ADVERTISEMENT

നെടുങ്കണ്ടം ∙ അന്നു ഭാര്യയും ഭർത്താവും ഒരുമിച്ചു മത്സരിച്ചു വിജയിച്ചു. ഇന്നു മരുമകളുടെ വിജയത്തിനു തന്ത്രങ്ങൾ ഒരുക്കി വിജയത്തിലെത്തിച്ചു. നെടുങ്കണ്ടം ബ്ലോക്ക് ഡിവിഷനിൽ നിന്നു മത്സരിച്ചു വിജയിച്ച മരുമകൾ വനജകുമാരിക്കു കരുത്തായത് അമ്മ രാജമ്മയായിരുന്നു. 1979 ൽ നെടുങ്കണ്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരുന്നു കോമ്പയാറിലെ ഒരു കുടുംബത്തിൽ നിന്നു ഭാര്യയും ഭർത്താവും മത്സരിച്ചത്. കോമ്പയാർ സജീവ് ഭവനിൽ ഡി.രാധാകൃഷ്ണനും ഭാര്യ കെ.ബി. രാജമ്മയുമായിരുന്നു ആ സ്ഥാനാർഥികൾ. ഈ തദ്ദേശ തിരഞ്ഞെടുപ്പിനു കാത്തുനിൽക്കാതെ ഡി.രാധാകൃഷ്ണൻ 2019 ജൂലൈ 30നു വിടപറഞ്ഞു.

അന്നത്തെ തിരഞ്ഞെടുപ്പ് ഓർമകൾ കെ.ബി.രാജമ്മ മനോരമയുമായി പങ്കു വയ്ക്കുകയാണ്: അന്നു നെടുങ്കണ്ടം പഞ്ചായത്തിന്റെ ഏഴാം വാർഡ് രാമക്കൽമേട് മുതൽ പുഷ്പകണ്ടം വരെയാണ്. ഇവിടെയാണു ഞാൻ മത്സരിച്ചത്. ഡി.രാധാകൃഷ്ണൻ കോമ്പയാർ ഉൾപ്പെടുന്ന അന്നത്തെ നാലാം വാർഡിലും മത്സരിച്ചു. സിപിഎം സ്ഥാനാർഥികളായാണ് ഞങ്ങൾ 2 പേരും മത്സരിച്ചത്. മത്സരം ഇന്നത്തെ പോലല്ല. പുലർച്ചെ 2 പേരും വീട്ടിൽ നിന്ന് ഇറങ്ങും. ഒപ്പം പാർട്ടിയുടെ പ്രവർത്തകരുമുണ്ട്. അന്ന് 33 വയസ്സാണ്. രാമക്കൽമേട് മുതൽ പുഷ്പകണ്ടം വരെയുള്ള വീടുകൾ കയറിയിറങ്ങി വോട്ട് തേടണം. 

ഓരോ വീടും കയറിയിറങ്ങി വോട്ട് അഭ്യർഥിക്കും. വാഹനങ്ങളും ഫോൺ സൗകര്യവും ഒന്നുമില്ല. നടന്നെത്തിയാണു വോട്ട് ചോദിക്കുന്നത്. ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളും ഇന്റർനെറ്റ് സംവിധാനങ്ങളുമുണ്ട്. അന്ന് ഇതൊന്നുമില്ല. മാത്രമല്ല വാർഡുകളുടെ വിസ്തൃതിയുമേറെയാണ്. നന്നായി കഷ്ടപ്പെട്ടാലേ വിജയിക്കാൻ കഴിയൂ. 1979ലെ തിരഞ്ഞെടുപ്പിൽ ഞാൻ നിന്ന ഏഴാം വാർഡിൽ 400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി. ഭർത്താവ് ഡി.രാധാകൃഷ്ണൻ 56 വോട്ടിനും വിജയിച്ചു. 

ഭരണം യുഡിഎഫ് ഭരണ സമിതിക്കായിരുന്നു. 13 അംഗ ഭരണസമിതിയിൽ ഭാര്യയും ഭർത്താവുമായ ഞങ്ങൾ 2 പേർ മാത്രമായിരുന്നു സിപിഎം അംഗങ്ങൾ. 1987ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെ.ബി.രാജമ്മ നൂറിലധികം വോട്ടിനു പരാജയപ്പെട്ടു. വീണ്ടും 2000ത്തിൽ ഒന്നുകൂടി പയറ്റി നോക്കി അഞ്ചാം വാർഡിൽ നിന്നു നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ചു. മകൻ ആർ.സജീവ് ലാലിന്റെ ഭാര്യയാണു വനജകുമാരി. നോമിനേഷൻ നൽകുന്ന സമയം മുതൽ ഈ അമ്മയും വനജകുമാരിക്കൊപ്പം വിജയവാർത്ത എത്തുന്നതു വരെ കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com