ടയറിനു നടുവിൽ പെട്ടിട്ടും ജീവൻ തിരിച്ചു കിട്ടി രവി; കടയിലേക്ക് ടോറസ് പാഞ്ഞുകയറി, യുവാവിന്റെ കാലുകൾ അറ്റു

അടിമാലി– കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ ടോറസ് നിയന്ത്രണം വിട്ടുണ്ടായ അപകടം.
അടിമാലി– കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ ടോറസ് നിയന്ത്രണം വിട്ടുണ്ടായ അപകടം.
SHARE

അടിമാലി∙ അടിമാലി– കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ കാലുകൾ അറ്റു. 3 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടവും 2 വാഹനങ്ങളും തകർത്തു. വ്യാപാര സ്ഥാപനത്തിനു മുന്നിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന കല്ലാർകുട്ടി തുരുത്തേൽ അഭിലാഷ് (47) ന്റെ കാലുകളാണ് അറ്റുപോയത്. ഒപ്പമുണ്ടായിരുന്ന ഈന്തുങ്കൽ രവി (52), ടോറസ് ഡ്രൈവർ കമ്പിളിക്കണ്ടം കാലാകൂടത്ത് വിഷ്ണു (28) എന്നിവർക്കാണ് പരുക്കേറ്റത്. അഭിലാഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ 2 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9.15നാണ് അപകടം. നേര്യമംഗലം ഭാഗത്തു നിന്നു റോഡു നിർമാണത്തിനുള്ള ടാറിങ് മിശ്രിതവുമായി വെള്ളത്തൂവലിനു പോകുകയായിരുന്ന ടോറസാണ് അപകടത്തിൽപെട്ടത്. എതിരെ വരികയായിരുന്ന ആയിരമേക്കർ പാറയിൽ ഗിരീഷിന്റെ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയും മറ്റൊരു കാറിൽ തട്ടിയ ശേഷം കരിമ്പനക്കൽ പൗലോസിന്റെ കെട്ടിടത്തിലേക്ക്  പാഞ്ഞുകയറുകയായിരുന്നു. മലഞ്ചരക്ക് കട, ലോട്ടറിക്കട എന്നിവ പൂർണമായും തകർന്നു. ഇവിടെ നിന്ന് എതിർ ദിശയിലേക്ക് തിരിഞ്ഞു വാഹനം നിന്നതാണ് കൂടുതൽ ദുരന്തം ഒഴിവാകാൻ കാരണമായത്.

അൽപം കൂടി മുന്നോട്ടു പോയിരുന്നെങ്കിൽ ബസ് കാത്തു നിന്നിരുന്ന യാത്രക്കാർ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തകർത്ത് വാഹനം കല്ലാർകുട്ടി അണക്കെട്ടിലേക്ക് പതിക്കുമായിരുന്നുമെന്നു ദൃക്സാക്ഷികൾ പറ‍ഞ്ഞു. അപകടത്തിൽ പൂർണമായി തകർന്ന ജീപ്പിൽ നിന്ന് ഡ്രൈവർ ഗിരീഷ് പരുക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതോടൊപ്പം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട രവി ടോറസിന് അടിയിൽ ഇരു വശത്തുമുള്ള ടയറുകളുടെ നടുവിൽ പെട്ടതാണ് ജീവൻ തിരിച്ചു കിട്ടാൻ കാരണമായത്. അടിമാലിയിൽ നിന്ന് പൊലീസ്, ഫയർഫോഴ്സ് യൂണിറ്റ് എത്തി വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിക്കാനായത്.

7 മാസം മുൻപും ഇവിടെ സമാന സ്വഭാവമുള്ള അപകടം

കഴിഞ്ഞ ജൂണിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇവിടെ അപകത്തിൽപെട്ടിരുന്നു. കല്ലാർകുട്ടി അണക്കെട്ടിലേക്ക് പതിക്കുമായിരുന്ന ലോറി 3 ഇരുചക്ര വാഹനങ്ങൾ തകർത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് പാഞ്ഞുകയറി നിന്നതാണ് ദുരന്തം വഴി മാറിയത്. നിയന്ത്രണം വിട്ടെത്തുന്ന വാഹനം ശ്രദ്ധയിൽപെട്ടതോടെ ബസ് കാത്തു നിന്നിരുന്ന യാത്രക്കാർ ഓടി മാറുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA