ADVERTISEMENT

തൊടുപുഴ ∙ ആദ്യ ദിനം കരുതലോടെയായിരുന്നു കുട്ടികൾ ടിവിക്കു മുന്നിൽ ഇരുന്നത്. പുതിയ രീതിയിലുള്ള പഠനത്തിനു കുട്ടികൾ തുടക്കമിട്ടപ്പോൾ സാക്ഷ്യം വഹിക്കാൻ പല വീടുകളിലും മുതിർന്നവരും ഒപ്പം ഇരുന്നു. 

∙ തൊടുപുഴ 

മേഖലയിൽ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് ആദ്യദിനം കാര്യമായ പരാതികൾ ഉണ്ടായില്ല. ഓരോ ക്ലാസിലെ വിദ്യാർഥികളും ടൈംടേബിൾ അനുസരിച്ചുള്ള സമയത്ത് ക്ലാസുകളിൽ പങ്കെടുത്തു.  വിവിധ സ്കൂളുകളിലെ അധ്യാപകർ വിദ്യാർഥികളെ ഫോണിൽ ബന്ധപ്പെട്ട് അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. ചിലയിടങ്ങളിൽ ഇടയ്ക്ക് ക്ലാസുകളുടെ സംപ്രേഷണം നടക്കുന്ന സമയത്തു വൈദ്യുതി മുടങ്ങിയതായി പരാതിയുണ്ട്. 

ഐടിഡിപിയുടെ കീഴിലുള്ള സമൂഹ പഠനമുറി പ്രയോജനപ്പെടുത്തി വിക്‌ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസിൽ പങ്കെടുക്കുന്ന കോഴിമല മേഖലയിലെ വിദ്യാർഥികൾ.
ഐടിഡിപിയുടെ കീഴിലുള്ള സമൂഹ പഠനമുറി പ്രയോജനപ്പെടുത്തി വിക്‌ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസിൽ പങ്കെടുക്കുന്ന കോഴിമല മേഖലയിലെ വിദ്യാർഥികൾ.

∙ നെടുങ്കണ്ടം 

ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന കല്ലാർ ഗവ സ്കൂളിൽ ആദ്യദിനത്തിലെ ഓൺലൈൻ ക്ലാസിൽ 96 % വിദ്യാർഥികളും പങ്കെടുത്തു. 100 വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇവർക്ക് സ്കൂൾ പ്രാദേശിക പിടിഎയുടെ നേതൃത്വത്തിൽ അടിയന്തരമായി സൗകര്യം ഒരുക്കി നൽകുമെന്ന് ഹെഡ്മാസ്റ്റർ കെ.ആർ.ഉണ്ണിക്കൃഷ്ണൻ നായർ അറിയിച്ചു.

നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ, പാറത്തോട് ഗവ ഹൈസ്കൂൾ, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ സ്കൂൾ, നെടുങ്കണ്ടം ഗവ ഹൈസ്കൂൾ, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂൾ,  പുഷ്പകണ്ടം ഗവ എൽപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ആദ്യ ദിന ക്ലാസുകളിൽ സംതൃപ്തരാണ്.  

∙ ചെറുതോണി 

സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ ചാനൽ ജില്ലാ ആസ്ഥാന മേഖലയിൽ എല്ലായിടത്തും തന്നെ ലഭ്യമായത് കുട്ടികൾക്ക് അനുഗ്രഹമായി. എന്നാൽ വീടുകളിൽ ടിവി ഇല്ലാത്ത ഏതാനും കുട്ടികൾ ഓരോ ഡിവിഷനിലും ഉണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ടിവി ഇല്ലാത്ത വീടുകളിൽ പക്ഷേ, സ്മാർട്ഫോണുകൾ ഉള്ളത് തുടർന്നുള്ള ദിവസങ്ങളിൽ പ്രയോജനപ്പെടുത്താം എന്ന കണക്കുകൂട്ടലിലാണ് അധ്യാപകർ.

മാനേജ്മെന്റ് സ്കൂളുകളിൽ ടിവിയും ഓൺലൈൻ സൗകര്യവും ഇല്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടത്തി പകരം സൗകര്യം ഏർപ്പെടുത്തുന്നതിന് ക്ലാസ് ടീച്ചർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ക്ലാസ് ഡിവിഷനുകളിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി സ്കൂൾ തലത്തിൽ ക്ലാസുകൾ സജീവമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി. 

∙ കട്ടപ്പന

ആദിവാസി മേഖലയായ കോഴിമലയിലെ കുട്ടികൾ വിക്‌ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസിൽ പങ്കെടുത്തത് ഐടിഡിപിയുടെ കീഴിലുള്ള സാമൂഹിക പഠനമുറി ഉപയോഗപ്പെടുത്തി. കോഴിമല, സ്വരാജ്, കാഞ്ചിയാർ, തൊപ്പിപ്പാള, മേരികുളം തുടങ്ങിയ മേഖലകളിലുള്ള വിവിധ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.

ഐടിഡിപി നിയോഗിച്ചിട്ടുള്ള അധ്യാപകൻ പി.ഇ.രാജീവിന്റെ സേവനവും ലഭ്യമാണ്. ട്രൈബൽ വിഭാഗത്തിലുള്ള കുട്ടികൾക്ക് വൈകുന്നേരങ്ങളിലും പഠനസൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ട് 3 വർഷം മുൻപാണ് കോഴിമലയിൽ പഠനമുറി ആരംഭിച്ചത്

∙ മറയൂർ 

മറയൂർ, കാന്തല്ലൂർ മേഖലയിലെ ഏക മൊബൈൽ സേവന ദാതാക്കളായ ബിഎസ്എൻഎൽ ടവർ ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നത് ആദിവാസികളുൾപ്പടെയുള്ള വിദ്യാർഥികളെയും ഉപഭോക്താക്കളെയും വലയ്ക്കുന്നു. 

എല്ലായിടത്തും പഠന സൗകര്യം ഉറപ്പാക്കി: ഡിഡിഇ

ക്ലാസുകൾ ലൈവായി  കാണാൻ സംവിധാനം ഇല്ലാത്ത കുട്ടികൾക്ക്, റിക്കോർഡ് ചെയ്ത ക്ലാസുകൾ കാണുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് പറഞ്ഞു. 

ബുദ്ധിമുട്ട് നേരിടുന്നത് 6288 കുട്ടികൾക്ക്

ജില്ലയിൽ രണ്ടു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലായി 6288 വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനു ബുദ്ധിമുട്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ലഭ്യത ഇല്ലാത്തത്, സ്മാർട്ഫോൺ ഇല്ലാത്തത്, മൊബൈൽ റേഞ്ച് പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് ഇതിനു കാരണം. ഇവർക്കു പഠനസൗകര്യം ഉറപ്പാക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ഡിഡിഇ  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com