ADVERTISEMENT

തൃപ്പൂണിത്തുറ ∙ കനത്ത ചൂടിലും വോട്ടെടുപ്പിൽ പങ്കെടുത്ത് ജനം. ‌കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു . ഏകദേശം 67.66 ആയിരുന്നു ഇത്തവണത്തെ ശതമാനം. കഴിഞ്ഞ തവണ 73.91 ശതമാനം ആയിരുന്നു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ എല്ലാ ബൂത്തുകളിലും തന്നെ രാവിലെ മുതൽ തിരക്കാണ് അനുഭവപ്പെട്ടത്. മിക്ക ബൂത്തുകൾക്കു മുൻപിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര കാണാൻ കഴിഞ്ഞു. പലരും ക്യൂ കണ്ട് വോട്ട് ചെയ്യാതെ മടങ്ങിയ സംഭവവും ഉണ്ട്. എന്നാൽ ഉച്ചയായതോടെ പല ബൂത്തുകളിലെയും ആളുകൾ കുറഞ്ഞു. തുടർന്ന് 3 നു ശേഷം വീണ്ടും നീണ്ട നിര പ്രത്യക്ഷപ്പെട്ടു. 

വളരെ മന്ദഗതിയിലാണ് വോട്ടിങ് നടന്നത് എന്ന് പരക്കെ ആക്ഷേപം ഉണ്ട്. വിവിധ ബൂത്തുകളിൽ ഒന്നര മണിക്കൂറിലധികം കാത്തു നിന്നാണു പലരും വോട്ടു ചെയ്തു മടങ്ങിയത്. ബോയ്സ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ടിങ് യന്ത്രത്തിന്റെ ബാറ്ററി കുറഞ്ഞ് കാണിച്ചതോടെ കുറച്ചു നേരം പോളിങ് വൈകി. ഉടൻ തന്നെ തകരാർ പരിഹരിച്ചു വോട്ട് ആരംഭിക്കുകയായിരുന്നു. പാലസ് സ്കൂളിലെ പോളിങ് കേന്ദ്രത്തിന്റെ ഭാഗമായി ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപം എൻഡിഎ പ്രവർത്തകർ സ്ഥാപിച്ച ബൂത്തിൽ നിന്നും സ്ഥാനാർഥിയുടെ പോസ്റ്ററുകളും മറ്റും പൊലീസ് ഇടപെട്ട് നീക്കിയത് രാവിലെ ചെറിയ തർക്കത്തിനിടയാക്കി. 

മുളന്തുരുത്തി ∙ പോളിങ് സമയത്തിനു ശേഷവും മുളന്തുരുത്തി പഞ്ചായത്തിലെ 2 ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര. കാരിക്കോട് ഗവ.യുപി സ്കൂൾ നമ്പർ-40, ആരക്കുന്നം സ്കൂൾ നമ്പർ 47 ബൂത്തുകളിലാണ് 6 മണിക്കു ശേഷവും വോട്ടിങ് തുടർന്നത്.  6 മണി വരെ ക്യൂ നിന്നവർക്കു ടോക്കൺ നൽകിയാണു വോട്ടിങ് പൂർത്തിയാക്കിയത്. കാരിക്കോട് 48 പേർക്കും ആരക്കുന്നത്ത് 29 പേർക്കും ടോക്കൺ നൽകി വോട്ടു ചെയ്യാൻ അവസരം നൽകി. രണ്ടിടത്തും ഏഴരയോടെയാണു പോളിങ് അവസാനിച്ചത്.ചോറ്റാനിക്കര പഞ്ചായത്തിലെ ചന്തപ്പറമ്പ് കമ്യൂണിറ്റി ഹാളിലെ ബൂത്തിൽ 10 പേരും സമയത്തിനു ശേഷം വോട്ടു ചെയ്തു.

എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ വെളിയനാട് സെന്റ് പോൾസ് സ്കൂളിലെ 107-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായതിനാൽ രാവിലെ പോളിങ് ആരംഭിക്കാൻ ഒന്നര മണിക്കൂറോളം വൈകി.  പോളിങ് സമയം ഒരു മണിക്കൂർ നീട്ടിനൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും 6 മണി വരെ വരിയിൽ നിന്നവർക്കു അവസരം നൽകി പോളിങ് അവസാനിപ്പിച്ചു. പെരുമ്പിള്ളിയിൽ 32–ാം നമ്പർ ബൂത്തിലും മെഷീൻ തകരാറിനെ തുടർന്നു വോട്ടിങ് തടസ്സപ്പെട്ടു. മുളന്തുരുത്തി ഗവ. സ്കൂളിലെ 35-ാം നമ്പർ ബൂത്തിൽ മെഷീൻ വച്ചിരുന്ന സ്ഥലത്തെ വെളിച്ചക്കുറവ് വയോധികർക്കു ബുദ്ധിമുട്ടുണ്ടാക്കി. പരാതി ഉയർന്നതോടെ പ്രശ്നം പരിഹരിച്ചു. ഭൂരിഭാഗം ബൂത്തുകളിലും വോട്ടിങ് മന്ദഗതിയിലായിരുന്നതിനാൽ ഏറെ നേരം വോട്ടർമാർക്കും കാത്തു നിൽക്കേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com