ADVERTISEMENT

തൊടുപുഴ ∙ ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ കട്ടപ്പന യുഡിഎഫ് നിലനിർത്തിയപ്പോൾ തൊടുപുഴയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. കട്ടപ്പന നഗരസഭയിൽ 22 സീറ്റുകൾ നേടിയാണു യുഡിഎഫ് ഭരണം നിലനിർത്തിയത്. ഇതോടെ തുടർച്ചയായ മൂന്നാം തവണയാണു യുഡിഎഫ് അധികാരത്തിൽ വരുന്നത്.തൊടുപുഴയിൽ 35 അംഗ കൗൺസിലിൽ യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി 8, സ്വതന്ത്രർ 2 എന്നിങ്ങനെയാണു കക്ഷിനില. 2 സ്വതന്ത്രരും യുഡിഎഫ് വിമതരായി വിജയിച്ചവരാണ്. 2015ലെ തിരഞ്ഞെടുപ്പിലും ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കഴിഞ്ഞ തവണ യുഡിഎഫ് 14, എൽഡിഎഫ് 13, ബിജെപി 8 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒരാളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ അന്നു യുഡിഎഫിന് ഭരണം ലഭിച്ചു. ഇത്തവണയും ഒരാളുടെ ഭൂരിപക്ഷം ഉണ്ടെന്നതു മാത്രമാണു യുഡിഎഫ് പക്ഷത്തിനുള്ള ആശ്വാസം.

കട്ടപ്പനയിൽ ഇത്തവണ 26 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റിൽ ജയിച്ചു. 8 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് (ജോസഫ്) 3 സീറ്റിൽ ജയിച്ചു. 13 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് (എം) 2 സീറ്റിൽ മാത്രമാണു ജയിക്കാനായത്. 12 സീറ്റിൽ മത്സരിച്ച സിപിഎം 5 സീറ്റിലും സിപിഐയും ജനതാദളും ഒരോ സീറ്റിലും ജയിച്ചു.ഇരുമുന്നണികളിലായി 3 നഗരസഭാ വാർഡുകളിലാണു കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടിയത്. അതിൽ 2 സീറ്റിൽ ജോസഫ് വിഭാഗം ജയിച്ചപ്പോൾ ഒരു സീറ്റ് ഇരു വിഭാഗത്തെയും പിന്തള്ളി ബിജെപി സ്വന്തമാക്കി.

തൊടുപുഴയിൽ നിർണായകം വിമതരുടെ നിലപാട്

തൊടുപുഴയിൽ ജയിച്ച രണ്ടു യുഡിഎഫ് വിമതരുടെ നിലപാടു ഭരണം നിശ്ചയിക്കുന്നതിൽ നർണായകമാകും. ബിജെപി നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയും വിമർ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുകയും ചെയ്താൽ ഭരണം ആ മുന്നണിക്കു ലഭിക്കും. അതിനാൽ വിമതരെ ചുറ്റിപ്പറ്റിയാകും ഇനി നഗരസഭയുടെ ഭരണം സംബന്ധിച്ചു മുന്നണികളുടെ നീക്കംഇത്തവണ യുഡിഎഫിനും എൽഡിഎഫിനും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ ഒരോ സീറ്റ് കുറഞ്ഞപ്പോൾ ബിജെപി കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്തി. കോൺഗ്രസിന്റെ 3 സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഇതിൽ കീരികോട് വാർഡിൽ കോൺഗ്രസ് വിമത ജയിച്ചപ്പോൾ കോളജ് വാർഡ് ബിജെപി പിടിച്ചെടുത്തു. അറക്കപ്പാറ 26–ാം വാർഡിൽ കോൺഗ്രസ് ഔദ്യോഗിക സഥാനാർഥിക്കു പുറമേ 2 വിമതരും രംഗത്തു വന്നതോടെ വിജയം കേരള കോൺഗ്രസ് (എം) നേടി.

കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച വേങ്ങത്താനം 3–ാം വാർഡ്, ഹോളി ഫാമിലി ആശുപത്രി 10–ാം വാർഡ് എന്നിവ സിപിഎമ്മിൽനിന്നും ബിജെപി വിജയിച്ച 33 കോഓപ്പറേറ്റീവ് ആശുപത്രി വാർഡ് ബിജെപിയിൽനിന്നും കോൺഗ്രസ് പിടിച്ചെടുത്തു. ഇത്‌ ആശ്വാസം നൽകുന്നുണ്ടെങ്കിലും സിറ്റിങ്‌ സീറ്റുകൾ നഷ്ടപ്പെട്ടതും കേവല ഭൂരിപക്ഷം നേടാനാകാത്തതും തിരിച്ചടിയായി.കഴിഞ്ഞ തവണ സിപിഎം ജയിച്ച 11 കല്ലുമാരി വാർഡ് ഇത്തവണ ജോസഫ് വിഭാഗം പിടിച്ചെടുത്തതാണ്‌ അവർക്ക്‌ ലഭിച്ച കച്ചിത്തുരുമ്പ്. അതേസമയം, എൽഡിഎഫിന് 3 വാർഡുകൾ നഷ്ടമായപ്പോൾ കഴിഞ്ഞ തവണ കോൺഗ്രസിന്റെ കൈവശമിരുന്ന 26–ാം വാർഡും കേരള കോൺഗ്രസ് എമ്മിന്റെ 34–ാം വാർഡും ലഭിച്ചത് സീറ്റ് എണ്ണത്തിൽ മുന്നിലെത്താൻ അവരെ സഹായിച്ചു. ബിജെപിയുടെ ഒരു സീറ്റ് നഷ്ടമായപ്പോൾ ഒന്നു കോൺഗ്രസിൽ നിന്നു പിടിച്ചെടുക്കാൻ കഴിഞ്ഞു. എങ്കിലും കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ഒരു സീറ്റ് പോലും കൂടുതൽ നേടാനായില്ല. ഫലത്തിൽ മൂന്നു മുന്നണികൾക്കും വിജയം അവകാശപ്പെടാനില്ല.

തൊടുപുഴ;ആകെ സീറ്റ് 35
യുഡിഎഫ് 13, എൽഡിഎഫ് 12, 
ബിജെപി 8, സ്വതന്ത്രർ 2

കട്ടപ്പന;ആകെ സീറ്റ് 34
യുഡിഎഫ് 22, എൽഡിഎഫ് 9, 
ബിജെപി 2, സ്വതന്ത്ര 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com