ADVERTISEMENT

ആ പെൺകുട്ടികളുടെ സ്ഥാനത്ത് ഞങ്ങളായിരുന്നെങ്കിൽ പ്രസംഗം നടത്തിയ മുൻ എംപിയെ കോടതി കയറ്റിയേനെ; രാഹുൽഗാന്ധിക്ക് എതിരെ മുൻ എംപി ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശത്തെക്കുറിച്ച് കോളജ് വിദ്യാർഥികൾ പ്രതികരിക്കുന്നു. വേലികെട്ടേണ്ട നാവുകളെക്കുറിച്ചും പറയുന്ന ഓരോ വാക്കിലും സംസ്കാരത്തിന്റെ കയ്യൊപ്പ് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്വേഷത്തിന്റെയും അവഹേളനത്തിന്റെയും ഭീഷണിയുടെയും വാക്കുകൾ നേതാക്കൾ ഒഴിവാക്കേണ്ടതിനെക്കുറിച്ചുമാണ് ഈ പെൺകുട്ടികൾ സംസാരിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ കോളജിൽ നടത്തിയ സംവാദത്തിൽ നിന്ന്...

നേതാക്കൾക്ക് അറിയാവുന്ന ഭാഷയിലല്ലേ അവർക്കു സംസാരിക്കാനാവൂ എന്നുപറഞ്ഞ് എഴുതിത്തള്ളാനുള്ളതല്ല ഇത്തരം പ്രയോഗങ്ങൾ. വ്യക്തിഹത്യയാണ് പല രാഷ്ട്രീയ നേതാക്കളും പൊളിറ്റിക്സ് എന്ന പേരിൽ നടത്തുന്നത്. ഇത് അനുവദിക്കാൻ പാടില്ല. രാഷ്ട്രീയ മാന്യത എല്ലാ മുന്നണിയും പഠിക്കേണ്ടിയിരിക്കുന്നു.

മരിയാ സാബു കൊമേഴ്സ് വിദ്യാർഥിനി- നേതാക്കൾക്ക് അറിയാവുന്ന ഭാഷയിലല്ലേ അവർക്കു സംസാരിക്കാനാവൂ എന്നുപറഞ്ഞ് എഴുതിത്തള്ളാനുള്ളതല്ല ഇത്തരം പ്രയോഗങ്ങൾ. വ്യക്തിഹത്യയാണ് പല രാഷ്ട്രീയ നേതാക്കളും പൊളിറ്റിക്സ് എന്ന പേരിൽ നടത്തുന്നത്. ഇത് അനുവദിക്കാൻ പാടില്ല. രാഷ്ട്രീയ മാന്യത എല്ലാ മുന്നണിയും പഠിക്കേണ്ടിയിരിക്കുന്നു.

ദിയ സിബി കൊമേഴ്സ് വിദ്യാർഥിനി-
സെൽഫ് ഡിഫൻസ് പഠിപ്പിക്കുന്നത് എങ്ങനെയാണ് അശ്ലീലമാകുന്നത് ? ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ മനസ്സിലാണ് അശ്ലീലം. എല്ലാ സ്ത്രീകളോടും മാപ്പു പറയണ്ട ഗുരുതരമായ കുറ്റമാണ് ജോയ്സ് ജോർജ് നടത്തിയത്.

മേഘ യു. കൃഷ്ണ നിയമ വിദ്യാർഥിനി-തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞത് നല്ല മാതൃകയാണ്. മറ്റ് രാഷ്ട്രീയ പ്രവർത്തകരും ഈ മാതൃക പിന്തുടർന്നാൽ നല്ലത്.

ആര്യ ലക്ഷ്മി നിയമ വിദ്യാർഥിനി- കോളജിലെ പെൺകുട്ടികളുടെ ശരീരത്തെക്കുറിച്ചാണ് ജോയ്സ് ജോർജിന്റെ പരാമർശം. ഇത് സെക്ഷ്വൽ അസർട്ടിന്റെ പരിധിയിൽ വരുന്ന കുറ്റമാണ്. കേസെടുത്ത് അറസ്റ്റുചെയ്ത് ഇനിയാർക്കും നാക്കുപിഴ വരാതിരിക്കാൻ മാതൃക കാട്ടുകയാണ് സർക്കാരും പൊലീസും ചെയ്യേണ്ടത്. പെൺകുട്ടികൾക്ക് ആത്മ വിശ്വാസം കൂടാനും ഇത് സഹായിക്കും.

അമീന മുഹമ്മദ് നിയമ വിദ്യാർഥിനി-  മന്ത്രി ഇരിക്കുന്ന സദസ്സിൽ ഇത്തരത്തിലൊരു പരാമർശം വരുമ്പോൾ ഇതു  തിരുത്താൻ ആരും തയാറാകാത്തത് വിഷമം ഉള്ള കാര്യമാണ്. അരാഷ്ട്രീയ പ്രയോഗങ്ങളെ തടുക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. ആ വേദിയിൽ ഉണ്ടായിരുന്നവർ എല്ലാവരും കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണ്.

കാശ്മീര നഫിർ, നിയമ വിദ്യാർഥിനി- കല്യാണം കഴിക്കാത്തവരുടെ മുന്നിൽ പെൺകുട്ടികൾ പോകരുതെന്നല്ലേ മുൻ എം.പി പറഞ്ഞതിന്റെ സാരം? ഇതെന്തുമാത്രം നിന്ദ്യമായ കാര്യമാണ്. രാഹുൽ മാത്രമാണോ അവിവാഹിതനായിട്ട് സമൂഹത്തിലുള്ളത്. വൈദികരെയും സന്യാസികളെയും അവിവാഹിതരായ നേതാക്കളെയും അപമാനിക്കുന്നതിന് തുല്യമല്ലേ ഇത്? ഇത്തരം ചിന്തകൾ വച്ചുപുലർത്തുന്നവർ സമൂഹത്തിൽ എന്തു മാറ്റം വരുത്താനാണ്?

 കെ.കെ.റിഷ്ന നിയമ വിദ്യാർഥിനി-  മുൻപ് രമേശ് ചെന്നിത്തല സ്ത്രീ പീഡന വിഷയത്തിൽ നടത്തിയ പരാമർശത്തിനെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ വനിതാ കമ്മിഷന്റെ പൊടിപോലും കാണാനില്ല. സെലക്ടീവായി നീതി നടപ്പാക്കുന്ന കമ്മിഷൻ സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. ആ പെൺകുട്ടികൾക്ക് നേരിട്ട അപമാനം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ആമി ജലാൽ നിയമ വിദ്യാർഥിനി- രാഷ്ട്രീയപ്രസംഗമല്ല, വ്യക്തിപരമായ അവഹേളനമാണ് ജോയ്സ് ജോർജിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രാഹുൽ ഗാന്ധിയെ മാത്രമല്ല, ആ പെൺകുട്ടികളെയും ആക്ഷേപിക്കുന്നതാണ് മുൻ എംപിയുടെ വാക്കുകൾ. പരാമർശം  തെറ്റായിപ്പോയെന്നും  പ്രസംഗം പിൻവലിക്കുന്നുവെന്നും ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമൊക്കെ പറഞ്ഞിട്ട് എന്താണു കാര്യം? നിയമപരമായി നടപടിയെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com