ADVERTISEMENT

കട്ടപ്പന ∙ കറുത്ത പൊന്നാണെന്നാണ് വിശേഷണമെങ്കിലും കുരുമുളക് വിലയിൽ  തിളക്കമില്ല. സീസൺ സമയത്ത് വിലയിടിയുന്ന രീതിക്ക് ഇത്തവണയും മാറ്റമില്ല. 310 രൂപ വരെയായിരുന്ന കുരുമുളക് വില 280 ആയി കുറഞ്ഞു. കാര്യമായ വേനൽ മഴ ലഭിക്കാത്തതിനാൽ കുരുമുളകിന്റെ ലീറ്റർ വെയ്റ്റിലും കുറവുണ്ടായി. പലയിടത്തും കുരുമുളക് ചെടികൾ വാടാനും തുടങ്ങി. ലീറ്റർ വെയ്റ്റ് അനുസരിച്ച് 280 മുതൽ 295 രൂപയ്ക്കു വരെയാണ് കുരുമുളകിന്റെ വിൽപന നടന്നിരുന്നത്.

∙ കർഷകർ പട്ടിണിയിൽ

കൂടുതലായി ഉൽപന്നം വിപണിയിലേക്ക് എത്തുന്ന രീതി അവസാനിക്കുമ്പോൾ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. അതിനാൽ കുരുമുളക് ഉണങ്ങി സൂക്ഷിച്ചശേഷം കൂലിപ്പണിയെടുത്തും കടം വാങ്ങിയുമാണ് പല കർഷകരും കഴിഞ്ഞിരുന്നത്. അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പണിക്കുപോലും പോകാൻ കഴിയാതെ പലരും പട്ടിണിയിലായി. കൈവശമുള്ള കുരുമുളക് വിറ്റ് പട്ടിണി അകറ്റാൻ മാർഗവും ഇല്ല.

∙ വിളവെടുക്കാനും കർഷകർ

കൂലി നൽകാൻ പോലും ഇപ്പോഴത്തെ വിലകൊണ്ട് സാധിക്കാത്തതിനാൽ പല കർഷകരും തൊഴിലാളികളെ ഒഴിവാക്കി വിളവെടുക്കേണ്ട ഗതികേടിൽ . വിളവെടുപ്പിൽ കാലതാമസം ഉണ്ടാകാനും  തിരികൾ വ്യാപകമായി കൊഴിയാനും ഇതു കാരണമായി.വിയറ്റ്‌നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുരുമുളക് ഇറക്കുമതിയും കള്ളക്കടത്തുമാണു തദ്ദേശീയ കുരുമുളകിന്റെ വില ഇടിവിനു കാരണം.

ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര കുരുമുളകിന് വില ഉയരുന്നില്ല. കള്ളക്കടത്ത് അടക്കമുള്ളവയാണ് ഇതിനു കാരണമെന്നാണ് ആരോപണം. മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികൾ. കർണാടകയിൽ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് വിപണികളിൽ പ്രിയമേറിയതും കേരളത്തിനു തിരിച്ചടിയായി.

∙ കരകയറുമോ?

2015ൽ കിലോയ്ക്ക് 740 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഓരോവർഷവും ഇടിയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. 2018 മാർച്ചിൽ 385 രൂപ ലഭിച്ചു. ലോക്ഡൗൺ കഴിഞ്ഞ് കച്ചവട സ്ഥാപനങ്ങൾ തുറന്നാലും വിലയിടിവിൽ നിന്ന് കരകയറാൻ  കഴിയുമോയെന്ന ആശങ്കയിലാണ് കർഷകർ. കച്ചവടക്കാരുടെ പക്കലും വിറ്റഴിക്കാൻ കഴിയാതെ കുരുമുളക് ഉണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. 500 രൂപയ്ക്കു മുകളിലെങ്കിലും വില ലഭിച്ചെങ്കിൽ മാത്രമേ കുരുമുളക് കൃഷി ലാഭകരമാവുയെന്നാണ് കർഷകർ പറയുന്നത്.

സഹകരണ പ്രസ്ഥാനങ്ങളുടെ  ഇടപെടൽ അനിവാര്യം

വിളവെടുത്ത് ഉൽപന്നം കൈവശം ഉണ്ടായിട്ടും വിൽക്കാൻ കഴിയാതെ പട്ടിണിയിലായ കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ നടപടി വേണമെന്ന് ആവശ്യം. സഹകരണ ബാങ്കുകളോ കാർഷിക വികസന ബാങ്കുകളോ മാർക്കറ്റിങ് സൊസൈറ്റികളോ കർഷകരുടെ ഉൽപന്നം വാങ്ങി കർഷകരെ സഹായിക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമായി. എല്ലാ കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതിനാൽ കർഷകർക്ക് ഉൽപന്നം വിൽക്കാൻ കഴിയുന്നില്ല. അതിനാൽ പ്രാദേശികമായുള്ള സംഘങ്ങളുടെയും മറ്റും ഇടപെടൽ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com