ADVERTISEMENT

തൊടുപുഴ ∙ മൂന്നാർ പെട്ടി മുടിയിൽ ഉരുളിന്റെ രൂപത്തിൽ ദുരന്തം വിതച്ചത് അതി തീവ്ര മഴയെന്ന് വിദഗ്ധർ.  രാജമലയിൽ ഓഗസ്റ്റ് ഒന്ന് മുതൽ 7 വരെ പെയ്തത് അതി തീവ്ര മഴ. 216.35 സെന്റീമീറ്റർ മഴയാണ് ഈ ഒരാഴ്ചക്കുള്ളിൽ ഇവിടെ രേഖപ്പെടുത്തിയത്. കണ്ണൻദേവൻ കമ്പനിയിലെ മഴമാപിനിയിൽ രേഖപ്പെടുത്തിയ കണക്കാണിത്. ഉരുൾപൊട്ടലുണ്ടായ 6ന് പെട്ടിമുടിയിൽ പെയ്തത് 22 സെന്റീമീറ്റർ മഴയെന്ന് വനംവകുപ്പിന്റെ കണക്കും 66.62എന്ന് കമ്പനിയുടെ കണക്കും ഉണ്ട്. 20 സെന്റിമീറ്ററിനു മുകളിൽ മഴ പെയ്താൽ തന്നെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യതയുണ്ട്. 

പെട്ടിമുടിയിൽ ദുരന്തം വിതച്ച ഉരുളിന്റെ ഉത്ഭവം തേയിലക്കുന്നിലല്ലെന്നും ഒരു കിലോമീറ്ററോളം മുകളിലെ ചോലവനത്തിലാണെന്നും ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ഡോ.സിബി സെബാസ്റ്റ്യൻ  പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക റിപ്പോർട്ട് കലക്ടർക്ക് ഇന്നു നൽകും. കനത്തമഴയെ തുടർന്ന് മണ്ണു കുതിർന്നതാണ് ഉരുൾ പൊട്ടലിന്റെ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. പെട്ടിമുടി അടക്കമുള്ള പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാധ്യത പ്രദേശമാണെന്നും മഴ ഇനിയും കനത്താൽ സമീപ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുവെന്നും ഡോ.സിബി സെബാസ്റ്റ്യൻ പറഞ്ഞു.

മണൽകലർന്ന ചുവന്ന മണ്ണാണ് രാജമല ഭാഗത്ത്. ഇതു  വെള്ളത്തിൽ പെട്ടെന്നുകുതിർന്ന് കുഴമ്പു പരുവത്തിലാകും. പിന്നീട് ചെറിയൊരു കമ്പനം ഉണ്ടായാൽ പോലും വലിയ രീതിയിൽ മണ്ണിടിയും. ഇതാവാം പെട്ടിമുടിയിൽ സംഭവിച്ചത്. പെട്ടിമുടിക്ക് എതിർഭാഗത്തെ മലയിൽ 6ന് തന്നെ മറ്റൊരു ചെറിയ ഉരുൾപൊട്ടലും പരിശോധനാ സംഘം കണ്ടെത്തി. ഇതിന്റെ അഘാതവും പെട്ടിമുടയിലെ ഉരുൾപൊട്ടൽ രൂക്ഷമാകാൻ കാരണമായെന്നാണു കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com