ADVERTISEMENT

ഇരുമ്പനം ∙ സീപോർട്ട്–എയർപോർട്ട് റോഡിലെ പാർക്കിങ് ഒഴിവാക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികൾ വാഹനങ്ങൾ ഉപയോഗിച്ച് ഇടിച്ചിടുന്നത് പതിവാകുന്നു. ഇരുമ്പനത്തെ ഓയിൽ കമ്പനികൾക്ക് സമീപത്തായി ഒട്ടേറെ കോൺക്രീറ്റ് കുറ്റികളാണ് ഇടിച്ചിട്ട നിലയിലുള്ളത്. ഇൗ ഭാഗം ഇപ്പോൾ പാർക്കിങ് കേന്ദ്രമായി മാറുകയും ചെയ്തിട്ടുണ്ട്. 3.47 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. സീപോർട്ട്–എയർപോർട്ട് റോഡിൽ ചിത്രപ്പുഴ പാലം മുതൽ ഇരുമ്പനം പുതിയ റോഡ് ജംക്‌ഷൻ വരെ ഇരു വശങ്ങളിലുമാണ് കോൺക്രീറ്റ് കുറ്റികൾ പലയിടങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. 

എന്നാൽ അതിനെ മറി കടന്നു ടാങ്കർ ലോറികൾ റോഡിലേക്ക് കയറ്റി പാർക്ക് ചെയ്യുകയാണ്. ഫലത്തിൽ പാർക്കിങ് കൊണ്ടുള്ള പ്രശ്നം റോഡിൽ ഗുരുതരമായി. ചിത്രപ്പുഴ മേൽപാലം മുതൽ ഇരുമ്പനം പുതിയ റോഡ് സിഗ്‌നൽ ജംക്‌ഷൻ വരെ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കാനും വശങ്ങളിൽ ടൈൽ വിരിക്കാനും റോഡ് ടാറിങ് പൂർത്തീകരിക്കാനുമാണ് ഇത്രയും തുക അനുവദിച്ചത്. ചില ഭാഗങ്ങളിലെ കോൺക്രീറ്റ് കുറ്റികൾ സാമൂഹിക വിരുദ്ധർ ഇളക്കി മാറ്റിയ നിലയിലാണ്.

ഭീഷണിയായി എഥനോൾ ടാങ്കറുകൾ
പൊതുമേഖല എണ്ണ കമ്പനികളുടെ സംസ്ഥാനത്തെ പ്രധാന ഇന്ധന വിതരണ കേന്ദ്രം ഇരുമ്പനത്താണ്. ഒരു ദിവസം 3 കമ്പനികളിൽ നിന്നായി നൂറോളം ലോഡ് ഇന്ധനം നിറച്ചാണ് ടാങ്കർ ലോറികൾ പോകുന്നത്. ടാങ്കർ ലോറികൾക്ക് ആവശ്യമായ പാർക്കിങ് സൗകര്യമൊരുക്കാൻ ഓയിൽ കമ്പനികൾക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വാദം. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന എഥനോൾ കയറ്റി എത്തുന്ന ടാങ്കർ ലോറികളും റോ‍ഡരികിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. പാർക്ക് ചെയ്യുന്ന ടാങ്കറുകൾ റോഡരികിൽ ചെരിയുന്നതും പതിവാണ്.

അനധികൃത പാർക്കിങ് അപകടം
സീപോർട്ട്–എയർപോർട്ട് റോഡിൽ വടക്കേ ഇരുമ്പനത്തെ ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ് അപകടം വിളിച്ചു വരുത്തും. ഇവിടെ അപകടങ്ങളിൽ ഒട്ടേറെ പേർ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോഡരികിൽ അലക്ഷ്യമായി ടാങ്കർ ലോറികൾ പാർക്ക് ചെയ്യുന്നതും, കമ്പനിയിൽ നിന്നു പെട്ടെന്ന് റോഡിലേക്ക് വാഹനം എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com