അഞ്ചുനാട്ടിലെ വിജയം: എക്സൈസിനിരിക്കട്ടെ കുതിരപ്പവൻ

SHARE

മറയൂർ ∙ അഞ്ചുനാട് മേഖലയിലെ വിദ്യാർഥികളുടെ മികച്ച വിജയത്തിനു പിന്നിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നിശബ്ദ സാന്നിധ്യം.കഴിഞ്ഞ വിദ്യാഭ്യാസ വർഷം കോവിഡ് ലോക് ഡൗൺ മൂലം സ്‌കൂളുകളിലെത്തി പുസ്തകം വാങ്ങാൻ കഴിയാത്ത ദേവികുളം താലൂക്കിലെ 60 ലധികം കുടികളിലെ 350ൽ അധികം കുട്ടികളുടെ പുസ്തകമാണ്  ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിച്ച് നൽകിയത്. 

ഇടമലക്കുടിയും മറയൂർ മേഖലയിലെ വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്ന വിദൂര കുടികളിലും വാഹനം എത്തിച്ചേരാത്ത കുടികളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ തലച്ചുമടായാണ് പുസ്തകം എത്തിച്ച് നൽകിയത്. ആലാംപെട്ടി കുടിയിൽ സന്ദർശനം നടത്തിയപ്പോൾ ലോക്ഡൗൺ കാരണം കുട്ടികൾക്ക് പുസ്തകം ലഭ്യമായിട്ടില്ലന്നു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് സ്‌കൂളുകളിൽ നിന്ന് പുസ്തകങ്ങൾ കുടികളിലെത്തിച്ചു നൽകുന്ന ആശയം രൂപപ്പെട്ടത്. 

ഫുൾ എപ്ലസ് നേടിയ  ആലാംപെട്ടി കുടിയിൽ നിന്നുള്ള ദിവ്യക്ക് രണ്ട് വർഷവും പുസ്തകം എത്തിച്ച് നൽകാൻ സാധിച്ചത് ഏറെ സന്തോഷം പകരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2017 നവംബർ മുതൽ അടിമാലിയിൽ പ്രവർത്തിച്ചു വരുന്ന ജനമൈത്രി എക്‌സൈസ് ആദിവാസി മേഖലയിൽ സജീവമായ ഇടപെടലുകളാണ് നടത്തി വരുന്നത്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടൊപ്പം ആദിവാസി സമൂഹത്തിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുസ്തക വിതരണം കൂടാതെ കുടികളിൽ നിന്നു പ്ലസ് ടു പാസായ 16  കുട്ടികൾക്ക് വിവിധ കോളജുകളിൽ ഡിഗ്രി അഡ്മിഷൻ ലഭ്യമാക്കി നൽകി. 16 കുട്ടികൾക്കും പഠനാവശ്യത്തിന് മൊബൈൽ ഫോണുകളും നൽകി.

ട്രൈബൽ കുട്ടികൾക്കായി ഓഫിസിൽ നടത്തി വരുന്ന പിഎസ്‌സി. കോച്ചിങ് ക്യാംപ് , അടിമാലിയിൽ സംഘടിപ്പിച്ച ഫുട്‌ബോൾ പരിശീലന ക്യാംപ്, പരമ്പരാഗത കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാവൽമാടം പദ്ധതി, സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന സ്ത്രീ ശുചിത്വം പദ്ധതി തുടങ്ങിയവയും ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

കോവിഡ് രണ്ടാം തരംഗത്തിൽ കുടികളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ മാസങ്ങളിലായി ആയിരത്തോളം കുടുംബങ്ങളിൽ ഭക്ഷ്യ സഹായവും ജനമൈത്രി എക്‌സൈസ് എത്തിച്ചു നൽകിയിരുന്നു. ഈ വർഷവും പുസ്തകങ്ങൾ എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്ലസ്ടു, ഡിഗ്രി  പ്രവേശനത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സുനിൽരാജിന്റെ നേതൃത്വത്തിൽ രണ്ട് പ്രിവന്റീവ് ഓഫിസർമാർ മൂന്ന് സിവിൽ എക്‌സൈസ് ഓഫിസർ ഒരു വനിത സിവിൽ എക്‌സൈസ് ഓഫിസർ എക്‌സൈസ് ഡ്രൈവർ എന്നിവർ അടങ്ങിയ സംഘമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA