ADVERTISEMENT

തൊടുപുഴ∙ പരാതികൾക്കു നേരെ സർക്കാർ സംവിധാനങ്ങൾ കണ്ണടച്ചിട്ടുണ്ടോയെന്ന മനോരമയുടെ അന്വേഷണത്തിൽ ലഭിച്ചതു ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ. 3 മണിക്കൂർ നീണ്ടുനിന്ന ഫോൺ ഇൻ പ്രോഗ്രാമിലേക്കു ലഭിച്ചതു നൂറിലധികം കോളുകൾ. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തീരാക്കുരുക്കുകളുമായിരുന്നു ഭൂരിഭാഗം പരാതികളിലും.

തിരഞ്ഞെടുത്ത പ്രതികരണങ്ങൾ

 കയ്യേറ്റവുമായി ബന്ധപ്പെട്ടു പൊലീസും വനംവകുപ്പും തമ്മിലുള്ള തർക്കത്തിൽ ദുരിതം അനുഭവിക്കുന്നതു ഞങ്ങളാണ്. വനം വകുപ്പിന്റെയും പൊലീസിന്റെയും ഭൂമിയുടെ നടുവിലാണു ഞങ്ങളുടെ ഭൂമി. അച്ഛന്റെ പേരിലുണ്ടായിരുന്ന പുരയിടത്തിൽ നിന്നു സഹോദരനു വീതം വച്ചു നൽകിയ ഭൂമി അളന്നു തിരിച്ചു നൽകാനായിട്ടില്ല. സ്വന്തം പറമ്പിൽ നിന്നു മരം മുറിച്ചതു പൊലീസ് തടഞ്ഞു. അന്വേഷണത്തിൽ ഞങ്ങളുടെ സ്ഥലമാണെന്നു ബോധ്യപ്പെട്ടെങ്കില‍ും ഭൂമി അളന്നു തിരിച്ചു നൽകിയിട്ടില്ല. ഈ ആവശ്യവുമായി വിവിധ ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ടു മാസങ്ങൾ പിന്നിട്ടു. -അനീഷ് ഏബ്രഹാം, പീരുമേട്

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് അംഗീകാരവും ശമ്പളവും നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സാങ്കേതിക ന്യായങ്ങൾ പറഞ്ഞു അധികൃതർ നടപടികൾ വൈകിപ്പിക്കുകയാണ്. നിയമനാംഗീകാരം നൽകുന്നതിനുള്ള സമന്വയ സോഫ്റ്റ്‍‌വെയറിൽ നിന്ന് അപ്രൂവൽ ബട്ടൺ, അപ്പീൽ ബട്ടൺ എന്നിവ പിൻവലിച്ചു സാങ്കേതിക തകരാർ എന്നു വരുത്തിത്തീർക്കുകയായിരുന്നു. ഈ കാര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണം. -ജോസ്മി ജോസഫ്, കട്ടപ്പന

ബന്ധുക്കളുമായുണ്ടായ തർക്കത്തിൽ കോടതിയിൽ നിന്നു അനുകൂല വിധിയുണ്ടായിട്ടു രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കലക്ടർ, പൊലീസ് എന്നിങ്ങനെ വിവിധ അതോറിറ്റികളിൽ പരാതി നൽകിയിട്ടും രാഷ്ട്രീയ പിൻബലത്തിൽ ഇവർ രക്ഷപ്പെടുകയാണ്. -അലീന രാജു, രാജകുമാരി

2008 മുതൽ ഭർത്താവിനെ കാണാതായി. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. വനിതാ കമ്മിഷനെയും പരാതിയുമായി സമീപിച്ചു. അന്വേഷണ പുരോഗതിയെക്കുറിച്ച് അറിയാൻ പൊലീസിനെ സമീപിച്ചെങ്കിലും നിരന്തരമായി അവഗണിച്ചു. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല.  -ത്രേസ്യാമ്മ ജോസ്

2018ലെ പ്രളയത്തിൽ വീടിനു സാരമായ കേടുപാടുകൾ ഉണ്ടായി. വില്ലേജ് ഓഫിസിൽ നിന്ന് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു. പരാതിയുടെ പുരോഗതി അന്വേഷിച്ചപ്പോൾ അർഹരല്ലെന്നാണ് അധികൃതർ പറഞ്ഞത്. കലക്ടർക്കും അദാലത്തിലും പരാതി നൽകിയിരുന്നു. മണ്ണിടിഞ്ഞ് 5 ആടും നഷ്ടപ്പെട്ടിരുന്നു. ഇതിനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. -അമൃത അജേഷ്, വണ്ണപ്പുറം

സഹോദരന്റെ പേരിലുള്ള ജല അതോറിറ്റി കണക്‌ഷനു ലോക്ഡൗൺ കാലയളവിൽ വന്ന ബില്ല് 28677 രൂപയാണ്. അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഘട്ടംഘട്ടമായി അടയ്ക്കാനുള്ള സൗകര്യം ചെയ്തു തരാമെന്നായിരുന്നു പറഞ്ഞത്. 25 തവണയാക്കി തന്നാലും ഭീമമായ തുക എങ്ങനെ തിരിച്ചടയ്ക്കാനാണ്. -അബ്ദുൽ ജലാൽ, വണ്ടിപ്പെരിയാർ

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ വില്ലേജ് ഓഫിസ് താലൂക്കിലേക്കു നൽകിയ റിപ്പോർട്ട് 15 ശതമാനം കേടുപാടുകൾ മാത്രമേയുള്ളുവെന്നാണ്. വീട് പുതുക്കിപ്പണിയാതെ താമസിക്കാൻ കഴിയില്ലെന്ന അവസ്ഥയായതിനാ‍ൽ ഞാൻ താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ടു. തുടർന്നു കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. അന്വേഷണത്തിന് കലക്ടർ താലൂക്കിലേക്കും അവിടെ നിന്നു വില്ലേജ് ഓഫിസിലേക്കും പരാതി കൈമാറി. വീണ്ടും അന്വേഷണം നടത്തേണ്ടതു പഴയ വില്ലേജ് ഓഫിസർ തന്നെയാണ്. ഞാൻ എങ്ങനെ നീതി പ്രതീക്ഷിക്കും. -ഒ.ജെ. പൗലോസ്,പണിക്കമുടി, അടിമാലി

2018ലെ പ്രളയത്തിൽ വീടു പൂർണമായും തകർന്നു. 2 വർഷമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നു. ലൈഫ് പദ്ധതി വഴി അപേക്ഷ നൽകിയെങ്കിലും അർഹരല്ലെന്നാണു മറുപടി ലഭിച്ചത്. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതികൾ നൽകിയിരുന്നു. അർഹതയില്ലാത്തവർക്കു വീടുകൾ നൽകുമ്പോഴും ഞങ്ങളെപ്പോലുള്ളവർ പുറത്താണ്. -ടി.സി.ബിന്ദു, വാത്തിക്കുടി

എന്റെ വീട്ടിലേക്കുള്ള വഴിയിലേക്കും വീട്ടിലെ മുറികളെയും ലക്ഷ്യമാക്കി അയൽ‍വാസി സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിനെതിരെ മുഖ്യമന്ത്രി മുതൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വരെ പരാതിയുമായി ചെന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് പരാതി ഫയലിൽ സ്വീകരിച്ച ശേഷം ജില്ലാ പൊലീസിനു കൈമാറിയതായി അറിയിച്ചു. പക്ഷേ, ഇതുവരെ അന്വേഷണത്തിനായി ആരും എത്തിയിട്ടില്ല. -റോയ് ഹേസ്റ്റിങ്സ്, മൂന്നാർ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com