെട്ട 10 പേർക്കും ഇതേ രീതിയിലാണ് തീയതി കിട്ടുന്നത്. ഡ്രൈവിങ് ടെസ്റ്റ് കാര്യക്ഷമമാക്കാനാണ് പരീക്ഷാർഥികളുടെ എണ്ണം കുറക്കുന്നതെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com