ADVERTISEMENT

തൊടുപുഴയിൽ അടിത്തറ ഇളകാതെ പി.ജെ.ജോസഫ് വിഭാഗം

ഇടുക്കി മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്

തൊടുപുഴ ∙ ഇടുക്കിയിൽ തദ്ദേശ സ്ഥാപനങ്ങൾ ആരുഭരിക്കും എന്നറിയുന്നതിനെക്കാൾ ആവേശമായിരുന്നു കേരള കോൺഗ്രസുകളിൽ ആരാണ് ഇടുക്കിയിലെ ശക്തർ എന്നറിയാൻ. രാഷ്ട്രീയ ഭീഷ്മാചാര്യനാണു താനെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു പി.ജെ.ജോസഫിനെങ്കിൽ പുത്തൻ രാഷ്ട്രീയ അടവുകളുമായെത്തി ചാണക്യനാവാനായിരുന്നു ജോസ് കെ.മാണിയുടെ ശ്രമം. ഇടുക്കിയെ സംബന്ധിച്ചു രണ്ടുപേർക്കും മനസ്സിൽ കണ്ടെതൊന്നും നടപ്പാക്കാനായില്ലെങ്കിലും കടന്നുകൂടാനായി.

ജില്ലാ പഞ്ചായത്തിൽ മത്സരിച്ച 4 സീറ്റിൽ ഒരിടത്തു മാത്രമാണു ജോസ് വിഭാഗത്തിനു നേടാനായത്. എന്നാൽ, എൽഡിഎഫ് വിജയത്തിൽ നിർണായക പങ്കുവഹിക്കാനായി എന്നതു നേട്ടമാണ്. 5 സീറ്റിൽ മത്സരിച്ചു നാലിലും ജയിച്ചതു ജോസഫിന്റെ ശക്തി തെളിയിക്കുന്ന പ്രകടനമാണ്. 11 സീറ്റിൽ മത്സരിച്ച കോൺഗ്രസ് വെറും 2 സീറ്റിലൊതുങ്ങിയതോടെ യുഡിഎഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജോസഫ്. ഈ കണക്കുകളിൽ നിന്നു വരുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള കണക്കു കൂട്ടലുകളിലേക്കു തിരിയുകയാണ് ഇരുപാർട്ടികളും.

∙ ഇളകാതെ തൊടുപുഴ

ഇടുക്കിയിലും സംസ്ഥാനത്താകമാനവും ഇടതുമുന്നണിയുടെ തേരോട്ടം നടന്നപ്പോഴും തൊടുപുഴ നിയമസഭാ മണ്ഡലം യുഡിഎഫിനൊപ്പം ഉറച്ചുനിന്നു. 8 പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നേടിയപ്പോൾ എൽഡിഎഫ് രണ്ടിടത്ത് ഒതുങ്ങി. തൊടുപുഴ നഗരസഭയിൽ യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടി. മണ്ഡലത്തിൽ പി.ജെ.ജോസഫിന്റെ അടിത്തറയ്ക്കു കോട്ടം സംഭവിച്ചില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

∙ ഇടറി ഇടുക്കി

യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി നിൽക്കുമ്പോഴും റോഷി അഗസ്റ്റിന്റെ മുന്നണിമാറ്റം ഇടുക്കിയെ രാഷ്ട്രീയ ചർച്ചകളിൽ നിറച്ചു. കേരള കോൺഗ്രസ് (എം) കൂടെയുണ്ടെങ്കിൽ എൽഡിഎഫ് ഒന്നാഞ്ഞു വലിച്ചാൽ ഇടുക്കി ഇങ്ങുപോരും എന്നാണ് ഇടതു പ്രതീക്ഷ. 4 പഞ്ചായത്ത് എൽഡിഎഫ് പിടിച്ചപ്പോൾ യുഡിഎഫ് മൂന്നിൽ ഒതുങ്ങി. രണ്ടിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ഈ ചാഞ്ചാട്ടം യുഡിഎഫിനെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. അതേസമയം കട്ടപ്പന നഗരസഭയിലെ യുഡിഎഫ് കുതിച്ചുചാട്ടം ചെറിയ ആശ്വാസം നൽകുന്നു. ഇവിടെ 13 സീറ്റിൽ മത്സരിച്ച ജോസ് വിഭാഗം 3 ഇടത്തു മാത്രമാണ് പച്ചതൊട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com