ADVERTISEMENT

ഉടുമ്പൻചോലയിലെ വോട്ടെണ്ണലിന് ഇത്തവണ വൺ, ടൂ, ത്രീ താളമുണ്ടായിരുന്നു. മാലപ്പടക്കത്തിനു തിരികൊളുത്തിയപോലെ ഓരോ പഞ്ചായത്തിലും ഭൂരിപക്ഷം മുന്നോട്ട്. കൊലവിളി പ്രസംഗത്തിലൂടെയും എതിരാളികളുടെ മുഖത്തടിക്കുന്നതു പോലെയുള്ള മറുപടികളിലൂടെയും എന്നും വിവാദങ്ങൾക്കൊപ്പം നടന്നിരുന്ന നേതാവായിരുന്നു എം.എം.മണി. ഈ പ്രതിഛായ മാറ്റിയെടുക്കാൻ സാധിച്ചുവെന്നതാണു വൻഭൂരിപക്ഷത്തിനു കാരണമായത്.

വോട്ടെണ്ണലിനിടയിലും കല്യാണച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു എം.എം.മണി. രാവിലെ മുതൽ നെടുങ്കണ്ടത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ  മണിയുണ്ടായിരുന്നു. ഭൂരിപക്ഷം 20,000 കടക്കുന്നതിനിടെ, ഓഫിസിന്റെ എതിർവശത്തെ അർബൻ ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന വിവാഹച്ചടങ്ങിലേക്ക് അപ്രതീക്ഷിതമായി മണി എത്തി. മന്ത്രിയുടെ ഓഫിസിനു സമീപം മിൽമ ബൂത്ത് നടത്തുന്നയാളുടെ മകളുടെ വിവാഹമായിരുന്നു. എം.എം.മണിയെ ജനകീയനാക്കുന്നത് ഇത്തരം കാര്യങ്ങളാണ്.

അങ്ങനെയാണ് മണി ഇടുക്കിയുടെ ആശാനായത്. മന്ത്രിയാണെങ്കിലും ഏത് ആവശ്യത്തിനു വിളിച്ചാലും ഓടിയെത്തും. ഉടുമ്പൻചോലയിലെ വികസന പദ്ധതികൾ ചൂണ്ടിക്കാണിച്ചാണ് എൽഡിഎഫ് വോട്ട് ചോദിച്ചത്. സ്ഥാനാർഥിയെ തീരുമാനിക്കാൻ യുഡിഎഫിന് അവസാന ദിനം വരെ കാത്തിരിക്കേണ്ടി വന്നതിലും മണിയുടെ ജനകീയത മുഖ്യകാരണമാണ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയിട്ടും കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിൽ ഉണ്ടായ ചോർച്ച വരുംദിവസങ്ങളിൽ യുഡിഎഫിൽ ചർച്ചയാവും.

തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മുന്നേ മണ്ഡലത്തിനു പുറത്തെ എല്ലാ പരിപാടികളും അവസാനിപ്പിച്ചു മണി ഉടുമ്പൻചോലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 10 പഞ്ചായത്തുകളിലും വാർഡ്‌തലത്തിലും ബൂത്ത്‌തലത്തിലും സ്ഥാനാർഥിയെത്തി. ടൗണുകളിലും പറ്റാവുന്നത്ര വീടുകളിലും എം.എം.മണി നേരിട്ടെത്തി വോട്ട് അഭ്യർഥിച്ചു. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനവും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുമാണ് എം.എം.മണിയെ ചരിത്ര വിജയത്തിലേക്ക് എത്തിച്ചത്. 

ഇടുക്കിയിൽ പാർട്ടിയിലെ കരുത്തൻ

തുടർച്ചയായ രണ്ടാം ജയത്തിലൂടെ ഇടുക്കി സിപിഎമ്മിലെ കരുത്തൻ എന്ന സ്ഥാനത്തിനും മണി അടിവരയിടുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരത്തിനുണ്ടാവില്ലെന്നു പ്രചാരണം ഉണ്ടായിരുന്നു. അതോടെ മറ്റു നേതാക്കൾ ഉടുമ്പൻചോല സീറ്റിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, മണിക്ക് ഒരു പ്രാവശ്യം കൂടി അവസരം നൽകണമെന്നായിരുന്നു ഭൂരിപക്ഷം പ്രവർത്തകരുടെയും വികാരം. വിഎസ് പക്ഷക്കാരനായിരുന്നു, ഒരിക്കൽ മണി.

പിന്നീട് അവർ തമ്മിൽ സ്വരച്ചേർച്ചയില്ലാതായപ്പോൾ, പിണറായി പക്ഷത്തേക്കു മാറി. പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള മണിക്ക്, കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നൽകാൻ മുൻകൈ എടുത്തതും പിണറായി തന്നെ. മണിയെ മന്ത്രിയാക്കാൻ തീരുമാനിച്ചപ്പോൾ, പാർട്ടിക്കുള്ളിലെ ചിലരുടെ നെറ്റി ചുളിഞ്ഞു. വൈദ്യുതി പോലുള്ള പ്രധാന വകുപ്പ് മറ്റാരെയെങ്കിലും ഏൽപിക്കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പക്ഷേ, പിണറായിക്ക് മണിയെ അത്ര വിശ്വാസമായിരുന്നു. ഏൽപിച്ച ചുമതല മണി ഭംഗിയായി നിറവേറ്റി. ഇത്തവണ ഉജ്വല ജയം കൂടിയായതോടെ ജില്ലയിൽ പാർട്ടിയുടെ അവസാന വാക്കായി മാറിക്കഴി‍ഞ്ഞു.

കാത്തിരുന്ന് മന്ത്രിപദം

എം.എം.മണി വീണ്ടും മന്ത്രിപദവിയിലേക്കെന്ന് ഉറപ്പായിക്കഴിഞ്ഞു. പൊതുമരാമത്തും വൈദ്യുതി വകുപ്പും പരിഗണനയിലുണ്ട്. വൈദ്യുതി വകുപ്പ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോയതു മണിയുടെ ഭരണമികവെന്നു പാർട്ടി വിലയിരുത്തലുണ്ട്. ഇക്കാര്യം പരിഗണിച്ചു മന്ത്രിസഭയിൽ നിർണായക വകുപ്പു നൽകുമെന്നാണു പാർട്ടി കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. പൊതുമരാമത്ത് വകുപ്പു മികച്ച രീതിയിൽ കൊണ്ടുപോകാൻ മണിക്ക് കഴിയുമെന്ന ധാരണ പാർട്ടിക്കുണ്ട്. മലയോര മേഖല കേന്ദ്രീകരിച്ചു വമ്പൻ റോഡ് പദ്ധതികൾ നടപ്പാക്കാനും സർക്കാരിനു പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com