ADVERTISEMENT

ചെറുതോണി ∙ മികച്ച ചികിത്സാ സൗകര്യങ്ങൾ തേടി ആശുപത്രികൾ തോറും കയറിയിറങ്ങിയിരുന്ന മലയോര ജനതയ്ക്ക് ജില്ലയിൽത്തന്നെ മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കുന്നതിനു സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി സമുച്ചയത്തിൽ ആരംഭിച്ച ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഇടുക്കി മെഡിക്കൽ കോളജിലെ ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഇടുക്കി മെഡിക്കൽ കോളജിലെ ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

അംഗീകാരം നഷ്ടമായ മെഡിക്കൽ കോളജിനെ മികച്ച ആശുപത്രിയായും പിന്നെ അടിസ്ഥാനസൗകര്യങ്ങൾ എല്ലാമുള്ള മെഡിക്കൽ കോളജ് ആയും മാറ്റുന്നതിനുള്ള പരിശ്രമങ്ങൾക്കു സർക്കാർ നേരിട്ടു നേതൃത്വം നൽകുകയായിരുന്നു. ഇതിനു ഫലം കണ്ടുതുടങ്ങി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കാരണമാണു മെഡിക്കൽ കോളജിന് അംഗീകാരം നഷ്ടമായത്. ഇതു പരിഹരിച്ചതോടെ ഇടുക്കിയിൽ മെഡിക്കൽ വിദ്യാഭ്യാസം പുനരാരംഭിക്കാൻ കഴിയുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

നിലവിൽ 80 കിടക്കകളുള്ള ആശുപത്രിയിൽ 300 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഇതിന്റെ ആദ്യ ഘട്ടമായാണു വിപുലമായ ഒപി പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഹൈറേഞ്ചിലെ ഏറ്റവും ഉന്നത ചികിത്സാ കേന്ദ്രമായി ഇടുക്കി മെഡിക്കൽ കോളജ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എം.എം.മണി പ്രഭാഷണം നടത്തി. ഇടുക്കി മെഡിക്കൽ കോളജിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥി ആയിരുന്നു. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്.ബിജിമോൾ, പി.ജെ.ജോസഫ്, എസ്.രാജേന്ദ്രൻ, കലക്ടർ എച്ച്.ദിനേശൻ, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം സി.വി.വർഗീസ്, ജില്ലാ മെഡിക്കൽ ഓഫിസർ എൻ.പ്രിയ എന്നിവർ പ്രസംഗിച്ചു.

ഒപി, ഐപി വിഭാഗങ്ങൾ ഒന്നാം ബ്ലോക്കിൽ

ഇടുക്കി മെഡിക്കൽ കോളജിലെ ഒപി വിഭാഗത്തിന്റെ പ്രാദേശിക ഉദ്ഘാടനം മന്ത്രി എം.എം.മണി നിർവഹിക്കുന്നു.
ഇടുക്കി മെഡിക്കൽ കോളജിലെ ഒപി വിഭാഗത്തിന്റെ പ്രാദേശിക ഉദ്ഘാടനം മന്ത്രി എം.എം.മണി നിർവഹിക്കുന്നു.

∙ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന പുതിയ ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ബ്ലോക്കിലാണ് ഒപി, ഐപി വിഭാഗങ്ങൾ ആരംഭിക്കുന്നത്. നിലവിൽ ഒന്നാം ബ്ലോക്കിലെ മൂന്നാം നിലയിലെ സെൻട്രൽ ലബോറട്ടറി സോണിൽ ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനിക സംവിധാനങ്ങളോടു കൂടിയ മോളിക്യുലാർ ലാബ് (ആർടിപിസിആർ ലാബ്) എന്നിവ സജ്ജീകരിച്ച് ഐസിഎംആറിന്റെ അംഗീകാരത്തോടെ വൈറോളജി കേന്ദ്രവും ആരംഭിച്ചു.

അത്യാഹിത വിഭാഗം പഴയ കെട്ടിടത്തിൽ

∙ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഓഫിസും അത്യാഹിത വിഭാഗവും തൽക്കാലം പഴയ ആശുപത്രി മന്ദിരത്തിൽ തന്നെയാകും പ്രവർത്തിക്കുക. പുതിയ മന്ദിരത്തിൽ ഐസിയു സംവിധാനം ആരംഭിക്കുന്നതോടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനവും ഇവിടേക്കു മാറും.

മെഡിക്കൽ കോളജിൽ ഇ–ഹെൽത്ത് പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിൽ മാത്രമേ കേന്ദ്രീകൃത കംപ്യൂട്ടർ സംവിധാനം ഒരുങ്ങുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഇതിന് ഒരു മാസം കൂടി വേണ്ടിവരും. ഇതിനു ശേഷമേ മെഡിക്കൽ കോളജ് ഓഫിസും കോൾ സെന്ററും പുതിയ മന്ദിരത്തിൽ ആരംഭിക്കുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com