ADVERTISEMENT

മറയൂർ ∙ പതിനായിരം കോടിയിലധികം മൂല്യമുള്ള ചന്ദന മരങ്ങളുള്ള മറയൂർ ചന്ദന കാടുകളിൽ കാട്ടൂതീക്കെതിരെ സംരക്ഷണ മാർഗങ്ങൾ പേരിനുമാത്രം. മേഖലയിൽ കഴിഞ്ഞ വർഷം  പതിനെട്ട് തവണയാണ് തീ പടർന്ന് പിടിച്ചത്. എന്നാൽ വനംവകുപ്പ് വേനലിന് മുൻപ് മുൻകരുതലായി ചുരുങ്ങിയ പ്രദേശത്ത് മാത്രം ഫയർലൈൻ തെളിക്കുകയും സംരക്ഷണം ഏർപ്പെടുത്തിയും വരുന്നുണ്ടെങ്കിലും ഭൂരിഭാഗം വനമേഖലയും കാട്ടുതീ ഭീഷണിയിലാണ്. കഴിഞ്ഞ വർഷം ഇടക്കടവ് പുതുവെട്ട്, പെരടിപള്ളം എന്നിവിടങ്ങളിൽ പടർന്ന കാട്ടുതീ വ്യാപക നാശം വരുത്തിയിരുന്നു.

ആദിവാസി കുടികൾ

മറയൂർ കാന്തല്ലൂർ മേഖലയിലെ വനങ്ങളിൽ കാട്ടുതീ പടർന്ന് പിടിക്കാറുള്ളത് സമീപങ്ങളിലുള്ള  ഗ്രാമങ്ങൾക്കും ആദിവാസി കുടികൾക്കും ഭീഷണിയാകുന്നു. കഴിഞ്ഞ വർഷം കർപ്പൂരകുടി, തീർത്ഥമലകുടി, ചെമ്പട്ടികുടി എന്നീ ആദിവാസിക്കുടികളുടെയും  പെരടിപള്ളം, ഇടക്കടവ് , കിളികൂട്ടുമല എന്നീ ഗ്രാമങ്ങളുടെയും സമീപമുള്ള വനമേഖല കത്തിയമർന്നിരുന്നു. ഇത്തവണയും  വേനൽ സമയത്ത് ഇവിടങ്ങളിൽ പ്രത്യേക സുരക്ഷാ മാർഗ്ഗങ്ങൾ ഒന്നും  ഒരുക്കാത്തതിനാൽ  ആദിവാസി കോളനികൾക്ക് ഭീഷണിയാണ്.

ചരിത്ര സ്മാരകങ്ങൾ

ആറായിരത്തിലധികം വർഷം അതിജീവിച്ച ചരിത്ര സ്മാരകങ്ങളായ മറയൂരിലെ മുനിയറകളും വേനൽ തുടക്കത്തോടെ കാട്ടുതീ ഭീഷണിയിലാകും. മറയൂർ മുരുകൻ മലയിലാണ് പ്രധാനമായും  ചരിത്ര സ്മാരകങ്ങളായ മുനിയറകളെയും ഗുഹചിത്രങ്ങളെയും നശിപ്പിക്കും വിധം എല്ലാ വർഷവും തീപടരാറുള്ളത്.  ഇത്തരത്തിൽ കഴിഞ്ഞവർഷം പത്തിലധികം തവണ പ്രദേശം അഗ്‌നിക്കിരയായിരുന്നു.

കാട്ടുതീ തടയാനുള്ള മാർഗങ്ങളുമായി വനം വകുപ്പ്

കാട്ടു തീ പടരാതിരിക്കാൻ മുൻകരുതലായി  ആദിവാസി കുടികളിലും ഗ്രാമങ്ങളിലും സ്‌കൂൾ തലത്തിലും ബോധവൽക്കരണം നടത്തി വരുന്നു.ആദിവാസി കുടിയിൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തി. മറയൂർ ചന്ദന ഡിവിഷൻ പരിധിയിൽ 25 കിലോമീറ്റർ ഫയർ ലൈൻ വേണ്ടി വരുന്നതിൽ  ആദ്യഘട്ടമായി 12 കിലോമീറ്റർ ഫയർലൈൻ തെളിച്ചുവരികയാണ്. കാട്ടുതീ പടരാൻ സാധ്യതയുള്ള മേഖലയിൽ മുൻകൂട്ടി തീയിട്ട് പുൽമേടുകൾ നശിപ്പിച്ചും വരുന്നുണ്ട്. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ വനത്തിൽ  നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മറയൂർ റേഞ്ച് ഓഫിസർ അരുൺ മഹാരാജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com