ADVERTISEMENT

തൊടുപുഴ ∙ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തൊടുപുഴ നഗരസഭ ഭരണം പിടിക്കാൻ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവരുടെ  പിന്തുണ തേടി മുന്നണികൾ. കോൺഗ്രസ് വിമതരായി മത്സര രംഗത്ത് വന്ന 12 –ാം വാർഡ് കൗൺസിലർ സനീഷ് ജോർജ്, 19–ാം വാ‍ഡ് കൗൺസിലർ നിസ സക്കീർ എന്നിവരുടെ നിലപാട് അനുസരിച്ചായിരിക്കും  ഇനി നഗരസഭ ഭരണം. ഇവർ ഏത് മുന്നണിയെ പിന്തുണയ്ക്കും എന്ന് അനുസരിച്ചായിരിക്കും ഇത്. 35 അംഗ കൗൺസിലിൽ യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി 8, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷി നില.  വിമതരായി വിജയിച്ച ആരെങ്കിലും ഒരാൾ പിന്തുണ നൽകിയാൽ   13 അംഗങ്ങളുള്ള യുഡിഎഫിന്  ഭരണം ഏറെക്കുറെ ഉറപ്പിക്കാം. എന്നാൽ 2 വിമതരും എൽഡിഎഫിന് ഒപ്പം നിന്നാൽ ഭരണം അവർക്ക് ലഭിക്കും. ഭരണം പിടിക്കാനുള്ള  സാധ്യതയാണ് മുന്നണികൾ തേടുന്നത്. വിമതരെ ഒപ്പം നിർത്തി തുടർ ഭരണം നടത്താൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. അതേ സമയം ഇവർക്ക് ചില സ്ഥാനങ്ങൾ  നൽകി   ഒപ്പം നിർത്തി ഭരണം പിടിച്ചെടുക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ഇതിനുള്ള കരുനീക്കങ്ങൾ ഇവർ ആരംഭിച്ചു. ചില എൽഡിഎഫ് നേതാക്കൾ കോൺഗ്രസ് വിമതരെ ബന്ധപ്പെട്ടതായി പറയുന്നു. 

ഇതിനിടെ യുഡിഎഫിന് ഒപ്പം നിന്ന് സ്വതന്ത്രരായി വിജയിച്ച ചില വനിതകളെ  ചില സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത്  ഒപ്പം നിർത്താനും എൽഡിഎഫിലെ ചിലർ  ശ്രമം ആരംഭിച്ചതായി പറയുന്നുണ്ട്. വിമതരെ ഒപ്പം നിർത്തി ഭരണം വീണ്ടും പിടിക്കാൻ യുഡിഎഫും ശ്രമം നടത്തുന്നുണ്ട്. ഇതിനായി വിമതരെ രംഗത്ത് ഇറക്കിയ ചില   നേതാക്കളെയും മറ്റും  യുഡിഎഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. 

അതേ സമയം ഏത് മുന്നണിക്ക് പിന്തുണ നൽകണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സ്വതന്ത്രർ പറഞ്ഞു. സീറ്റ്‌ തർക്കത്തെ തുർന്ന്‌ തങ്ങളെ സ്ഥാനാർഥി ആക്കിയവരുടെയും പിന്തുണച്ച് കൂടെ നിന്നവരുടേയും അഭിപ്രായം അനുസരിച്ചായിരിക്കും ഭാവി പ്രവർത്തനങ്ങൾ എന്നും ഇവർ പറഞ്ഞു. ഇതിനിടെ 12–ാം വാർഡിൽ   ഫലം അറിഞ്ഞ ദിവസം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കുന്നംഭാഗത്ത് കെപിസിസി ജന.സെക്രട്ടറി റോയി കെ. പൗലോസിന്റെയും ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദിന്റെയും കോലം കത്തിച്ചു.   കുന്നം മേഖലയിൽ കോൺഗ്രസിനു സീറ്റുകൾ വാങ്ങിച്ചെടുക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടതായി ആരോപിച്ചായിരുന്നു കോലം കത്തിക്കൽ. അതേ സമയം സ്ഥാനാർഥികളെ നിശ്ചയിച്ചത് ഡിസിസി ആണെന്ന് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് പറഞ്ഞു. അതു പോലെ യുഡിഎഫിന് പുറത്തുള്ളവരുമായി ഒരു തരത്തിലുമുള്ള കരാർ ഉണ്ടാക്കി നഗരസഭ ഭരണം ഉറപ്പിക്കാൻ തങ്ങൾ തയാറല്ലെന്നും ബിജെപി ഒഴികെ ഉള്ളവരുടെ പിന്തുണ തേടുമെന്നും ജാഫർഖാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com