ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ ഇന്നലെ 637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17.08 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 620 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധ. 8 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 9 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 97പേർ ഇന്നലെ രോഗമുക്തി നേടി.

∙ കേസുകൾ പഞ്ചായത്ത്/നഗരസഭ തിരിച്ച്.

അടിമാലി–60, ആലക്കോട്–3, അറക്കുളം–9, അയ്യപ്പൻകോവിൽ–5, ബൈസൺവാലി–2, ചക്കുപള്ളം–5, ചിന്നക്കനാൽ–4, ഇടവെട്ടി–16, ഏലപ്പാറ–44, ഇരട്ടയാർ–24, കഞ്ഞിക്കുഴി–17, കാമാക്ഷി–11, കാഞ്ചിയാർ–10, കാന്തല്ലൂർ–1, കരിമണ്ണൂർ–10, കരിങ്കുന്നം–9, കരുണാപുരം–2, കട്ടപ്പന–43, കോടിക്കുളം–2, കൊക്കയാർ–9, കൊന്നത്തടി–10, കുടയത്തൂർ–5, കുമാരമംഗലം–19, കുമളി–18, മണക്കാട്–6, മാങ്കുളം–4, മരിയാപുരം–15,

മൂന്നാർ–10, മുട്ടം–5, നെടുങ്കണ്ടം–11, പള്ളിവാസൽ–9, പാമ്പാടുംപാറ–5, പീരുമേട്–5, പെരുവന്താനം–21, പുറപ്പുഴ–3, രാജാക്കാട്–2, രാജകുമാരി–2, സേനാപതി–5, തൊടുപുഴ–69, ഉടുമ്പൻചോല–2, ഉടുമ്പന്നൂർ–6, ഉപ്പുതറ–13, വണ്ടൻമേട്–15, വണ്ടിപ്പെരിയാർ–4, വണ്ണപ്പുറം–28, വാത്തിക്കുടി–11, വാഴത്തോപ്പ്–14, വെള്ളത്തൂവൽ–26, വെള്ളിയാമറ്റം–8.

 ചികിത്സയിലുള്ളവരുടെ എണ്ണം 5,000 കടന്നു

 കോവിഡ് പോസിറ്റീവായി ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5,000 കടന്നു. ഇന്നലെ 5,064 പേരാണ് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്നത്. കോവിഡ് ബാധിതരിൽ ഭൂരിഭാഗം പേരും വീടുകളിലാണ് കഴിയുന്നത്. ഇതു ആശുപത്രികളിലെ തിരക്കു കുറയ്ക്കാൻ ഏറെ സഹായകരമാകുന്നുണ്ട്. കാര്യമായ  രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് ഹോം ഐസലേഷനിൽ പാർപ്പിക്കുന്നത്.

അതേസമയം, ഓക്സിജൻ നൽകേണ്ടിവരുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ ഓക്സിജനു ക്ഷാമമില്ലെന്നും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയോടനുബന്ധിച്ചു ഓക്സിജൻ ജനറേറ്ററുകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ അറിയിച്ചു.  

 തിരക്ക് കുറയുന്നു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ജില്ലയിലെ പ്രധാന ടൗണുകളിൽ ഉൾപ്പെടെ തിരക്ക് കുറഞ്ഞുതുടങ്ങി. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്. മാർക്കറ്റുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ബസുകളിലും മുൻ ദിവസങ്ങളെ അപേക്ഷിച്ചു തിരക്കു കുറഞ്ഞു.

ഹോട്ടലുകളിലും സമാന സ്ഥിതിയാണ്. ടൗണുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞതോടെ ഓട്ടോറിക്ഷകൾക്കും ഓട്ടം കുറഞ്ഞു. കോവിഡ് കേസുകൾ വർധിച്ചു വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് വീണ്ടും കുറയാനിടയുണ്ട്. 

 വാക്സീൻ കുറവ്; വിട്ടൊഴിയാതെ ആശങ്ക

ജില്ലയിൽ ഇന്നലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങളിലുമായി 63 സെന്ററുകളിൽ കോവിഡ് വാക്സിനേഷൻ നടന്നു. തിങ്കളാഴ്ച എത്തിയ 20,000 ഡോസ് വാക്സീൻ ആണ് ഇന്നലെ മുതൽ നൽകി തുടങ്ങിയത്. പല കേന്ദ്രങ്ങളിലും കുത്തിവയ്പെടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലഭ്യതക്കുറവു മൂലം പരിമിതമായ ഡോസ് മാത്രം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നൽകുന്നതിനാൽ കുത്തിവയ്പിനായി എത്തുന്നവരിൽ നല്ലൊരു ശതമാനം പേരും വാക്സീൻ ലഭിക്കാതെ തിരികെ മടങ്ങുന്ന സ്ഥിതിയുണ്ട്.

കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനാൽ ഇന്ന് ജില്ലാ, താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള മേജർ ആശുപത്രികളിൽ മാത്രമാണ് വാക്സിനേഷൻ. ഒരു ദിവസം നൽകാനായി കുറഞ്ഞ് 8,000  ഡോസ് വാക്സീൻ വേണമെന്നതിനാൽ രണ്ടു ദിവസം കൂടി നൽകാനുള്ള സ്‌റ്റോക്കാണ് ജില്ലയിലുള്ളത്.

കഴിഞ്ഞ ദിവസം എത്തിയ കോവിഷീൽഡിനു പുറമേ മേജർ ആശുപത്രികളിൽ സ്റ്റോക്കുണ്ടായിരുന്ന കോവാക്‌സീനും ഇന്നലെ ഉപയോഗിച്ചു. നാളെയും മറ്റന്നാളും കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകും. ഇന്ന് 5,000 ഡോസ് കോവിഷീൽഡ് കൂടി ജില്ലയിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതു കൂടി ലഭിച്ചാൽ രണ്ടു ദിവസം  നൽകാനുള്ള ഡോസ് ഉണ്ടാകും. രണ്ടാംഘട്ട വാക്സീൻ എടുക്കാനെത്തുന്നവർക്ക് മുൻഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ ‌ശ്രദ്ധിക്കൂ

∙ മാസ്ക് ധരിച്ചു മാത്രം  കുത്തിവയ്പ് കേന്ദ്രങ്ങളിൽ എത്തുക

∙ വാക്സീൻ എടുക്കുന്നതിനു മുൻപു കൈകൾ സാനിറ്റൈസ് ചെയ്യുക

∙ വാക്സീൻ കേന്ദ്രങ്ങളിൽ കൃത്യമായ അകലം പാലിക്കുക

∙ വാക്സീൻ സ്വീകരിച്ച ശേഷവും കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com