ADVERTISEMENT

തൊടുപുഴ ∙ ആരോഗ്യ പരിപാലനം അടുത്ത ഘട്ടത്തിലേക്കു നീങ്ങുമ്പോൾ നഴ്സിങ്ങിന്റെ പരിണാമം എങ്ങനെയായിരിക്കുമെന്ന ചോദ്യമാണു രാജ്യാന്തര നഴ്സസ് ദിനത്തിന്റെ ആപ്ത വാക്യം. ലോകം നഴ്സിങിന്റെ അടുത്ത തലത്തിലേക്കു ചുവടു വയ്ക്കുമ്പോൾ ഇന്ത്യയിൽ ഇന്നും ചെയ്യുന്ന ജോലിക്കു തക്കതായ പ്രതിഫലം ലഭിക്കാത്ത പ്രഫഷനുകളിൽ ഒന്നാണു നഴ്സിങ് എന്നതാണു യാഥാർഥ്യം. സഹജീവിയോടുള്ള കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കഥകൾ പകർത്തിയെഴുതാൻ കഴിയുന്ന ഒട്ടേറെ മുഖങ്ങൾ നമുക്കു ചുറ്റുമുണ്ട്. കോവിഡിനെതിരെ പടപൊരുതാൻ പിപിഇ കിറ്റുകൾക്കുള്ളിൽ വെന്തുരുകുന്നവർ മുതൽ വാക്സീൻ ഡ്യൂട്ടിയിൽ പകലന്തിയോളം പണിയെടുക്കുന്നവർ വരെ ആ കൂട്ടത്തിലുണ്ട്. 

അനുര ജോബി
അനുര ജോബി

പിപിഇ കിറ്റിനുള്ളിലെ കണ്ണീർ നനവ്

കോവിഡിന്റെ തുടക്കം മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുകയാണ് കുടയത്തൂർ സ്വദേശി അനുര ജോബി. പിപിഇ കിറ്റുകൊണ്ട് ദേഹം മുഴുവൻ പൊതിഞ്ഞു കെട്ടിയാണ് കോവിഡ് വാർഡിൽ കയറുന്നതെങ്കിലും ശബ്ദം കൊണ്ട് മിക്ക രോഗികളും തങ്ങളെ തിരിച്ചറിയുമെന്ന് അനുര പറയുന്നു. ഡ്യൂട്ടിക്കിടയിലെ ഏറ്റവും വലിയ ഞെട്ടൽ കോവിഡ് മരണങ്ങളാണ്. തലേന്ന് രാത്രിവരെ കൂടെ കഥപറഞ്ഞും കോവിഡ് ഭേദമാകുന്ന കാര്യങ്ങൾ പറഞ്ഞും ചിരിച്ചുകളിച്ചിരുന്നിട്ട് പിറ്റേന്നത്തെ ഷിഫ്റ്റിന് എത്തുമ്പോൾ കാത്തിരിക്കുന്നത് ഒഴി‍ഞ്ഞ കിടക്കയായിരിക്കും. 

പത്തോളം മരണങ്ങളാണ് ഇങ്ങനെ പിടിച്ചു കുലുക്കിയത്. ഇപ്പോൾ വെറുമൊരു മരവിപ്പ് മാത്രമായി മരണവാർത്തകൾ. എങ്കിലും ഷിഫ്റ്റ് കഴിഞ്ഞ് യാത്രപറഞ്ഞിറങ്ങുമ്പോൾ പ്രാർഥിക്കുന്നത് തിരിച്ചുവരുമ്പോൾ അവർക്ക് ഒന്നും സംഭവിക്കരുതേ എന്നാണ്.  ചെറിയ കുട്ടികളുള്ള പലരുടെയും കഥകൾ കേട്ടു പിപിഇ കിറ്റിനുള്ളിൽ നിന്നു കരഞ്ഞിട്ടുണ്ട്– അനുര പങ്കുവയ്ക്കുന്നു. 

ടിന്റു വർഗീസ്
ടിന്റു വർഗീസ്

ബസിൽ  അടുത്തിരിക്കാൻ മടിച്ചവർ

ആദ്യമായി നഴ്സ് ഡ്യൂട്ടിയിൽ കയറിയ രണ്ടാമത്തെ മാസം മുതൽ കോവിഡ് ഡ്യൂട്ടി ചെയ്യുകയാണ് ചെമ്പകപ്പാറ പിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് ടിന്റു വർഗീസ്. പിപിഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നത് തുടക്കത്തിൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു ടിന്റുവിന്. എന്നാൽ അതിലും വിഷമം കോവിഡിന്റെ ആദ്യകാലത്ത് ആളുകളിൽ നിന്ന് നേരിടേണ്ടിവരുന്ന പെരുമാറ്റമാണ് എന്ന് ടിന്റു പറയുന്നു. കട്ടപ്പനയിലെ വീട്ടിൽ നിന്ന് ചെമ്പകപ്പാറ ആശുപത്രിയിലേക്ക് എന്നും ബസിലായിരുന്നു പോയിവന്നിരുന്നത്. ബസിൽ കയറിയാൽ, നഴ്സ് ആണെന്ന് അറിയാവുന്നതിനാൽ സഹയാത്രികർ അടുത്തിരിക്കാൻപോലും മടിച്ചിരുന്ന സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് പയ്യെപ്പയ്യെ അതൊക്കെ മാറി. 

സോഫിയ വർഗീസ്
സോഫിയ വർഗീസ്

തിരക്കുകളിലേക്ക് മടങ്ങാൻ ഒരുങ്ങി

കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽ വീട്ടിൽ വിശ്രമിക്കുമ്പോഴും 17 ദിവസം കഴിയുമ്പോൾ ആശുപത്രിയിലെ തിരക്കുകളിലേക്കു മടങ്ങാൻ തയാറെടുക്കുകയാണ് വാത്തിക്കുടി സിഎച്ച്സിയിലെ സ്റ്റാഫ്‌ നഴ്സായ സോഫിയ വർഗീസ്. ഇതിനോടകം പത്ത് ദിവസം വീതമുള്ള നാല് ഡ്യൂട്ടി ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മൂന്നു പ്രാവശ്യവും രോഗം പിടിപെടാതെ ഡ്യൂട്ടി പൂർത്തിയാക്കിയെങ്കിലും ഇടുക്കി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിലെ കഴിഞ്ഞ തവണത്തെ ഡ്യൂട്ടിക്കിടയിൽ രോഗം പിടികൂടി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ രോഗം ഭർത്താവ് ഭൂമിയാംകുളം കലയത്തിനാൽ ബിജുവിനും പകർന്നു കിട്ടിയെന്ന് സോഫിയ പറയുന്നു. മൂന്നു ചെറിയ മക്കളെ ഭർതൃസഹോദരിയുടെ സംരക്ഷണയിലാക്കി ആയിരുന്നു കോവിഡ് ഡ്യൂട്ടിക്ക് പോയിരുന്നത്. 

പാപ്പാ, ഭർത്താവ് െഹൻറി, മക്കളായ അനന്യ, അനൻ
പാപ്പാ, ഭർത്താവ് െഹൻറി, മക്കളായ അനന്യ, അനൻ

കരുത്തു ചോരാതെ പാപ്പാ ഹെൻറി

കഴിഞ്ഞ നഴ്സസ് ദിനത്തിൽ ആരോഗ്യമന്ത്രിയുടെ ഫോണിലേക്ക് വിളിച്ചു കേരളത്തിൽ എവിടെ വേണമെങ്കിലും പോയി ഞാൻ കോവിഡ് ഡ്യൂട്ടി ചെയ്യുവാൻ തയാറാണെന്നു പറഞ്ഞ കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് പാപ്പാ വർഷം ഒന്നു പിന്നിടുമ്പോൾ അന്നു പറഞ്ഞ വാക്കുകൾ നെഞ്ചിലേറ്റി അതേ അർപ്പണമനോഭാവത്തോടെ ആത്മവിശ്വാസത്തോടെ ഇന്നും കോവിഡ് പോരാട്ടത്തിൽ പങ്കാളിയാകാൻ രംഗത്തുണ്ട്. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ഭർത്താവ് ഹെൻറിയും ഒപ്പമുണ്ട്.

പാപ്പായുടെ മാതാവ് കോവിഡ് ബാധിച്ചാണു മരിച്ചത്. ജോലിക്കിടെ പാപ്പായും കോവിഡ് പോസിറ്റീവായി. കോവിഡ് വാർഡിലെ ഡ്യൂട്ടി, പിന്നെ ക്വാറന്റീനിലും അങ്ങനെ ആഴ്ചകളോളം വീട്ടിൽ വരാൻ കഴിഞ്ഞില്ല . ജോലിത്തിരക്കിനിടെ ഹെൻറിക്കും മിക്ക ദിവസങ്ങളിലും വീട്ടിൽ എത്താൻ സാധിക്കുകയില്ല. ഇതു മൂലം മക്കളായ അനന്യ, അനൻ എന്നിവരുടെ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് ഈ മാതാപിതാക്കൾ പറയുന്നു. 

പി.ആർ. അമ്മു
പി.ആർ. അമ്മു

ആദ്യ രോഗി എത്തിയത് മുതൽ അമ്മു കൂടെയുണ്ട്

കഴിഞ്ഞ വർഷം മാർച്ച് 25 നു തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ആദ്യ കോവിഡ് രോഗി എത്തുമ്പോൾ ഐസലേഷൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സാണ് തൊണ്ടിക്കുഴ സ്വദേശിനി പി.ആർ. അമ്മു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഈ സമയത്തും കോവിഡ് വാർഡിൽ രോഗികൾക്കു കരുതലായി ഈ നഴ്സുണ്ട്. മാസത്തിൽ രണ്ടാഴ്ച  കോവിഡ് ഐസലേഷൻ വാർഡിലാണു അമ്മുവിനു ഡ്യൂട്ടി. ദിവസം 5 മണിക്കൂറാണ് ഡ്യൂട്ടി സമയം എങ്കിലും  രോഗികളുടെ എണ്ണം കൂടുതലായതിനാൽ  6–7 മണിക്കൂർ വരെ ഡ്യൂട്ടി ചെയ്യേണ്ടിവരും. പിപിഇ കിറ്റിനുള്ളിലാണ് ഈ മണിക്കൂറുകളിലെല്ലാം. 

റാണി റോഷി
റാണി റോഷി

കോവിഡിന്റെ ആദ്യ ദിനങ്ങൾ ഓർമിച്ചു റാണി റോഷി

കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്ത നാളുകളിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ജീവനക്കാരെല്ലാം ഭീതിയിലായ കാര്യം ഓർമിക്കുകയാണ് അവിടെ നഴ്സായ റാണി റോഷി. കാൻസർ രോഗത്തിനെതിരെ അതിജീവനം നടത്തുന്നവരിൽ ആർക്കെങ്കിലും കോവിഡ് വന്നാൽ ആശുപത്രിയിൽ സംഭവിക്കാവുന്ന ഭീകരാവസ്ഥ  മുന്നിലുണ്ടായിരുന്നു. മറ്റ് രോഗികളിൽ നിന്നും വ്യത്യസ്തമായി പ്രതിരോധ ശേഷി കുറഞ്ഞവരും അണുബാധ പെട്ടെന്ന് വന്നേക്കാവുന്നവരുമാണ് ആർസിസിയിൽ ചികിത്സയിലുള്ളത്.

അതു കൊണ്ടു തന്നെ ആരോഗ്യ വകുപ്പുമായി ആലോചിച്ച് അധികൃതർ ആദ്യ ഘട്ടത്തിൽ തന്നെ ആശുപത്രിയിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി. സന്ദർശനാനുമതി പൂർണമായി നിരോധിച്ചു.  ഇതിനിടയിൽ ഇടുക്കിയിൽ കോവിഡ് രോഗിയുമായി സമ്പർക്കം വന്നതിനെ തുടർന്ന് ഭർത്താവ് റോഷി അഗസ്റ്റിൻ എംഎൽഎ ക്വാറന്റീനിൽ ആയി. കോവിഡിന്റെ രണ്ടാം വരവിലും ആർസിസി നിതാന്ത ജാഗ്രതയിലാണെന്നും റാണി റോഷി പറയുന്നു.

ഷീമോൾ ലാൽ
ഷീമോൾ ലാൽ

കോവിഡ് ഡ്യൂട്ടിയെക്കുറിച്ച് അറിയാത്ത ആ കാലം

ഒരു വർഷം മുൻപ് തൊടുപുഴ ജില്ല ആശുപത്രിയിൽ  കോവിഡ് വാർഡ് ആരംഭിച്ചത്  മുതൽ ഇപ്പോഴും അതേ വാർഡിൽ ഡ്യൂട്ടി ചെയ്യുന്ന സ്റ്റാഫ് നഴ്സും കെജിഎൻഎ ജില്ല പ്രസിഡന്റുമായ ഷീമോൾ ലാൽ ഒരു വർഷം മുൻപുള്ള അവസ്ഥയും ഇപ്പോഴത്തെ സാഹചര്യവും വിലയിരുത്തുകയാണ്. കഴിഞ്ഞ വർഷം സാധാരണ ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് ആശുപത്രിയിൽ നിന്നു വിളി വന്നത്. പിറ്റേന്നു മുതൽ കോവിഡ് വാർഡിൽ തുടർച്ചയായി 14 ദിവസം ജോലി നോക്കണമെന്നായിരുന്നു അത്.

എങ്ങനെയാണ് കോവിഡ് ഡ്യൂട്ടി ചെയ്യുക എന്നോ ഐസലേഷൻ വാർഡിലെ കാര്യങ്ങൾ എന്താണെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു.അന്ന് 14 ദിവസം ഡ്യൂട്ടിയും തുടർന്ന് 14 ദിവസം ക്വാറന്റീനുമായിരുന്നു. ഇപ്പോൾ ഇത് 7 ദിവസമായി കുറച്ചു. 7 ദിവസം ഡ്യൂട്ടി കഴിഞ്ഞ് 3 ദിവസം ഇപ്പോൾ ഓഫ് ലഭിക്കും. വീണ്ടും ഡ്യൂട്ടി. ഒരു വർഷത്തിനിടെ ജില്ലയിലെ 58 സ്റ്റാഫ് നഴ്സുമാർ കോവിഡ് പോസിറ്റീവ് ആയി.  കരിമണ്ണൂർ സ്വദേശിയായ ഷാമോളുടെ ഭർത്താവ് പി.രാധാകൃഷ്ണൻ കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. ആദി ശങ്കർ, ആദി കൃഷ്ണ എന്നിവരാണ് മക്കൾ.

എസ്തേർ തോമസ്
എസ്തേർ തോമസ്

രോഗമുക്തി എന്ന സന്തോഷം

കോവിഡ് വാർഡിൽ കഴിയുന്ന ഓരോ രോഗിയെയും തന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് കരുതിയാണ് പരിചരിക്കുന്നതെന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ് എസ്തേർ തോമസ് പറയുന്നു. കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ഓരോ രോഗിയും രോഗമുക്തരായി മാറുമ്പോൾ ഇവരെ പരിചരിച്ച ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു വർഷത്തിലേറെയായി തൊടുപുഴ ജില്ല ആശുപത്രിയിലെ കോവിഡ് വാർഡിൽ  ജോലി നോക്കുകയാണ് പൂമാല സ്വദേശിയായ എസ്തേർ തോമസ്. ഇപ്പോൾ തുടർച്ചയായി 5 മണിക്കൂർ വീതം 7 ദിവസം മാസത്തിൽ  2 തവണ കോവിഡ് വാർഡിലാണ് ജോലി ചെയ്യുന്നത്. 

നെടുങ്കണ്ടം താലുക്ക് ആശുപത്രിയിലെ നഴ്സുമാർ
നെടുങ്കണ്ടം താലുക്ക് ആശുപത്രിയിലെ നഴ്സുമാർ

നിറവയറുമായി അവരെ മടക്കിയില്ല

കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനു സൗകര്യമില്ലെങ്കിലും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിയ ആ നാലു ഗർഭിണികളെയും മടക്കി അയയ്ക്കാൻ അവർക്കു മനസ്സു വന്നില്ല. പ്രസവത്തിനു മണിക്കൂറുകൾക്കു മുൻപു കോവിഡ് സ്ഥിരീകരിച്ച 4 ഗർഭിണികളുടെയും പ്രസവമെടുത്തത് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്ന സി.എസ്.ശ്രീദേവി, നഴ്സുമാരായ ജൂലി ജോർജ്‌, വി.കെ.സുമ, ബി.എസ്. അബില, വി.നസിയ, എ. സത്യപ്രിയ, എസ്.സൗമ്യമോൾ എന്നിവരാണ്. ആശുപത്രിയിൽ എത്തിയ ശേഷം നടത്തിയ ആന്റിജൻ ടെസ്റ്റിലാണു പൂർണ ഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് ബാധിച്ചുവെന്നു കണ്ടെത്തിയത്.

ആശുപത്രിയുടെ സമീപത്തുള്ള ഇടുക്കി രൂപത വിട്ടുനൽകിയ കരുണ ആശുപത്രിയിലാണ് കോവിഡ് രോഗബാധിതർക്കുള്ള ചികിത്സ. പൂർണ ഗർഭിണികളായെത്തിയ 4 പേരെയും അവിടേക്ക് കൊണ്ടു പോകുന്നത് ദുഷ്കരമായതോടെ നഴ്സിങ് സൂപ്രണ്ട് ശ്രീദേവി മുൻകൈയെടുത്ത് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ തന്നെ സൗകര്യമൊരുക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളത് ഒരു ലേബർ റൂമാണുള്ളത്. അതീവ സുരക്ഷയോടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും 4 പ്രസവങ്ങളും സുരക്ഷിതമായി നടത്തി. ശസ്ത്രക്രിയയ്ക്കു ശേഷം ലേബർ റൂമും ഉപകരണങ്ങളും അണുനശീകരണം നടത്തിയ ശേഷമാണ് വീണ്ടും തുറന്നത്. നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ജോലിക്കു ശേഷം കരുണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ഇവർ ജോലിക്കായെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com