ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം ജില്ല കൂടുതൽ കർശന നടപടിയിലേക്ക് നീങ്ങുകയാണെന്നു കലക്ടർ എച്ച്. ദിനേശൻ. ജില്ലയിലെ നാലു അതിർത്തി ചെക് പോസ്റ്റുകളിൽ ആരോഗ്യ വകുപ്പ്, റവന്യു, പൊലീസ്, പഞ്ചായത്ത് തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ പരിശോധന ഊർജിതമായി നടക്കുകയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന തോട്ടം തൊഴിലാളികൾക്കു  രണ്ടോ മൂന്നോ  ദിവസം കൂടുമ്പോൾ കോവിഡ് പരിശോധന നടത്തും.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മാസ് കോവിഡ് പരിശോധന ഇന്നും നാളെയും കൂടി നടത്തും. എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തണമെന്നും കലക്ടർ പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നവർ, സെയിൽസ് ജീവനക്കാർ, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡ്രൈവർമാർ തുടങ്ങി പൊതു ജനങ്ങളുമായി അധികം ഇടപെടൽ നടത്തിയിട്ടുള്ളവരും പരിശോധനയ്ക്ക് വിധേയരാകണമെന്നു കലക്ടർ പറഞ്ഞു. കൂടാതെ പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിൽ കൂടുതൽ കോവിഡ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. 

 ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജില്ലയിലെ ആശുപത്രികളിൽ ആവശ്യത്തിന് ബെഡുകൾ, ഓക്സിജൻ തുടങ്ങിയവയുണ്ട്. ഇടുക്കി മെഡിക്കൽ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവയിൽ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ജില്ലയുടെ മറ്റു മേഖലകളിൽ പഞ്ചായത്തുമായി സഹകരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും കലക്ടർ പറഞ്ഞു.

എല്ലാവരും റജിസ്റ്റർ ചെയ്തതിനു ശേഷം വാക്സീനെടുക്കാൻ വരുന്നത് തിരക്ക് ഒഴിവാക്കാനാകുമെന്നും റജിസ്റ്റർ ചെയ്ത മുഴുവൻ ആളുകൾക്കും വാക്സീൻ നൽകുമെന്നും കലക്ടർ പറഞ്ഞു. ജില്ലയിൽ ശക്തമായ പരിശോധനകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി. സ്റ്റേഷനുകളിൽ അത്യാവശ്യ ഡ്യൂട്ടിക്കുള്ള പൊലീസുകാരെ ഒഴിച്ചു മറ്റുള്ളവരെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കർശന പരിശോധനയുടെ ഭാഗമാക്കിയിരിക്കുകയാണ്.

കൂടാതെ അതിർത്തി ചെക് പോസ്റ്റുകളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതോടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർക്ക് തൊട്ടടുത്ത പിഎച്ച്‌സിയിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഇ–പാസിനുള്ള റജിസ്ട്രേഷൻ സംവിധാനവും ചെക് പോസ്റ്റിലുണ്ട്.

 റജിസ്റ്റർ ചെയ്യാം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിനെയും പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും സഹായിക്കാൻ മനസ്സുള്ള യുവജന സന്നദ്ധ പ്രവർത്തകർ അടിയന്തരമായി ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയിൽ 9447865065 എന്ന വാട്സാപ് നമ്പറിലോ dyc.idukki@gmail.com എന്ന ഇ-മെയിലിലോ പേര് റജിസ്റ്റർ  ചെയ്യണമെന്ന് ജില്ലാ യൂത്ത് ഓഫിസർ കെ. ഹരിലാൽ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com