ADVERTISEMENT

തൊടുപുഴ∙ പി.ജെ. ജോസഫ് പത്താമതും നിയമസഭയിലെത്തുമ്പോൾ വിജയത്തിന് പത്തരമാറ്റ് തെളിച്ചമില്ല. പാട്ടും പാടി വിജയം–തൊടുപുഴ നിയോജകമണ്ഡലത്തിൽ പി.ജെ.ജോസഫ് നേടിയ മുൻ വിജയങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ, ഇക്കുറി പാട്ടിന്റെ ശ്രുതിയും താളവും അൽപം തെറ്റി. തൊടുപുഴയെന്നാൽ പി.ജെ.ജോസഫ് തന്നെയെന്ന് ഒരിക്കൽക്കൂടി ‘ഔസേപ്പച്ചൻ’ ഇന്നലത്തെ വിജയത്തോടെ അടിവരയിടുമ്പോഴും ഭൂരിപക്ഷത്തിലെ വൻ ഇടിവ് നിരാശയുണ്ടാക്കുന്നു.

കഴിഞ്ഞ തവണ 45,587 വോട്ടിന്റെ ഭൂരിപക്ഷമുള്ളിടത്ത് ഇത്തവണ 20,259 കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഭൂരിപക്ഷത്തിൽ പകുതിയിലധികം ഇടിവ്. എങ്കിലും സംസ്ഥാനത്താകെ വീശിയടിച്ച ഇടതു കൊടുങ്കാറ്റിൽ ഇടുക്കിയിൽ പിടിച്ചുനിന്നത് പി.ജെ. ജോസഫ് മാത്രമാണ്. പുറപ്പുഴ വയറ്റാട്ടിൽ പാലത്തിനാലിൽ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും ഏകമകനായ പി.ജെ.ജോസഫ് ഓരോ തവണയും വിജയത്തിനൊപ്പം ഭൂരിപക്ഷത്തിന്റെ കണക്കുകളും കൂട്ടിയെഴുതുന്നതായിരുന്നു ചരിത്രം.

1970ൽ യു.കെ.ചാക്കോയെ 1635 വോട്ടിനു പരാജയപ്പെടുത്തിയാണു തൊടുപുഴയിലെ വിജയക്കുതിപ്പിനു ജോസഫ് തുടക്കമിട്ടത്. ഇതിനുശേഷം നാലുതവണ തുടർച്ചയായി മണ്ഡലത്തിൽനിന്നു വിജയിച്ചു. 1996ൽ പി.ടി.തോമസിനെ തോൽപിച്ച് വീണ്ടും നിയമസഭയിലെത്തിയെങ്കിലും 2001ൽ പി.ടി.തോമസ് പരാജയത്തിനു പകരം വീട്ടി. 2006ൽ പി.ടി.തോമസിനെ തോൽപിച്ച ജോസഫ്, 2011ൽ ഇടതുസ്വതന്ത്രൻ പ്രഫ.ജോസഫ് അഗസ്റ്റിനെ 22,860 വോട്ടുകൾക്കാണു പരാജയപ്പെടുത്തി ഭൂരിപക്ഷം കൂട്ടിയത്. ഇതിനിടെ 1991ൽ ഇടുക്കി മണ്ഡലത്തിൽനിന്നു പാർലമെന്റിലേക്കു ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല.

എൽഡിഎഫ്–യുഡിഎഫ് മുന്നണികളിൽ മാറിമാറി നിന്ന ജോസഫ് മന്ത്രിയെന്ന നിലയിൽ പല വകുപ്പുകളും കൈകാര്യം ചെയ്തു. പാർട്ടി പിളർപ്പിനിടെ ചിഹ്നത്തിനും പാർട്ടിക്കുമായി നടത്തിയ കേസുകളിലെ തോൽവിയും ഒടുവിൽ പി.സി.തോമസിന്റെ ബ്രാക്കറ്റില്ലാ കേരള കോൺഗ്രസിലെ ലയനവും കഴിഞ്ഞ് തിരഞ്ഞെടുപ്പ് വിജയത്തിലെത്തുമ്പോഴും പക്ഷേ, വിജയത്തിന് പഴയ ശോഭയില്ല. ഇത്തവണ മത്സരിച്ച സ്ഥാനാർഥികളിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജോസഫാണ്. ജോസഫിന് ജൂണിൽ 80 വയസ്സ് തികയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com