ADVERTISEMENT

കട്ടപ്പന ∙ മകൾക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പിതാവ് ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ  കണ്ണുനീർ തോരുന്നില്ല. മകൾ ധന്യയുടെ മരണത്തിന് കണക്കു ചോദിക്കുന്ന അച്ഛന്റെ കണ്ണുനീരാണത്. ധന്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ വിജയം കണ്ടത് ഈ അച്ഛന്റെ പോരാട്ടമാണ്. 2019 നവംബർ ഒൻപതിനായിരുന്നു അമലിന്റെയും ധന്യയുടെയും വിവാഹം.

27 പവൻ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും വീട്ടിലേക്ക് ഫർണിച്ചറുമെല്ലാം നൽകിയാണ് വിവാഹം നടത്തിയത്. ധന്യയുടെ ആഗ്രഹ പ്രകാരം ഉപരിപഠനത്തിന് അനുവദിക്കണമെന്ന ആവശ്യവും അമൽ സമ്മതിച്ചിരുന്നു. എന്നാൽ, വിവാഹശേഷം എല്ലാം തകിടം മറിഞ്ഞു. രക്ഷിതാക്കളെ ഫോൺ ചെയ്യുന്നതു പോലും അമൽ സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് ജയപ്രകാശ് പറയുന്നു.

മൂത്തസഹോദരിക്ക് ഫോൺ സന്ദേശം അയച്ചാലും സംശയമായിരുന്നു. ചിലപ്പോൾ മദ്യപിച്ചശേഷം മർദിക്കുകയും ചെയ്തു. ദേഹത്ത് പലയിടത്തും മുറിവുകളും ഉണ്ടായി. എന്നാൽ ഇതൊന്നും മാതാപിതാക്കളെ അറിയിക്കാതെയാണ് ധന്യ കഴിഞ്ഞിരുന്നത്. ഉപദ്രവം വർധിച്ചതോടെ വീട്ടിൽ എത്തി ഇക്കാര്യങ്ങൾ മാതാപിതാക്കളോട് പറയുകയായിരുന്നു. ഒരു കുഞ്ഞു പിറന്നാൽ കാര്യങ്ങളിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു ധന്യ.

എന്നാൽ കുഞ്ഞു ജനിച്ച ശേഷം തന്റെ ഭർതൃഗൃഹത്തിൽ മരണത്തിനു കീഴടങ്ങാനായിരുന്നു വിധി. മരിക്കുന്നതിന്റെ ഒരാഴ്ച മുൻപ് വീട്ടിൽ എത്തിയപ്പോഴും ധന്യ ഭർത്താവിന്റെ വീട്ടിലെ ദുരവസ്ഥ മാതാപിതാക്കളോട് പറഞ്ഞിരുന്നു. മേസ്തിരിപ്പണി ചെയ്യുന്ന ഭർതൃപിതാവ് രാവിലെ പോകുന്നതിനു മുൻപ് ഭക്ഷണം തയാറാക്കാൻ പുലർച്ചെ 4.30ന് ഭർതൃമാതാവിനൊപ്പം എഴുന്നേറ്റ് ജോലികൾ ചെയ്യാത്തതിനു പോലും മാനസിക പീഡനം ഏൽക്കേണ്ടി വന്നെന്ന് മകൾ പറഞ്ഞിരുന്നതായി ജയപ്രകാശ് പറഞ്ഞു.

മരിക്കുന്നതിന്റെ തലേദിവസം ധന്യ ഉച്ചകഴിഞ്ഞ് വിളിച്ചപ്പോഴും വീട്ടിൽ വഴക്കാണെന്ന് പറഞ്ഞു. ഇതേക്കുറിച്ച് ചോദിക്കാനായി പിറ്റേന്ന് അവിടേക്കു പോകാനിരിക്കെയാണ് രാവിലെ 7ന് ഭർതൃമാതാവ് വിളിച്ച് ധന്യ തൂങ്ങിമരിച്ചെന്ന് പറയുന്നത്. ഉടൻതന്നെ അവിടെ എത്തിയെങ്കിലും മകൾ വീട്ടിൽ ഉണ്ടായിരുന്നില്ല. അമലിന്റെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നു.

അവരോട് ചോദിച്ചപ്പോൾ, ധന്യയ്ക്ക് ജീവൻ ഉണ്ടായിരുന്നതിനാൽ സമീപവാസികൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. ഇത് സംശയത്തിന് ഇടയാക്കി. മകൾ തൂങ്ങിയതെന്ന് പറയുന്ന ജനലിൽ തൂങ്ങിമരിക്കാൻ കഴിയില്ലെന്ന സംശയവും പൊലീസിൽ പരാതി നൽകാൻ പ്രേരിപ്പിച്ചു.

പിന്നീട് എല്ലാ ദിവസവും പൊലീസിനെ വിളിച്ച് വിവരം അന്വേഷിക്കുകയും കഴിയുന്നത്ര തെളിവുകൾ ശേഖരിച്ചു നൽകുകയും ചെയ്തു ഈ അച്ഛൻ. ഒടുവിൽ മകളുടെ മരണത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉദിച്ചിരിക്കുകയാണെന്ന് ജയപ്രകാശ് പറയുന്നു. 

ധന്യ പോയത് പഠനം ബാക്കിയാക്കി 

ചേറ്റുകുഴി ∙ പഠനം പൂർത്തിയാക്കി ജോലി നേടുകയെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ധന്യ ഓർമയായത്. ഭർതൃഗൃഹത്തിന്റെ പീഡനം അസഹ്യമായതാണ് അത്തരമൊരു തീരുമാനത്തിലേക്ക് ധന്യയെ നയിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്. ചെറുപ്പം മുതൽ നന്നായി പഠിച്ചിരുന്ന കുട്ടിയാണ് ധന്യ. ഏഴാം ക്ലാസ് വരെ കൊച്ചറ എംജിഎം സ്‌കൂളിലും ഹൈസ്‌കൂൾ കാലത്ത് കുഴിത്തൊളു ദീപ ഹൈസ്‌കൂളിലുമായിരുന്നു പഠനം.

വണ്ടൻമേട് എംഇഎസ് എച്ച്എസ്എസിൽ നിന്നാണ് പ്ലസ്ടു പാസായത്. ജോലി സാധ്യത ഏറെയുണ്ടെന്ന് പറഞ്ഞായിരുന്നു നെടുങ്കണ്ടം എംഇഎസ് കോളജിൽ ബിഎസ്‌സി മാത്തമാറ്റിക്‌സ് കോഴ്‌സിനു ചേർന്നത്. സ്‌കോളർഷിപ് ഉൾപെടെ ലഭിക്കുകയും ചെയ്തിരുന്നു. ബിരുദാനന്തര ബിരുദ കോഴ്സിനു ചേരണമെന്ന ആഗ്രഹവും ധന്യ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് വിവാഹ ആലോചനകൾ ആരംഭിച്ചത്.

ഉപരിപഠനത്തിൽ എതിർപ്പില്ലെന്ന് അമൽ ഉറപ്പു നൽകിയതോടെയാണ് വിവാഹം നടത്തിയത്. എന്നാൽ, പിജി കോഴ്സിനു ചേരുന്നതിൽ ഭർതൃവീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായാണ് ധന്യയുടെ കുടുംബാംഗങ്ങൾ പറയുന്നത്.

അമലിന് പോകാൻ പറ്റാത്ത സാഹചര്യങ്ങളിൽ പരീക്ഷ എഴുതിക്കാനും മറ്റുമായി മകളെ കോളജിൽ കൊണ്ടുപോയിരുന്നതായി ധന്യയുടെ പിതാവ് ജയപ്രകാശ് പറയുന്നു. കുട്ടി ജനിച്ചശേഷം ശരിയായ രീതിയിൽ പഠിക്കാൻ ധന്യക്ക് കഴിഞ്ഞിരുന്നില്ല. പരീക്ഷ അടുത്തു വരുന്ന സമയത്തായിരുന്നു മരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com