ADVERTISEMENT

കൊച്ചി ∙ കനത്ത ചൂടിലും തളരാതെ ജില്ലയിൽ ഭേദപ്പെട്ട പോളിങ്. രാത്രി 8 വരെയുള്ള കണക്കനുസരിച്ച് 69.37% പേർ ‌വോട്ടുചെയ്തു. അവസാന കണക്കിൽ നേരിയ മാറ്റം വന്നേക്കാം. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ 68.10% ആണ് പോളിങ്. ചാലക്കുടിയിൽ 71.68%. തൊട്ടു മുൻപിലെ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു പോളിങ് ശതമാനത്തിൽ വലിയ കുറവുണ്ടായി. 2019ൽ 78.68 ആയിരുന്നു ജില്ലയിൽ പോളിങ്.

പല ബൂത്തുകളിലും വോട്ടർമാരുടെ നിര വോട്ടെടുപ്പ് അവസാനിക്കുന്ന 6 നു ശേഷവും തുടർന്നു. വൈകിട്ട് 6 നു ക്യൂവിൽ സ്ഥാനം പിടിച്ചവർക്കും വോട്ട് ചെയ്യാൻ അവസരം നൽകി. 38–39 ഡിഗ്രി ചൂടിലാണു വോട്ടർമാർ ഇന്നലെ ബൂത്തിലെത്തിയത്. പല ബൂത്തുകളിലും ആളുകൾ ഏറെ നേരം വെയിലത്തു നിൽക്കേണ്ടിവന്നു. ഇതുമൂലം വോട്ട് ചെയ്യാതെ മടങ്ങിയവരും ഉണ്ട്.

നാടിനായല്ലേ, സഹിച്ചേക്കാം: കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയിലെ പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ അമ്മയോടൊപ്പം വന്ന കുഞ്ഞ് കനത്ത ചൂടിലും തിരക്കിലും അസ്വസ്ഥനായപ്പോൾ. സമയ പരിധിക്കുശേഷവും ഗവൺമെന്റ് ഹൈസ്കൂളിലെ ഈ ബൂത്തിൽ വോട്ടർമാർ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു. ചിത്രം: ടോണി ഡൊമിനിക് / മനോരമ.
നാടിനായല്ലേ, സഹിച്ചേക്കാം: കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയിലെ പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ അമ്മയോടൊപ്പം വന്ന കുഞ്ഞ് കനത്ത ചൂടിലും തിരക്കിലും അസ്വസ്ഥനായപ്പോൾ. സമയ പരിധിക്കുശേഷവും ഗവൺമെന്റ് ഹൈസ്കൂളിലെ ഈ ബൂത്തിൽ വോട്ടർമാർ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു. ചിത്രം: ടോണി ഡൊമിനിക് / മനോരമ.

2019ൽ എറണാകുള‌ം മണ്ഡലത്തിൽ 77.54% ആയിരുന്നു പോളിങ്. ചാലക്കുടിയിൽ 80.44%. 4 ലോക്സഭാ മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് നടന്നു. 38 ദിവസത്തിനു ശേഷമാണു വോട്ടെണ്ണൽ. ട്വന്റി20ക്ക് സ്വാധീനമുള്ള കുന്നത്തുനാട് മണ്ഡലത്തിൽ പോളിങ് ഉയർന്നതു പ്രത്യേകതയാണ്. എങ്കിലും 2019ലെ പോളിങ് നിലയിലേക്ക് കുന്നത്തുനാടും എത്തിയില്ല.

കിടപ്പു രോഗികൾക്കും 85 വയസ്സിനു മേൽ പ്രായമുള്ളവർക്കും വീട്ടിൽവച്ചു തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം പോളിങ് ദിവസത്തിനു മുൻപേ ഒരുക്കിയിരുന്നു. പല ബൂത്തുകളിലും ബീപ് ശബ്ദം 7 സെക്കൻഡും വിട്ടു വൈകിയെന്ന പരാതിയുണ്ടായി. ഇതുമൂലം വോട്ടെടുപ്പും നീണ്ടുപോയി. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ വലിയ അക്രമങ്ങളൊന്നുമില്ലാതെ വോട്ടെടുപ്പ് അവസാനിച്ചുവെന്നത് ആശ്വാസമായി.

ജില്ല പോളിങ് ശതമാനം: 69.37
പുരുഷൻ: 71.31
സ്ത്രീ: 67.53
ട്രാൻസ് ജെൻഡർ: 32.25
പെരുമ്പാവൂർ: 73.13
അങ്കമാലി: 68.32
ആലുവ: 70.53
കളമശേരി: 70.50
പറവൂർ: 72.81
വൈപ്പിൻ: 71.00

കൊച്ചി: 66.23
തൃപ്പൂണിത്തുറ: 67.60
എറണാകുളം: 62.42
തൃക്കാക്കര: 66.29
കുന്നത്തുനാട്: 78.11
പിറവം: 65.73
മൂവാറ്റുപുഴ: 68.41
കോതമംഗലം: 69.70

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com