ADVERTISEMENT

വരാപ്പുഴ∙ ദേശീയപാത നിർമാണം നടക്കുന്ന ഇടപ്പള്ളി മുതൽ വരാപ്പുഴ വരെ ഭാഗങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമായി. സർവീസ് റോഡിനോടു ചേർന്ന ഭാഗങ്ങളിൽ താമസിക്കുന്നവരാണ് കഴിഞ്ഞ രണ്ടു ദിവസത്തെ മഴയിൽ കടുത്ത പ്രതിസന്ധിയിലായത്.വരാപ്പുഴ എസ്എൻഡിപി കവല മുതൽ പുത്തൻപള്ളി വരെ ഭാഗങ്ങളിലും ചേരാനല്ലൂർ മഞ്ഞുമ്മൽ കവല മുതൽ കുന്നുംപുറം വരെ ഭാഗങ്ങളിലുമാണു വെള്ളക്കെട്ട് രൂക്ഷമായത്. നിലവിൽ ഇവിടെയുണ്ടായ കാന ദേശീയപാത നിർമാണത്തിനായി പൊളിച്ചു മാറ്റിയതും മഴവെള്ളം ഒഴുകി പോയിരുന്ന ചെറിയ തോടുകൾ നികത്തിയതുമാണു വെള്ളക്കെട്ടിനു കാരണമായതെന്നു വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ചു മൂന്നു മാസം മുൻപ് തന്നെ ദേശീയപാത അധികൃതർക്കു പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചില്ല. തുടർന്നു വരാപ്പുഴ പഞ്ചായത്ത് ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു. 

കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസം ദേശീയപാത അധികൃതർ സ്ഥലങ്ങൾ പരിശോധിച്ചിരുന്നു. മഴവെള്ളം ഒഴുക്കി വിടാൻ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുമെന്നു ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നു ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് പറഞ്ഞു. സർവീസ് റോഡിനോടു ചേർന്നു വീടുള്ളവരാണ് വെള്ളക്കെട്ടു മൂലം കനത്ത ദുരിതം അനുഭവിക്കുന്നത്. രണ്ടു ദിവസത്തെ മഴയിൽ തന്നെ വീടിനുള്ളിലേക്കു വെള്ളം കയറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധി നേരിടുമെന്ന ആശങ്കയാണിവർക്ക്. ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിൽ മുന്നറിയിപ്പില്ലാതെ പ്രധാന റോഡ് അടച്ച ഭാഗത്തും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. റോഡ് ഗതാഗതത്തിനായി തുറന്നു നൽകുമെന്നു രണ്ടു ദിവസം മുൻപ് ദേശീയപാത അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com