ADVERTISEMENT

വൈപ്പിൻ∙ സംസ്ഥാന പാതയിലെ നടപ്പാത നിർമാണത്തെക്കുറിച്ച് വീണ്ടും പരാതി. പഴങ്ങാട് ഭാഗത്ത് അപകടത്തിന് ഇടയാക്കുന്ന തരത്തിൽ  നടപ്പാത റോഡിലേക്ക് ഇറക്കി നിർമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഈ ഭാഗത്ത് അടിയന്തരമായി റിഫ്ലക്ടറുകൾ  സ്ഥാപിച്ചെങ്കിലും  അതുകൊണ്ട് അപകട സാധ്യത പൂർണമായും ഒഴിവാകുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പഴങ്ങാട് ജംക്‌ഷന്  തെക്ക്  റോഡിന്റെ പടിഞ്ഞാറു വശത്ത് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്താണ് ആ ഭാഗം ചുറ്റി വളഞ്ഞു പോകുന്ന തരത്തിൽ നടപ്പാത നിർമിച്ചത്. ഇതോടെ കൽക്കെട്ട് രണ്ടടിയോളം റോഡിലേക്ക് തള്ളി നിൽക്കുന്ന അവസ്ഥയായി.

അല്ലാതെ തന്നെ റോഡിന്  വീതിക്കുറവുള്ള  ഇവിടെ  ഇത് അപകടങ്ങൾക്ക് ഇടയാക്കും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരത്തിൽ റോഡിലേക്ക് നടപ്പാത  ഇറങ്ങി നിൽക്കുന്നത് അറിയാതെ എത്തുന്ന വാഹനങ്ങൾ ഇതിൽ തട്ടി മറിയും എന്നാണ് പരിസരവാസികൾ ചൂണ്ടിക്കാട്ടിയത്. മറ്റു പലയിടങ്ങളിലും ഇത്തരത്തിൽ ട്രാൻസ്ഫോമറുകൾ ഉള്ള സ്ഥലങ്ങളിൽ നടപ്പാത അതിന്റെ ഇരുവശത്തും അവസാനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.  പ്രതിഷേധം ശക്തമാക്കുകയും പൊതുപ്രവർത്തകർ  ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് റിഫ്ലക്ടറുകൾ സ്ഥാപിച്ചത്.

എന്നാൽ റോഡിന്റെ വശത്തെ സ്ഥലം നഷ്ടപ്പെടുന്ന സാഹചര്യം ഇതുകൊണ്ടും ഒഴിവാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നടപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലും  പരാതികൾ ഉയർന്നിട്ടുണ്ട് എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് സമീപം നടപ്പാത അവസാനിക്കുന്ന ഭാഗത്ത് കുഴിയുള്ളത് അപകടങ്ങൾ ഇടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ പേരിനു പോലും ഒരു മുന്നറിയിപ്പ് സംവിധാനം ബന്ധപ്പെട്ടവർ ഒരുക്കിയിട്ടില്ലെന്നാണ് ആക്ഷേപം. റോഡിന്റെ വശങ്ങളിൽ കടകളുള്ള ഭാഗങ്ങളിൽ ഉടമകൾ ആവശ്യപ്പെട്ടിട്ടും വാഹനങ്ങൾ കയറ്റാൻ കഴിയുന്ന തരത്തിൽ  ചരിവ് നിർമിച്ചു നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com